അണ്ടർ 17 ലോകകപ്പിൽ ഇന്ത്യക്ക് അവസാന ഗ്രൂപ് പോരാട്ടം
text_fieldsന്യൂഡല്‍ഹി: ദുര്‍ബലരെന്ന് മുദ്രകുത്തിയെത്തി പോരാളികളുടെ പടച്ചട്ടകെട്ടിയ ഇന്ത്യക്ക് അണ്ടര്‍ 17 ലോകകപ്പ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിെൻറ ഗ്രൂപ് എയില്‍ ഇന്ന് അവസാന പോര്. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ പുല്‍ത്തകിടികളെ തീ പിടിപ്പിച്ച കളിയിലൂടെ ഗാലറികളില്‍ ആവേശത്തിെൻറ പെരുമ്പറ തീര്‍ത്ത ആതിഥേയരുടെ കൗമാരക്കൂട്ടത്തിന് വ്യാഴാഴ്ച രാത്രി എട്ടിന് ഘാനയാണ് എതിരാളി. പോയെൻറാന്നുമില്ലാതെ ഏറ്റവും അവസാനം നില്‍ക്കുമ്പോഴും ആരാധക ഹൃദയങ്ങളില്‍ ഈ ടീമിന് കണക്കിലെ കളികളില്‍ ഇനിയും സാധ്യതയുണ്ട്. മുമ്പ് രണ്ടു തവണ കപ്പ് നേടിയ ഘാനയെ വന്‍ മാര്‍ജിനില്‍ തോല്പിക്കണമെന്ന് മാത്രം. പ്രവചനാതീതമായ ഫുട്ബാളില്‍ ഇതാദ്യമായി ലോകകപ്പ് ചരിത്രത്തിലേക്ക് ചുവടുവെച്ച അമര്‍ജിത് സിങ്ങിെൻറ സംഘത്തില്‍നിന്ന് അത്തരമൊരു അത്ഭുതം ആരും പ്രതീക്ഷിക്കുന്നില്ല. അവര്‍ കാത്തിരിക്കുന്നത് മറ്റൊരു ഉജ്ജ്വലമായ പോരാട്ടം.ഘാനയോടും അവസാനം വരെ പൊരുതുമെന്ന ഉറച്ച ദൃഢനിശ്ചയത്തിലാണ് ടീം ഇന്ത്യയുടെ തയാറെടുപ്പ്.
പത്ത് വര്‍ഷത്തെ ഇടവേളക്ക് കൗമാരക്കാരുടെ കപ്പ് വീണ്ടെടുക്കാനെത്തിയ ഘാനക്കും ഇന്ന് ജീവന്മരണ പോരാട്ടമാണ്. രണ്ടാം റൗണ്ട് ഉറപ്പിക്കാന്‍ അവര്‍ക്ക് വെറുമൊരു ജയം മാത്രം പോര. കൂടുതല്‍ ഗോളടിക്കുക കൂടി വേണം.ഘാന ജയിക്കുകയും മുംബൈയില്‍ കൊളംബിയ അമേരിക്കയെ തോല്പിക്കുകയും ചെയ്താല്‍ മൂന്ന് ടീമുകള്‍ക്ക് ആറു പോയൻറ് വീതമാവും. ഈ ഘട്ടത്തിലാണ് ഗോള്‍ വ്യത്യാസം നിര്‍ണായകമാകുക. അല്ലെങ്കില്‍ മികച്ച മൂന്നാം സ്ഥാനക്കാരെന്ന ഭാഗ്യത്തിന് പിന്നെയും കാത്തിരിക്കേണ്ടി വരും. അമേരിക്ക വലിയ വ്യത്യാസത്തിന് കൊളംബിയയെ തോല്പിക്കുകയും ഘാനയോട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ജയിക്കുകയും ചെയ്താല്‍ ഇന്ത്യക്ക് പ്രീക്വാര്‍ട്ടറിലേക്ക് ടിക്കറ്റെടുക്കാം. ആറു ഗ്രൂപ്പുകളിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ക്കൊപ്പം ഗ്രൂപ്പുകളില്‍ മൂന്നാം സ്ഥാനക്കാരായ നാലു ടീമുകള്‍ക്കും നോക്കൗട്ടില്‍ ഇടം ലഭിക്കും.
ആത്മവിശ്വാസത്തിൽ ടീം ഇന്ത്യ
ഡല്‍ഹി യൂനിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച പരിശീലനത്തിനിറങ്ങിയ ഇന്ത്യന്‍ കൗമാരം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ആദ്യ രണ്ടു കളികള്‍ തോറ്റ ടീമിെൻറ ശരീരഭാഷയായിരുന്നില്ല അവര്‍ക്ക്. കളിക്കളത്തില്‍ കാണികളുടെ ഹൃദയം കവര്ന്നെടുക്കാനായതിെൻറ സായൂജ്യം. പ്രതിരോധം ഭദ്രമാക്കുകയെന്ന പതിവ് തന്ത്രത്തിലൂന്നി ഇടനേരങ്ങളില്‍ കൂടുതല്‍ ആക്രമണോത്സുകത കാട്ടാനാവും മാറ്റിസിെൻറ ശ്രമം. കൊളംബിയക്കെതിരെ പരീക്ഷിച്ച് വിജയിച്ച 4- 4- 1- 1 എന്ന ഫോര്മേഷൻ തന്നെയാവും ഇന്നും സ്വീകരിക്കുക. അപാര ഫോമിലുള്ള ഗോളി ധീരജും പ്രതിരോധത്തില്‍ ആരെയും അമ്പരപ്പിക്കുന്ന അന്‍വര്‍ അലിയും ധീരജും ബോറിസും സ്റ്റാലിനുമെല്ലാം തങ്ങളുടെ കഴിവുകള്‍ ഉരക്കല്ലില്‍ കൂടുതല്‍ മിനുക്കിയെടുത്തു കഴിഞ്ഞു. ടീമില്‍ ഏത് റോളുമേറ്റെടുക്കാന് കഴിയുന്ന മലയാളിയായ രാഹുലും ആദ്യ ഗോളിലൂടെ ചരിത്രം കുറിച്ച ജീക്സണും നായകന് അമര്‍ജിതും നിറഞ്ഞ ആത്മവിശ്വാസത്തിലാണ്. മുന്‍നിരയില്‍ റഹീം അലിയും അനികേതും കോമള്‍ തട്ടലും ഏത് പ്രതിരോധത്തിലും വിള്ളല്‍ വീഴ്ത്താന്‍ മാത്രം വളര്‍ന്നുകഴിഞ്ഞു. ആദ്യ ഇലവനില്‍ ആരൊക്കെ വേണമെന്ന കാര്യത്തില്‍ മാറ്റിസ് എന്ത് തീരുമാനിക്കുമെന്നറിയാന്‍ മത്സര ദിവസം വരെ കാത്തിരിക്കണം.
ജയിക്കാനായി പൊരുതും –ഡിമാറ്റിസ്
ന്യൂഡല്‍ഹി: ലോകകപ്പിലെ അവസാന മത്സരത്തില്‍ ഘാനക്കെതിരെ ജയിക്കാനാവും ഇന്ത്യയുടെ പോരാട്ടമെന്ന് കോച്ച് ലൂയി നോര്‍ട്ടണ്‍ ഡിമാറ്റിസ്. ‘ഘാന ശക്തരായ എതിരാളികളാണ്. അവര്‍ക്കൊപ്പം നില്ക്കാന് ഇന്ത്യക്ക് കഴിയും. വ്യാഴാഴ്ച ചരിത്ര വിജയമാണ് ടീം ലക്ഷ്യമിടുന്നത്. അതിനായി ടീം തയാറെടുത്ത് കഴിഞ്ഞു’ - ഡിമാറ്റിസ് പറഞ്ഞു. മെയ്ക്കരുത്തിലും മാനസിക തലത്തിലും ഘാന കടുത്ത വെല്ലുവിളിയാണ്. പന്തടക്കവും വേഗവുമാണ് അവരുടെ ശക്തി. എന്നാല്‍ കഴിഞ്ഞ മത്സരങ്ങളിലെ പോലെ എതിരാളികളുടെ കരുത്തറിഞ്ഞു കളിക്കാന്‍ ടീമിനാവും. ലോകകപ്പില്‍ ആദ്യമായി കളിക്കുകയും ആദ്യ ഗോളടിക്കുകയും ചെയ്ത ഈ ടീം ആദ്യ ജയത്തിലൂടെ മറ്റൊരു ചരിത്രമെഴുതും -മാറ്റിസ് പറഞ്ഞു.
‘ഇന്ത്യക്കെതിരായ മത്സരം ഘാനക്ക് നിര്‍ണായകമാണ്. ഈ മത്സരത്തിന് ഞങ്ങൾ നന്നായി തയാറെടുത്തിട്ടുണ്ട്. ഗോളടിക്കുന്നതിലെ പോരായ്മ പരിഹരിക്കും. എന്നാല്‍ അമേരിക്കയോടും കൊളംബിയയോടും നന്നായി കളിച്ച ആതിഥേയരില്‍നിന്ന് കടുത്ത മത്സരമാണ് പ്രതീക്ഷിക്കുന്നത്’
-ഘാന കോച്ച് സാമുവല്‍ ഫാബിന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.