ഇംഗ്ലീഷ് കുപ്പായത്തിൽ ഇനി റൂണിയില്ല
text_fieldsലണ്ടൻ: 14 വർഷത്തെ രാജ്യാന്തര ഫുട്ബാൾ കരിയറിന് വെയ്ൻ റൂണി വിരാമം കുറിച്ചു. ഇംഗ്ലീഷ് മുന്നേറ്റ നിരയുടെ തലപ്പത്ത് പത്താം നമ്പറിൽ ഇനി വെയ്ൻ റൂണിയുണ്ടാവില്ല. ഇംഗ്ലണ്ട് ദേശീയ ടീമിനൊപ്പമുള്ള ഒന്നരപതിറ്റാണ്ടിെൻറ യാത്ര അവസാനിപ്പിക്കുന്നതായി അദ്ദേഹം ട്വിറ്ററിൽ അറിയിച്ചു. അടുത്ത മാസം ലോകകപ്പ് യോഗ്യത മത്സരങ്ങൾ നടക്കാനിരിക്കെയാണ് ദേശീയ ടീമിൽ നിന്ന് നായകെൻറ പടിയിറക്കം. ഇംഗ്ലണ്ടിനായി 119 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ് ഏറ്റവും കൂടുതൽ ഗോൾനേടുന്ന (53) താരമെന്ന ഖ്യാതിയുമായാണ് റൂണി മടങ്ങുന്നത്.
റഷ്യൻ ലോകകപ്പിെൻറ നഷ്ടങ്ങളിലൊന്നാവും മുൻ നിരയിലെ ഗോളടിയന്ത്രം. ഇംഗ്ലീഷ് ദേശീയ ടീമിലേക്ക് റൂണിയെ സ്വാഗതം ചെയ്യുന്നതായി കഴിഞ്ഞ ദിവസം പരിശീലകൻ ഗാരെത് സൗത്ഗേറ്റ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് 31കാരനായ റൂണിയുടെ പിൻമാറ്റം. ദേശീയ ടീമിന് ഒരു കിരീടം പോലും നേടിക്കൊടുക്കാനാവാതെ ‘കിരീടമില്ലാത്ത രാജാവാ’യാണ് മടങ്ങുന്നത്. എങ്കിലും, ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവർട്ടണിെൻറ ജഴ്സിയിൽ റൂണിയുടെ മാസ്മരികത ഇനിയും ദർശിക്കാനാകും.
കൗമാരം വിട്ടുമാറാത്ത 17ാം വയസ്സിലാണ് റൂണി ദേശീയ ടീമിെൻറ ജഴ്സി അണിഞ്ഞുതുടങ്ങിയത്. അദ്ഭുത ബാലനെന്ന പേരിലായിരുന്നു അരങ്ങേറ്റം. കരിയറിെൻറ തുടക്കത്തിൽ ഇൗ പേരിനോട് നീതിപുലർത്തിയിരുന്നു. എന്നാൽ, കാലക്രമേണ മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ തണലിലേക്ക് റൂണി ഒതുങ്ങി. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പ്രകടനത്തിെൻറ നിഴൽ മാത്രമായിരുന്നു ദേശീയ ടീമിലെ റൂണി. ഇതോടെ പലപ്പോഴും ദേശീയ ടീമിെൻറ പടിക്കുപുറത്തായി. കഴിഞ്ഞ വർഷം സ്കോട്ട്ലൻഡിനെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിലും ഫ്രാൻസിനെതിരായ സൗഹൃദ മത്സരത്തിലും റൂണി ഒഴിവാക്കപ്പെട്ടു.
മൂന്ന് ലോകകപ്പുകളിൽ ഇംഗ്ലണ്ടിനായി ബൂട്ടണിഞ്ഞെങ്കിലും ഒരു ഗോൾ മാത്രമാണ് നേടാനായത്. എങ്കിലും, മടങ്ങുേമ്പാൾ ഒരുപിടി റെക്കോഡുകൾ അദ്ദേഹത്തിന് കൂട്ടായുണ്ട്. ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ ഗോൾ പിറന്നത് റൂണിയുടെ ബൂട്ടിൽ നിന്നാണ്. പീറ്റർ ഷിൽട്ടനു ശേഷം (125 മത്സരം) ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമായി. ഇംഗ്ലീഷ് ടീമിൽ ഇടം പിടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു അദ്ദേഹം. നാലുതവണ ഇംഗ്ലണ്ടിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.