ഫിഫയുടെ പച്ചക്കൊടി; ലോകകപ്പിൽ ‘വാർ’
text_fieldsബാഗോട്ട: ‘ഗോസ്റ്റ് േഗാളും’ ദൈവത്തിെൻറ കൈയുമില്ലാതെയാവും ഇക്കുറി റഷ്യയിൽ പന്തുരുളുക. റഫറിയിങ് കുറ്റമറ്റതാക്കാനായി ആവിഷ്കരിച്ച ‘വിഡിയോ അസിസ്റ്റൻറ് റഫറി’ (വാർ) സംവിധാനം റഷ്യ ലോകകപ്പിൽ ഉപയോഗിക്കാൻ ഫിഫയുടെ പച്ചക്കൊടി. നേരത്തേ നിയമനിർമാണ സമിതി അംഗീകരിച്ച ‘വാർ’ റഷ്യയിൽ നടപ്പാക്കാൻ കൊളംബിയയിൽ ചേർന്ന ഫിഫ കൗൺസിൽ യോഗം അനുമതി നൽകി. ഫുട്ബാളിലെ ചരിത്ര മുഹൂർത്തമെന്നായിരുന്നു ഫിഫ അധ്യക്ഷൻ ജിയാനി ഇൻഫൻറിനോയുടെ പ്രതികരണം. യൂറോപ്പിലെ വിവിധ ലീഗുകളിൽ ഇതിനകം വിജയകരമായി നടപ്പാക്കിയ സംവിധാനം കഴിഞ്ഞ ഫിഫ കോൺഫെഡറേഷൻ കപ്പിലും ഉപയോഗിച്ചിരുന്നു. യുവേഫയുടെ എതിർപ്പിനിടയിലും ഇറ്റാലിയൻ സീരി ‘എ’, ജർമൻ ബുണ്ടസ് ലിഗ തുടങ്ങിയ പ്രീമിയർ ലീഗുകളിൽ വാർ ഒരു വർഷത്തിലേറെയായി ഉപയോഗിക്കുന്നു.
വാർ എപ്പോഴെല്ലാം?
1.ഗോൾ
ഗോളിൽ സംശമുണ്ടെങ്കിൽ അന്തിമ തീരുമാനത്തിനായി റഫറിക്ക് ‘വാർ’ സഹായം തേടാം. ഗോളിൽ വിവാദമൊഴിവാക്കാനും ലൈൻ കടന്നോയെന്ന് ഉറപ്പാക്കാനും അവസരം.
2.പെനാൽറ്റി
പെനാൽറ്റി വിധിക്കാനുള്ള ഫൗൾ സംഭവിച്ചോയെന്ന് ഉറപ്പാക്കാൻ വാർ സഹായം തേടാം. പെനാൽറ്റി അപ്പീൽ നിരസിക്കാനും കഴിയും.
3.റെഡ് കാർഡ്
ചുവപ്പ് കാർഡ് നൽകാനുള്ള ഫൗൾ സംഭവിച്ചോ എന്ന് പരിശോധിക്കാൻ. രണ്ടാം മഞ്ഞക്കാർഡ് റിവ്യൂ അനുവദിക്കുന്നില്ല.
4.ആളെ തിരിച്ചറിയാൻ
തെറ്റിന് ശിക്ഷിക്കപ്പെടുന്നത് ശരിയായ വ്യക്തി തന്നെയാണോയെന്ന് ഉറപ്പുവരുത്താൻ.
5.എങ്ങനെ ‘വാർ’?
റിവ്യൂ: റഫറിക്ക് പുനഃപരിശോധിക്കാൻ ആവശ്യപ്പെടാം, അല്ലെങ്കിൽ റിവ്യൂ സാഹചര്യമുണ്ടെന്ന് ‘വാർ’ ടീമിന് റഫറിയോടും ആവശ്യപ്പെടാം.
റീപ്ലേ: ‘വാർ’ ടീം വിഡിയോ ദൃശ്യങ്ങൾ വിശകലനം ചെയ്ത ശേഷം, ഹെഡ്സെറ്റ് വഴി റഫറിയെ തീരുമാനം അറിയിക്കുന്നു.
വിധി: ഗ്രൗണ്ടിനു വശത്തെ ടി.വിയിൽ വിഡിയോ പരിശോധിച്ച് റഫറിക്ക് തീരുമാനമെടുക്കാം. അല്ലെങ്കിൽ, ‘വാർ’ ടീം പരിശോധിച്ച് തീരുമാനം അറിയിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.