ലോകകപ്പ് സന്നാഹം: ഫ്രാൻസിന് ജയം, പോർചുഗലിന് സമനില
text_fieldsപാരിസ്: ലോകകപ്പിെൻറ വിളംബര പോരാട്ടങ്ങളിൽ കിരീട ഫേവറിറ്റുകളായ ഫ്രാൻസിന് മിന്നും ജയം. വിശ്വമേളയുടെ ഉദ്ഘാടന മത്സരത്തിൽ റഷ്യയെ നേരിടാനൊരുങ്ങുന്ന സൗദി അറേബ്യക്ക് കരുത്തരായ ഇറ്റലിക്ക് മുന്നിൽ അടിതെറ്റി. ക്രിസ്റ്റ്യാനോ റൊണാൾഡോയില്ലാതെ ഇറങ്ങിയ പോർചുഗലിനെ തുനീഷ്യ (2-2) സമനിലയിൽ തളച്ചു. മെക്സികോ-വെയ്ൽസ് മത്സരം ഗോൾരഹിതമായി പിരിഞ്ഞു.
ഫ്രാൻസ് വരുന്നു
ഒരാളെ വിലയിരുത്താൻ ഏറ്റവും യോഗ്യൻ അവരുമായി കൊമ്പുകോർത്തവർ തന്നെയാവും. അങ്ങനെയെങ്കിൽ ഫ്രാൻസിെൻറ മൂർച്ചയറിഞ്ഞ അയർലൻഡ് കോച്ച് മാർട്ടിൻ ഒാ നീലിെൻറ അഭിപ്രായത്തിൽ കാര്യമുണ്ട്. ‘ശക്തരായ ടീമാണ് ഫ്രാൻസ്. പ്രതിഭകളാൽ സമ്പന്നം. ഇൗ ലോകകപ്പിൽ കിരീടസാധ്യത ഏറെയുള്ള ടീമാണ് ഇത്’-സന്നാഹ മത്സരത്തിൽ ഫ്രാൻസിനോട് 2-0ത്തിന് തോറ്റ ശേഷമായിരുന്നു മാർട്ടിൻ ഒാ നീലിെൻറ വിലയിരുത്തൽ.
രണ്ടുവർഷം മുമ്പ് യൂറോ കപ്പിൽ ഏറ്റുമുട്ടിയതിനെക്കാൾ ടീം മെച്ചപ്പെട്ടിരിക്കുന്നു- എതിരാളിയുടെ സാക്ഷ്യപത്രം ഫ്രഞ്ച് കോച്ച് ദിദിയർ ദെഷാംപ്സിനുള്ള നല്ലവാക്കുകൾ കൂടിയാണ്. ലോകകപ്പ് ടീമുമായാണ് ദെഷാംപ്സ് സന്നാഹത്തിനെത്തിയത്. ഒലിവർ ജിറൂഡ്, നബിൽ ഫെകിർ, കെയ്ലിയൻ എംബാപ്പെ എന്നിവരെ മുൻനിര ആക്രമണ ചുമതല നൽകി 4-1-2-3 ഫോർമേഷനിലാണ് കോച്ച് ടീമിനെ ഇറക്കിയത്.
സബ്സ്റ്റിറ്റ്യൂഷനൊന്നുമില്ലാതെ അവസാനിച്ച ഒന്നാം പകുതിയിൽ ഫ്രാൻസിെൻറ രണ്ടു ഗോളും പിറന്നു. 40ാം മിനിറ്റിൽ ജിറൂഡും 44ാം മിനിറ്റിൽ നബിൽ ഫെകിറുമായിരുന്നു സ്കോർമാർ. ബെഞ്ചിലിരുന്ന അെൻറായിൻ ഗ്രീസമാൻ, പോൾപൊഗ്ബ, ഒസ്മാൻ ഡെംബലെ, ബെഞ്ചമിൻ പവാർഡ് തുടങ്ങിവരെ കൂടി രണ്ടാം പകുതിയിൽ കളത്തിലിറക്കി.
ടീമിലെ 18 താരങ്ങൾക്കും അവസരം നൽകാൻ ദെഷാംപ്സ് മറന്നില്ല. ചാമ്പ്യൻസ്ലീഗ് ജേതാവായെത്തിയ റഫേൽ വറാനെ ഒഴികെ എല്ലാരും ടീമിനൊപ്പം ചേർന്നിരുന്നു. കാൽമുട്ടിലെ പരിക്ക് വലച്ച രണ്ടരവർഷത്തിനുശേഷം ടീമിൽ തിരിച്ചെത്തിയ ഫെകിർ തിരിച്ചുവരവ് ഗംഭീരമാക്കി. മുന്നേറ്റങ്ങളിൽ വിങ്ങിലൂടെ ജിറൂഡിന് പന്തെത്തിച്ച് അദ്ദേഹം േകാച്ചിെൻറ പരീക്ഷണത്തിൽ എ പ്ലസ് നേടി. ഫെകിറിെൻറ കോർണറിൽ നിന്നായിരുന്നു ജിറൂഡിെൻറ ഒാപണിങ് ഗോൾ.
അതേസമയം, എംബാപ്പെ നിരവധി അവസരങ്ങൾ തുറന്നെങ്കിലും നിർഭാഗ്യം തടസ്സമായി. ദേശീയ ടീം ജഴ്സിയിൽ 31 ഗോൾ നേടിയ ജിറൂഡ് സിനദിൻ സിദാനൊപ്പമെത്തി. ലോകകപ്പ് ഗ്രൂപ് ‘സി’യിൽ ജൂൺ 16ന് ആസ്ട്രേലിയക്കെതിരെയാണ് ഫ്രാൻസിെൻറ ആദ്യ മത്സരം.
ക്രിസ്റ്റ്യാനോയില്ലാത്ത പോർചുഗൽ
ക്രിസ്റ്റ്യാനോ റൊണാൾഡോയില്ലാത്ത പോർചുഗലിെൻറ വീഴ്ച തുറന്നുകാണിച്ച് പോർചുഗലിെൻറ സമനില. ലോകകപ്പിലെ രണ്ടു ടീമുകളുടെ പോരാട്ടത്തിൽ 2-2നാണ് പോർചുഗൽ തുനീഷ്യയോട് കീഴടങ്ങിയത്. കളിയുടെ ആദ്യ പകുതിയിൽ ആന്ദ്രെ സിൽവയും (22), ജൊ മരിയോയും (34) ചേർന്ന് പോർചുഗലിന് ലീഡ് നൽകി. എന്നാൽ, 39ാം മിനിറ്റിൽ തന്നെ അനിസ് ബദ്രിയിലൂടെ തുനീഷ്യ തിരിച്ചടിച്ചു. 64ാം മിനിറ്റിൽ ഫകർദീൻ ബെൻ യൂസുഫിെൻറ ഗോളിലൂടെ കളി സമനിലയായി. മിലാൻ താരമായ സിൽവയിലൂടെ പോർചുഗലിെൻറ രാജ്യാന്തര ഗോൾ എണ്ണം 1000 തികഞ്ഞു. സിൽവയും റിക്വാർഡോ ക്വറസ്മയും നയിച്ച പോർചുഗൽ മുന്നേറ്റത്തെ കായികമായാണ് തുനീഷ്യ തടഞ്ഞുനിർത്തിയത്.
ചാമ്പ്യൻസ് ലീഗിൽ റയലിന് കിരീടം സമ്മാനിച്ച ക്രിസ്റ്റ്യാനോ റഷ്യയിൽ ടീമിനൊപ്പം ചേരുമെന്നാണ് സൂചന. ജൂൺ രണ്ടിന് ബെൽജിയത്തെയും ഏഴിന് അൽജീരിയയെയും നേരിടുന്ന ടീമിൽ ക്രിസ്റ്റ്യാനോ കളിക്കില്ല.
മാൻസീനിയുടെ ഇറ്റലി
ലോകകപ്പിനുള്ള സൗദിയും ലോകകപ്പിലില്ലാത്ത ഇറ്റലിയും തമ്മിലായിരുന്നു സ്വിറ്റ്സർലൻഡിലെ പോരാട്ടം. ജൂൺ 14ന് ഉദ്ഘാടന മത്സരത്തിൽ റഷ്യയെ നേരിടുന്ന സൗദിക്ക് പുതിയ അടവുകൾ പകർന്നുനൽകിയതായി ഇറ്റലിയുടെ പ്രകടനം. മരിയോ ബലോടെല്ലിയും (21ാം മിനിറ്റ്), ആന്ദ്രെ ബെലോട്ടിയും (68) നേടിയ ഗോളിലൂടെയാണ് റോബർടോ മാൻസീനിയുടെ കീഴിൽ ആദ്യ മത്സരത്തിനിറങ്ങിയ ഇറ്റലിയുടെ ജയം.
70ാം മിനിറ്റിൽ യഹ്യ അൽ ഷെഹ്രിയിലൂടെയാണ് സൗദിയുടെ ആശ്വാസഗോൾ പിറന്നത്. 4-3-3 ഫോർമേഷനിൽ ടീമിനെ ഇറക്കിയ മാൻസീനി ഗോൾ പോസ്റ്റിന് കീഴെ ജിയാൻ ലൂയിജി ഡോണറുമ്മയെ ഇറക്കി. ഇറ്റലിയുടെ ഇടതടവില്ലാത്ത ആക്രമണത്തെ പ്രതിരോധിക്കാനായെങ്കിലും നിർണായക മത്സരത്തിലെ വീഴ്ചകളിലേക്ക് ചൂണ്ടുപലകയാവുന്നതാണ് സൗദിയുടെ തോൽവി.
60 വർഷത്തിനിടെ ആദ്യമായി ലോകകപ്പിന് പുറത്തായ ഇറ്റലിക്ക് ആറുമാസത്തിന് ശേഷമാണ് പുതിയ പരിശീലകനെത്തുന്നത്. ജൂൺ ഒന്നിന് ഇറ്റലി ഫ്രാൻസിനെയും നാലിന് നെതർലൻഡിനെയും നേരിടും. സൗദിക്ക് പെറുവും ജർമനിയുമാണ് അടുത്ത സന്നാഹ മത്സരത്തിലെ എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.