ആവേശത്തിരയിൽ ലോകകപ്പിന് വരവേൽപ്
text_fieldsകൊച്ചി: ശിങ്കാരിമേളത്തിെൻറ ഉച്ചസ്ഥായിയിൽ തെയ്യവും പടയണിയും ഉൾെപ്പടെ നാടിെൻറ കലയാട്ടത്തിനിടെ കാൽപന്ത് തട്ടി കളിച്ചാടിയ കുരുന്നുകളെ സാക്ഷികളാക്കി ലോകകൗമാരത്തിെൻറ കിരീടം അറബിക്കടലിെൻറ റാണി ഏറ്റുവാങ്ങി. കേരളത്തനിമയെ സാക്ഷിനിർത്തിയാണ് ഫിഫ അണ്ടർ 17 ലോകകപ്പിെൻറ ട്രോഫി കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെത്തിച്ചത്. ശിങ്കാരി മേളം ആവേശം തീർത്ത അന്തരീക്ഷത്തിൽ കേരളത്തിെൻറ തനതു കലാരൂപങ്ങളും അരങ്ങേറി. ഫിഫയുടെ പ്രതിനിധികളടക്കം താളത്തിനൊപ്പം ചേർന്നതോടെ ലോകകപ്പ് ട്രോഫിക്കുള്ള സ്വീകരണത്തിന് പത്തരമാറ്റ് തിളക്കം. കഥകളിയും മോഹിനിയാട്ടവും പൂക്കാവടിയുമൊക്കെ ചേർന്നതോടെ കലൂർ സ്റ്റഡിയം ഉത്സവത്തിമിർപ്പിലായി.
കോപ്പർ സ‍്റ്റെയിൻലസ് സ്റ്റീലിൽ 4.56 കിലോ വരുന്ന ട്രോഫിയുടെ അനാച്ഛാദനം മന്ത്രി എ.സി. മൊയ്തീൻ നിർവഹിച്ചതോടെ ആവേശത്തിരമാലകൾ ഉയർന്നു. കാൽപന്തുകളിയുടെ ആവേശത്തിലമർന്ന കാണികൾക്ക് ഇമ്പമേകി ഒൗദ്യോഗിക ഗാനം കൂടിയെത്തിയതോടെ ചുറ്റുപാടും നൃത്തച്ചുവടുകളിലേക്ക് മാറി. ലോകകപ്പിെൻറ ആതിഥേയത്വം ഹൃദയത്തിലേറ്റു വാങ്ങുന്ന കാഴ്ചക്കാണ് കലൂർ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഞായറാഴ്ച വരെ ട്രോഫി കൊച്ചിയിലുണ്ടാവും. ശനിയാഴ്ച രാവിലെ 10 മുതൽ അംബേദ്കർ സ്റ്റേഡിയത്തിൽ പൊതുജനങ്ങൾക്ക് ട്രോഫി കാണാൻ അവസരമുണ്ട്. ഞായറാഴ്ച ഫോർട്ട് കൊച്ചി വാസ്കോഡ ഗാമ സ്ക്വയറിൽ വർണശബളമായ പരിപാടികളോടെ പ്രദർശനത്തിന് സമാപനമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.