കൊച്ചിയിൽ കൗമാര ലോകകപ്പിന് തുടക്കം
text_fieldsകൊച്ചി: കൗമാര ലോകകപ്പിന് കൊച്ചിയില്‍ ആവേശത്തുടക്കം. ഏറക്കുറെ നിറഞ്ഞ ഗാലറിയിലാണ് ബ്രസീല്‍^-സ്‌പെയിന്‍ മത്സരം നടന്നത്. ഉത്തര കൊറിയ-നൈജര്‍ മത്സരത്തിന് ആളുകള്‍ കുറഞ്ഞെങ്കിലും ഗാലറിയിലെ ആര്‍പ്പുവിളികള്‍ക്ക് കുറവില്ലായിരുന്നു.
വീണ്ടും ആവേശ മഞ്ഞ
വൈകീട്ട് മൂന്നു മുതലായിരുന്നു സ്റ്റേഡിയത്തിലേക്ക് പ്രവേശനം. പക്ഷേ, രാവിലെ മുതല്‍ സ്റ്റേഡിയം റോഡും പരിസരവും ഫുട്ബാള്‍ ആരാധകരാല്‍ നിറഞ്ഞിരുന്നു. ബ്രസീല്‍ ജേഴ്‌സിയായിരുന്നു ഏറെയും. ബ്രസീല്‍ പതാകയും പേരുമൊക്കെ മുഖത്തെഴുതാന്‍ ആളുകള്‍ തിരക്കുക്കൂട്ടി. ബ്ലാസ്റ്റേഴ്സിെൻറ ജഴ്‌സിയണിഞ്ഞവരും ഇന്ത്യന്‍ പതാക മുഖത്തെഴുതിയവരും അക്കൂട്ടത്തിലുണ്ടായിരുന്നു. ചെറിയ സംഘം സ്‌പെയിന്‍ ജഴ്‌സിയിലുമെത്തി. പ്രധാന ഗേറ്റിലെ ടിക്കറ്റ് പരിശോധനക്കുശേഷം പലരും അകത്തേക്ക്. ഗാലറിയില്‍ എത്തുന്നതിനുമുമ്പ് വീണ്ടും രണ്ടു പരിശോധനകള്‍.
അഭിവാദ്യം കിം ജോങ് ഉന്നിനും
കൂട്ടംചേര്‍ന്നുള്ള പ്രകടനങ്ങള്‍ക്കും മുദ്രാവാക്യം വിളിക്കും പ്രധാനഗേറ്റ് വരെയായിരുന്നു അനുമതി. അതിനിടയില്‍ ഉത്തര കൊറിയന്‍ ഭരണാധികാരിക്ക് അഭിവാദ്യവുമായി ചെറു സംഘമെത്തി. യഥാർഥ പോരാളിക്ക് അഭിവാദ്യം എന്നെഴുതിയ ബാനറുമേന്തി, കിങ് ജോങ് ഉന്നിെൻറ മുഖംമൂടിയണിഞ്ഞാണ് ചെറിയ സംഘം ഉത്തര കൊറിയന്‍ ടീമിന് അഭിവാദ്യവുമായെത്തിയത്.
കാണികള്‍ 21,362
സീറ്റുകളുെട എണ്ണം 41,700 ആയി കുറഞ്ഞ ഗാലറിയില്‍ 32000 പേര്‍ക്കാണ് ഫിഫ പ്രവേശനം അനുവദിച്ചത്. അതില്‍ കാണികള്‍ക്ക് 29,000 സീറ്റുകളും.
എന്നാല്‍, കളി കാണാനെത്തിയത് 21,362 പേർ. മുഴുവന്‍ ടിക്കറ്റും വിറ്റുപോയെന്നും കിട്ടാനില്ലെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കാണികളുടെ കുറവ് അനുഭവപ്പെട്ടത്.
ടിക്കറ്റ് കരിഞ്ചന്തയിൽ
ബ്രസീല്‍-സ്‌പെയിന്‍ മത്സരത്തിെൻറ ജനപ്രിയത മനസ്സിലാക്കി ഓണ്‍ലൈനായും നേരിട്ടും ടിക്കറ്റ് വാങ്ങിയവര്‍ കളിദിവസം വന്‍ വിലക്കാണ് ടിക്കറ്റുകള്‍ വിറ്റത്. ഇത്തരത്തില്‍ വില്‍പനക്ക് ശ്രമിച്ച 16 പേരെയാണ് കൊച്ചി സിറ്റി ഷാഡോ പൊലീസ് കസ്റ്റഡിയിലെടുത്തത്. കാസര്‍കോട് സ്വദേശി സിദീഖ് (36) ആയിരുന്നു സംഘത്തലവന്‍. ഓണ്‍ലൈനായി ടിക്കറ്റുകള്‍ വാങ്ങി നാല് സംഘങ്ങള്‍ വഴിയായിരുന്നു വില്‍പന. എഴുനൂറോളം ടിക്കറ്റുകളാണ് പിടിച്ചെടുത്തത്. 300 രൂപയുടെ ടിക്കറ്റുകള്‍ 2500 രൂപക്കുവരെയാണ് വിറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.