ചാമ്പ്യൻസ് ലീഗ് സെമി: മ്യൂണിക്കിലും വിജയംകുറിച്ച് റയൽ (2-1)
text_fieldsചാമ്പ്യൻസ് ലീഗ് സെമി ആദ്യ പാദം: ഒരു ഗോളിന് പിന്നിട്ടുനിന്നശേഷം റയൽ മഡ്രിഡ് ബയേൺ മ്യൂണികിനെ തോൽപിച്ചു (2-1)മ്യൂണിക്: ആഭ്യന്തര ലീഗിൽ തളരുേമ്പാഴും ചാമ്പ്യൻസ് ലീഗിൽ വിജയക്കുതിപ്പ് നടത്തുന്ന ശീലം തുടർന്ന സിനദിൻ സിദാെൻറ ടീം തുടർച്ചയായ ഹാട്രിക് കിരീടത്തോട് ഒരുപടികൂടി അടുത്തു. ബയേൺ മ്യൂണികിെൻറ സ്വന്തം മൈതാനമായ അലയൻസ് അരീനയിൽ നടന്ന ആദ്യപാദ സെമിയിൽ 2-1െൻറ ജയമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും കൂട്ടരും സ്വന്തമാക്കിയത്.
ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷമായിരുന്നു റയലിെൻറ തിരിച്ചുവരവ്. ജോഷ്വാ കിമ്മിച്ച് ബയേണിനെ മുന്നിലെത്തിച്ചപ്പോൾ മാഴ്സലോയിലൂടെ തിരിച്ചടിച്ച റയലിനായി പകരക്കാരനായിറങ്ങിയ മാർകോ അസെൻസിയോ വിജയഗോൾ നേടി. 2012ന് ശേഷം ബയേണിനെതിരെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിെൻറ നോക്കൗട്ട് റൗണ്ടിൽ റയൽ നേടുന്ന തുടർച്ചയായ ആറാം ജയമാണിത്. റയൽ മഡ്രിഡിെൻറ 150ാം ചാമ്പ്യൻസ് ലീഗ് വിജയമെന്ന പ്രത്യേകതയും മത്സരത്തിനുണ്ട്.
കളിച്ചത് ബയേൺ, ജയിച്ചത് റയൽ
മത്സരത്തില്‍ 60 ശതമാനവും പന്ത് നിയന്ത്രിച്ച ബയേണിന് അഞ്ച് മികച്ച ഗോളവസരങ്ങൾ ലഭിച്ചപ്പോൾ ഒന്ന് മാത്രമാണ് ലക്ഷ്യത്തിലെത്തിക്കാനായത്. എന്നാൽ, 40 ശതമാനം മാത്രം പന്ത് നിയന്ത്രിച്ച റയല്‍ നാല് ഗോള്‍ ശ്രമങ്ങളില്‍ രണ്ടെണ്ണം വലയ്ക്കുള്ളിലാക്കി മത്സരം വരുതിയിലാക്കുകയായിരുന്നു. മത്സരത്തിെൻറ അഞ്ചാം മിനിറ്റിൽ സൂപ്പർ വിങ്ങർ അർയൻ റോബൻ പരിക്കേറ്റ് പുറത്തായതും ബയേണിന് തിരിച്ചടിയായി. മത്സരത്തിെൻറ ഭൂരിഭാഗം സമയവും പന്തിനുമേൽ ആധിപത്യം പുലർത്തിയിട്ടും ലഭിച്ച അവസരങ്ങൾ കളഞ്ഞുകുളിച്ചതാണ് ബയേണിന് വിനയായത്. കിട്ടിയ അവസരങ്ങൾ ഗോളാക്കി മാറ്റിയ റയൽ നേട്ടമുണ്ടാക്കുകയും ചെയ്തു. ഫ്രഞ്ച് വിങ്ങർ ഫ്രാങ്ക് റിബറിയുടെ നേതൃത്വത്തിലുള്ള ബയേൺ മുന്നേറ്റനിര റയൽ ബോക്സിൽ നിരന്തര ആക്രമണം നടത്തിയെങ്കിലും അസാധ്യ ഫോം പുറത്തെടുത്ത ഗോളി കൈലർ നവാസിെൻറ ചോരാത്ത കരങ്ങളാണ് റയലിന് തുണയായത്.
ഗോളടിച്ച് വിങ് ബാക്കുകൾ
ഇരു ടീമുകളുടെയും ആദ്യ ഗോളുകൾ വിങ് ബാക്കുകളുടെ വകയായിരുന്നു. മികച്ചരീതിയിൽ മത്സരം ആരംഭിച്ച ബയേൺ മ്യൂണിക് 28ാം മിനിറ്റിൽ ജർമൻ വലതുവിങ് ബാക്ക് ജോഷ്വാ കിമ്മിച്ചിലൂടെ ലീഡെടുത്തു. മുൻ റയൽ താരം ഹാമിഷ് റോഡ്രിഗ്രസായിരുന്നു ഗോളിന് വഴിയൊരുക്കിയത്. തിരിച്ചടിക്കാനുള്ള റയലിെൻറ ശ്രമങ്ങൾ 44ാം മിനിറ്റിലാണ് വിജയം കണ്ടത്. ഡാനി കാർവഹാലിെൻറ പാസിൽനിന്ന് ബ്രസീലിയൻ ഇടതുവിങ് ബാക്ക് മാഴ്സലോ റയലിനെ ഒപ്പമെത്തിച്ചു. പ്രധാന താരങ്ങളായ ഗാരത് ബെയ്ലിനെയും കരീം ബെൻസേമയെയും പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്താതെയാണ് സിദാൻ ടീമിനെ ഇറക്കിയത്. ഇസ്കോയും ലൂകാസ് വാസ്ക്വസുമാണ് പകരം ടീമിൽ സ്ഥാനം പിടിച്ചത്.
സൂപ്പർ സബ് അസെൻസിയോ
28ാം മിനിറ്റിൽ വലതുവിങ്ങിലൂടെ ഒാടിക്കയറിയ കമ്മിച്ചിന് പാകത്തിൽ റോഡ്രിഗസ് നൽകിയ പാസാണ് ഗോളിലേക്ക് വഴിതുറന്നത്. നവാസിനെ നിസ്സഹായനാക്കി പന്ത് വലയിൽ കയറി. 34ാം മിനിറ്റില്‍ പരിക്കിനെ തുടര്‍ന്ന് ജെറോം ബോട്ടെങ്ങും കളംവിട്ടത് ബയേണിന് കനത്ത തിരിച്ചടിയായി. 44ാം മിനിറ്റില്‍ ബയേണ്‍ ഗോള്‍മുഖത്തെ കൂട്ടപ്പൊരിച്ചിലിനൊടുവിലാണ് മാഴ്സലോ റയലിനു വേണ്ടി വലകുലുക്കിയത്. ഡാനി കാര്വഹാലിെൻറ ഹെഡർ പാസ് മാഴ്സലോ ഇടങ്കാലൻ ഷോട്ടിലൂടെ ബയേണ്‍ പ്രതിരോധനിരയെയും ഗോളിയെയും സ്തബ്ധരാക്കിക്കൊണ്ട് പന്ത് വലയിലെത്തിക്കുകയായിരുന്നു. ബ്രസീലിയൻ താരത്തിെൻറ സീസണിലെ മൂന്നാമത്തെ ഗോളാണിത്. രണ്ടാം പകുതിയിൽ പരിക്കേറ്റ ഇസ്കോയെ പിൻവലിച്ച് അസൻസിയോയെ കളത്തിലിറക്കിയ സിദാെൻറ തന്ത്രം ഫലിക്കുന്ന കാഴ്ചയാണ് കണ്ടത്. 57ാം മിനിറ്റിൽ വാസ്‌ക്വസ് നല്‍കിയ ത്രൂബാള്‍ ഇടംകാല്‍ ഷോട്ടിലൂടെ ബയേണ്‍ ഗോളിക്ക് ഒരു പഴുതും നല്‍കാതെ വലക്കുള്ളിലേക്ക് അടിച്ചുകയറ്റിയാണ് അസെൻസിയോ റയലിന് ജയം സമ്മാനിച്ചത്.
ഗോളില്ലാതെ റൊണാൾഡോ
തുടർച്ചയായി 11 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ ഗോളടിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ തെൻറ ചാമ്പ്യൻസ് ലീഗ് ഗോൾ സമ്പാദ്യത്തിലേക്ക് ഒരു ഗോൾ കൂടി ചേർക്കാൻ രണ്ടാം പകുതിയിൽ നടത്തിയ ശ്രമം ഒാഫ്സൈഡ് വിസിലിൽ അവസാനിച്ചു. ബയേൺ ഗോൾമുഖത്ത് മൂന്നു തവണ മാത്രമാണ് റോണോക്ക് പന്ത് ലഭിച്ചത്. മത്സരം അവസാനിക്കാൻ 25 മിനിറ്റ് മാത്രം ശേഷിക്കെ പരിക്കേറ്റ റൈറ്റ് ബാക്ക് കർവഹാലിനെ പിൻവലിച്ച് സ്ട്രൈക്കർ കരീം ബെൻസേമയെ സിദാൻ കളത്തിലിറക്കി. മിനിറ്റുകൾ ശേഷിക്കെ മുള്ളറുടെ ഒരു കിടിലൻ ഷോട്ട് തടുത്തിട്ട് നവാസ് രക്ഷകനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.