ആഷിഖിന് ഗോൾ; ഇന്ത്യക്ക് ജയം
text_fieldsധാക്ക: സാഫ്കപ്പ് ഫുട്ബാൾ ഗ്രൂപ് ‘ബി’യിലെ ആദ്യമത്സരത്തിൽ ഇന്ത്യക്ക് ജയം. ശ്രീലങ്കയെ 2-0ത്തിന് തോൽപിച്ചാണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയുടെ വിജയത്തുടക്കം. ധാക്ക ബംഗബന്ധു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മലയാളി താരം ആഷിഖ് കുരുണിയനാണ് ഇന്ത്യക്കായി ആദ്യം വലകുലുക്കിയത്. 35ാം മിനിറ്റിലായിരുന്നു ചാങ്തെയുടെ മുന്നേറ്റത്തിൽനിന്നും ഫോർവേഡ് സുമീത് പാസിയെ ലക്ഷ്യമാക്കി ക്രോസെത്തിയത്.
എന്നാൽ, ഷോട്ടുതിർക്കാൻ പാസിക്ക് പിഴച്ചതോടെ പുണെ എഫ്.സിയുടെ മലയാളി താരം ബോക്സിനുള്ളിൽ ഇടം കണ്ടെത്തി പന്ത് വലയിലാക്കി. ആഷിഖിെൻറ മുന്നേറ്റം മനസ്സിലാക്കാനാവാതെ അമ്പരന്ന ശ്രീലങ്കൻ പ്രതിരോധത്തെ കബളിപ്പിച്ച് പന്ത് വലയിൽ. ഇന്ത്യൻ കുപ്പായത്തിൽ മലപ്പുറത്തു നിന്നുള്ള 21കാരെൻറ ആദ്യ ഗോളിെൻറ പിറവി. രണ്ടാം പകുതിയിലെ 47ാം മിനിറ്റിലായിരുന്നു രണ്ടാം ഗോൾ. ലാലിയാൻസുവാല ചാങ്തെ ഇടതു ഭാഗത്തുനിന്നും ഉതിർത്ത ക്രോസ് ലങ്കൻ പ്രതിരോധത്തെയും ഗോളിയെയും മറികടന്ന് വലയിലേക്ക് വളഞ്ഞുപുളഞ്ഞ് കയറിയപ്പോൾ മനോഹരമായ ഗോളും കൂടിയായി.
പിന്നീടുള്ള നിമിഷങ്ങളിൽ ഇന്ത്യക്ക് തന്നെയായിരുന്നു മേധാവിത്വം. 15 ഷോട്ടുകൾ ഉതിർത്തെങ്കിലും പന്ത് വലയിലാക്കാനായില്ല. സെപ്റ്റംബർ ഒമ്പതിന് മാലദ്വീപിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.