വളന്റിയർമാരെ നയിക്കാൻ ഐഷ നാസിയ
text_fieldsകൊച്ചി: മെക്കാനിക്കൽ എൻജിനീയറിങ്ങാണ് ഐഷ നാസിയ നാസിർ മായിൻ പഠിച്ചത്. നിലവിൽ ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിെൻറ കൊച്ചിയിലെ സീനിയർ എൻജിനീയർ. പക്ഷേ, ഫുട്ബാൾ ആരവങ്ങൾക്ക് ചെവികൊടുക്കാതിരിക്കാൻ ഐഷക്കാവില്ല. കൗമാര ലോകകപ്പിന് കൊച്ചി വേദിയാകുമ്പോൾ കാണികൾക്കും ടീം ഒഫിഷ്യൽസിനും സഹായങ്ങളുമായെത്തുന്ന വളൻറിയർമാരെ നയിച്ച് ഈ കോഴിക്കോട് സ്വദേശിനി സ്റ്റേഡിയത്തിലുണ്ടാവും.
241 വളൻറിയർമാരാണ് കൊച്ചിയിലുള്ളത്. കൊച്ചി ഉൾപ്പെടെ ആറ് വേദിയിലായി രണ്ടുമാസത്തെ പരിശീലനം പൂർത്തിയാക്കിയശേഷമാണ് സംഘം വളൻറിയർ കുപ്പായമണിയുന്നത്. വിവിധ വിഭാഗങ്ങളിലായി നാൽപതോളം സ്റ്റാഫിൽ വയൻറിയേഴ്സ് ഓഫിസറാണ് ഐഷ. ഓപറേഷൻ വിഭാഗം ഒാഫിസറായ ഡൽഹി മലയാളി മാധവിയാണ് സംഘത്തിലെ മറ്റൊരു പെൺതരി. ചെന്നൈയിലെ സ്കൂൾ പഠനകാലത്ത് ഐഷക്ക് ഹാൻഡ്ബാളിനോടായിരുന്നു പ്രിയം.
എന്നാൽ, അപകടത്തിൽ പരിക്കേറ്റ് ശസ്ത്രക്രിയയൊക്കെ വേണ്ടിവന്നതിനാൽ പിന്നീട് ഹാൻഡ്ബാൾ കളിക്കാനിറങ്ങിയിട്ടില്ല. അതിനിടെയെപ്പോഴോ ഫുട്ബാളിനെ ഇഷ്ടപ്പെട്ടുതുടങ്ങി. കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജിലെ പഠനശേഷം ഗുജറാത്തിലെ ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് കമ്പനിയിൽ ജോലി. മലയാളിയെന്ന പരിഗണനയിൽ കൊച്ചിയിലേക്ക് മാറ്റം കിട്ടി. ഐ.എസ്.എല്ലിെൻറ ആദ്യ സീസണിൽ വളൻറിയറായി ഫുട്ബാൾ മത്സരവേദിയിലെത്തി. 2015ലെ ദേശീയ ഗെയിംസിൽ ആയിരത്തോളം വളൻറിയർമാരുടെ ടീം ലീഡർ ആയിരുന്നു ഐഷ.
2017ൽ സൂറിച്ചിൽ നടന്ന കായികരംഗത്ത് സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച ഫിഫ കോൺഫറൻസിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്തു. ജനുവരി മുതൽ അണ്ടർ 17 ലോകകപ്പിെൻറ മിഷൻ ഇലവൻ മില്യൻ സംസ്ഥാന കോഒാഡിനേറ്ററായി പ്രവർത്തിച്ചു. ആഗസ്റ്റിലാണ് വളൻറിയർ ഓഫിസറായി ചേർന്നത്. കോഴിക്കോട് കൊറ്റമ്പലം നാസിർ മായിൻ-അത്തിയ ദമ്പതികളുടെ മകളാണ് ഐഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.