അണ്ടർ-17 ലോകകപ്പ്: ഇന്ത്യയുടെ എതിരാളികളെ ഇന്നറിയാം
text_fieldsമുംബൈ: കൗമാര ലോകകപ്പിൽ കന്നിയങ്കത്തിനിറങ്ങുന്ന ഇന്ത്യക്ക് ഗ്രൂപ് റൗണ്ട് മത്സരത്തിൽ എതിരാളികൾ ആരൊക്കെയെന്ന് വെള്ളിയാഴ്ച രാത്രിയോടെ അറിയാം. 24 രാജ്യങ്ങളെ എ മുതൽ എഫ് വരെ ആറ് ഗ്രൂപ്പുകളിലായി വേർതിരിക്കുന്ന നറുക്കെടുപ്പിന് നഗരത്തിലെ നക്ഷത്ര ഹോട്ടലിൽ വേദി സജ്ജമായി.
കൗമാര പോരിൽനിന്ന് ലോക ഫുട്ബാളിലെ ഇതിഹാസങ്ങളായി മാറിയ എസ്തബാൻ കാംബിയാസൊ, നുവാൻകൊ കാനു, ഇന്ത്യൻ നായകൻ സുനിൽ ഛേത്രി, ഒളിമ്പിക്സിലെ വെള്ളി നേട്ടക്കാരി ബാഡ്മിൻറൻ താരം പി.വി. സിന്ധു എന്നിവരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ്.
കഴിഞ്ഞ അഞ്ച് ലോകകപ്പുകളിലെ പോയൻറ് നിലകളുടെ അടിസ്ഥാനത്തിൽ ക്രമപ്പെടുത്തിയ ടീമുകളെ നാല് പോട്ടുകളിലാക്കിയാണ് നറുക്കെടുപ്പ്. ആതിഥേയരായ ഇന്ത്യ ഒന്നാം പോട്ടിലാകും.
ഗ്രൂപ് എയിലെ ഒന്നാമത്തെ ടീമും ഇന്ത്യയാണ്. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ നൈജീരിയ ഇത്തവണയില്ല. അതിനാൽ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് മാലി ഇടം നേടിയിട്ടുണ്ട്. മെക്സികോ, ബ്രസീൽ, ജർമനി, മാലി, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് ഇന്ത്യക്കൊപ്പം ആദ്യ പോട്ടിലുണ്ടാകുക. ഇറാഖ്, ഇറാൻ, ജപ്പാൻ, വടക്കൻ കൊറിയ എന്നിവരാണ് മറ്റ് ഏഷ്യൻ രാജ്യങ്ങൾ.
കൊൽക്കത്ത, ഡൽഹി, നവിമുംബൈ, കൊച്ചി, ഗോവ, ഗുവാഹതി എന്നീ നഗരങ്ങളിലായി ഫെബ്രുവരി ആറ് മുതൽ 28 വരെയാണ് മത്സരം. ആറിന് ഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. ഗ്രൂപ് എയിലെ മൂന്നും നാലും രാജ്യങ്ങൾ തമ്മിലാണ് ആദ്യ പോര്. തുടർന്ന്, അന്ന് അതെ മൈതാനത്തു തന്നെ നടക്കുന്ന രണ്ടാം മത്സരത്തിലാണ് ഇന്ത്യയുടെ കന്നിയങ്കം. ഗ്രൂപ് എയിലെ രണ്ടാം രാജ്യമാകും എതിരാളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.