ബാഴ്സയും റയലും വിയർക്കുന്നു; സെവിയ്യ മുന്നിൽ
text_fieldsമഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റലിയിലേക്ക് കൂറുമാറിയതോടെ ഗ്ലാമർ പാതിചോർന്ന ലാ ലിഗയിൽ വമ്പൻമാരെ മറികടന്ന് സെവിയ്യ ഒന്നാമത്. കഴിഞ്ഞ ദിവസം റയൽ തോൽക്കുകയും ബാഴ്സലോണ സമനിലയിൽ കുടുങ്ങുകയും ചെയ്തതോടെയാണ് എട്ടു കളികളിൽ 16 പോയൻറുമായി സെവിയ്യ ഒന്നാം സ്ഥാനത്തേക്ക് കയറിയത്. അത്രയും മത്സരങ്ങളിൽ 15 പോയൻറുമായി ബാഴ്സയും അത്ലറ്റികോ മഡ്രിഡും രണ്ടും മൂന്നും സ്ഥാനങ്ങൾ പങ്കിട്ടപ്പോൾ 14 പോയൻറുള്ള റയൽ നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. സെൽറ്റവിഗോയെ 2-1ന് തോൽപിച്ചാണ് സെവിയ്യ മുന്നിൽ കയറിയത്.
ലീഗിൽ അവസാനം കളിച്ച മൂന്നും ജയിച്ച മുൻതൂക്കവുമായി ബാഴ്സക്കെതിരെ ഇറങ്ങിയ വലൻസിയ കളിയുടെ രണ്ടാം മിനിറ്റിൽതന്നെ സ്കോർ ചെയ്ത് സ്വന്തം മൈതാനത്തെ ആവേശത്തിലാഴ്ത്തി. അനുകൂലമായി ലഭിച്ച കോർണർ കിക്കിൽ കാൽവെച്ച് ഇസക്കീൽ ഗാരെ ആയിരുന്നു വലൻസിയയെ മുന്നിലെത്തിച്ചത്. ഏറെ വൈകാതെ ക്ലാസ് സ്പർശവുമായി മെസി നിലവിലെ ചാമ്പ്യൻമാർക്ക് സമനില സമ്മാനിച്ചു. ലൂയി സുവാരസ് നൽകിയ അർധാവസരം 20 വാര അകലെനിന്ന് മനോഹര ഷോട്ടിൽ ഗോളിയെ കീഴടക്കിയായിരുന്നു മെസ്സി ഗോൾ. ബാഴ്സക്കായി സീസണിൽ അർജൻറീന താരത്തിെൻറ ആറാം ഗോൾ. കളിയുടെ 74 മിനിറ്റും നിയന്ത്രിച്ചിട്ടും ബാഴ്സക്ക് വിജയ ഗോൾ നേടാനാവാതെ വന്നേതാടെ മത്സരം വിരസമായ സമനിലയിൽ അവസാനിച്ചു.
മറ്റു മത്സരങ്ങളിൽ അത്ലറ്റികോ മഡ്രിഡ് ഏകപക്ഷീയമായ ഒരു ഗോളിന് റയൽ ബെറ്റിസിനെയും എസ്പാനിയോൾ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് വിയ്യറയലിനെയും തോൽപിച്ചു. ജിറോണയുടെ ഉറുഗ്വായ് സ്ട്രൈക്കർ ക്രിസ്റ്റ്യൻ സ്റ്റുവാനിയാണ് എട്ട് ഗോളുകളുമായി ടോപ്സ്കോറർ സ്ഥാനത്ത്. സെവിയ്യയുടെ പോർച്ചുഗീസ് താരം ആശന്ദ്ര സിൽവക്ക് ഏഴ് ഗോളുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.