അതിശയങ്ങളുടെ ഉറുഗ്വായ്
text_fieldsആദ്യ ലോകകപ്പ് നടത്തി വിജയിച്ചവർ. 1950ൽ ബ്രസീലിനെ മാറക്കാനയിൽ തോൽപിച്ച് കിരീടമണിഞ്ഞവർ. ഡീഗോ ഫോർലാെൻറയും ലൂയീ സുവാരസിെൻറയും എഡിസൻ കവാനിയുടെയും നാട്. എന്നാൽ, ഇതു മാത്രമല്ല ഉറുഗ്വായ്. ആ പേരൊന്നു ശ്രദ്ധിച്ചുനോക്ക്. കവിതയും സംഗീതവുമാണത്. വർണച്ചിറകുള്ള പക്ഷികളുടെ നദി എന്നാണവരുടെ നാടിനു നൽകിയ പേര്.
നൃത്തവും സംഗീതവും ചോരയിൽ അലിഞ്ഞുചേർന്നതിന് തെളിവാണ് അർജൻറീനെക്കാപ്പം അവരുടെ മണ്ണിൽനിന്നുകൂടി രൂപപ്പെട്ട ഉന്മാദനൃത്തമായ ടാങ്കോ. ലാറ്റിനമേരിക്കയിലെ ഹോളണ്ട് എന്നാണ് ഇൗ നാട് അറിയപ്പെടുന്നത്. പരിഷ്കാരവും സഹിഷ്ണുതയും മുഖമുദ്ര. കുറ്റകൃത്യനിരക്കും കുറവ്. യൂറോപ്യന്മാർപോലും മടിച്ചുനിന്നപ്പോൾ അവർ സ്വവർഗവിവാഹങ്ങൾക്കു പച്ചക്കൊടി നൽകി. പരിഷ്കാരത്തിെൻറ കാര്യത്തിൽ 2010ത്തിൽ ഉറുഗ്വായ്ക്കാർ ഹോളണ്ടിനെയും കടത്തിവെട്ടി.
സ്വകാര്യ ആവശ്യത്തിനായി മരിജുവാന വളർത്താനും ഹോളണ്ട് മാതൃക കോഫീഷോപ്പുകൾ തുടങ്ങാനും അനുവാദം നൽകി. വർഷങ്ങളോളം പട്ടാളഭരണത്തിെൻറ ദുരന്തങ്ങൾ അനുഭവിച്ച ജനസമൂഹം സ്വാതന്ത്ര്യത്തിെൻറ ചിറകുവിരിച്ചു. മുൻ പ്രസിഡൻറ് ഹോസെ മുഹീകയുടെ പരിഷ്കാരങ്ങളും വിദ്യാഭ്യാസ-സാക്ഷരതാ പ്രവർത്തനങ്ങളും പന്തുകളി രാജ്യത്തെ കുതിപ്പിെൻറ പാതയിലേക്ക് നയിച്ചു. 98.88 ശതമാനമാണ് ഇൗ ലാറ്റിനമേരിക്കൻ രാഷ്ട്രത്തിെൻറ സാക്ഷരത നിരക്ക്. 2013ൽ സ്ഥിരതയുള്ള രാജ്യം എന്ന ബഹുമതിയും സ്വന്തമാക്കി.
ജനങ്ങളിൽ 46 ശതമാനം കത്തോലിക്കാ സഭാവിശ്വാസികളാണ്. ഇതരവിശ്വാസികളും മതമില്ലാത്തവരുമായി വലിയൊരു മതേതര സമൂഹമാണ് ഇൗ രാജ്യത്തിെൻറ മറ്റൊരു വിസ്മയം. ക്രിസ്മസിനു കുടുംബ ദിനമെന്നും ഈസ്റ്റർ അവധിയെ ടൂറിസ്റ്റ് വാരമെന്നും പുനർനാമകരണം ചെയ്ത് എല്ലാവർക്കം ഇടം നൽകി.
ഇനി ഫുട്ബാളിലേക്കു വരാം. കിക്കോഫിന് മുമ്പത്തെ ദേശീയ ഗാനാലാപനത്തിൽ വരെയുണ്ട് ഉറുഗ്വായ് ടച്ച്. ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ഗാനമാണ് അവരുടേത്. അഞ്ചു മിനിറ്റും 20 സെക്കൻഡുംകൊണ്ട് പാടിത്തീരുേമ്പാഴേക്കും ഗാലറി ക്ഷീണിക്കും.
രണ്ടുതവണ ലോകകപ്പും 15 തവണ കോപ അമേരിക്കയും നേടി. ഫുട്ബാളിലെ ആദ്യ പെലെയെ സംഭാവന നൽകിയതും ഉറുഗ്വായ് ആയിരുന്നു -ഹോസെ ലിയാണോർഡോ അന്ദ്രാദെ. ആറടിയിലധികം ഉയരമുണ്ടായിരുന്ന കറുത്തവർഗക്കാരനായ ഫുട്ബാൾ വിസ്മയം 1920ൽ യൂറോപ്പിെൻറ ഹൃദയം കീഴടക്കിയിരുന്നു.
ഭൂമിയിലെ ഏറ്റവും മികച്ച കാൽപന്ത് ആരാധകരാണവർ എന്ന് തെളിയിച്ച മറ്റൊരു കഥ പറയാം.
1980ൽ മോണ്ട വിഡിയോവിലെ പെനറോൾ ക്ലബിലെ ഫെർണാണ്ടോ മൊറേന ഒരു മത്സരത്തിൽ എട്ടു ഗോളുകൾ അടിച്ചു. അതോടെ സ്പെയിനിലെ റോയോ വോൾക്കാനോ മോഹവില കൊടുത്ത് അദ്ദേഹത്തെ സ്വന്തമാക്കി. എന്നാൽ, ഇഷ്ടതാരത്തെ പിരിഞ്ഞിരിക്കാൻ മോണ്ട വിഡിയോക്കാർക്ക് ഒരു സീസൺ മാത്രമേ കഴിഞ്ഞുള്ളൂ. മൊറേനയെ തിരികെ കൊണ്ടുവരാൻ അവർ ശ്രമം തുടങ്ങി. പക്ഷേ, അതിനുള്ള പണം പെനറോൾ ക്ലബിനില്ലായിരുന്നു. ആരാധകർ അടങ്ങിയില്ല. മോണ്ട വിഡിയോ നിവാസികൾ ബക്കറ്റുപിരിവ് നടത്തി ഒന്നര ദിവസംകൊണ്ട് 10 ലക്ഷം ഡോളർ സമാഹരിച്ചു. ഇത് വിടുതൽ തുകയായി നൽകി തങ്ങളുടെ ഇഷ്ടതാരത്തെ നാട്ടിലെത്തിച്ചു. ഫുട്ബാൾ ടൂറിസം ആദ്യമായി പരീക്ഷിച്ച രാജ്യവും ഉറുഗ്വായ് ആയിരുന്നു. അങ്ങനെ ഒാരോ തരിമണ്ണിലും ഉറുഗ്വായ് വ്യത്യാസപ്പെടുന്നു.
ബ്രസീലും അർജൻറീനയും അടങ്ങിയ ലാറ്റിനമേരിക്കൻ മേഖലയിൽനിന്ന് രണ്ടാം സ്ഥാനക്കാരായാണ് അവർ റഷ്യയിലേക്ക് ടിക്കറ്റെടുത്തത്. ലോകത്തെ ഏതു വമ്പന്മാരെയും വിസ്മയിപ്പിക്കുന്ന മുന്നേറ്റ-മധ്യനിരകളുള്ള ടീമാണിത്. കവാനിയും സുവാരസും ഒരുമിക്കുമ്പോൾ ഗ്രൂപ് റൗണ്ടിൽ റഷ്യ, സൗദി അറേബ്യ, ഈജിപ്ത് തുടങ്ങിയ എതിരാളികൾക്ക് പ്രതിരോധത്തിന് പല അടവുകൾ പയറ്റേണ്ടിവരും. 2010ൽ സെമിയിലും 2014ൽ ക്വാർട്ടറിലും എത്തിയ ടീമിെൻറ കരുത്ത് പരിശീലകൻ ഓസ്കാർ ടബാറസ് എന്ന 71കാരനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.