മെക്സികോക്ക് എന്നും പതിനാറ്
text_fieldsഎത്ര ആകർഷകമായി കളിച്ചാലും പ്രീക്വാർട്ടറിനു അപ്പുറമെത്താൻ യോഗമില്ലാത്തവരാണ് മെക്സികോ. 1986ൽ സ്വന്തം നാട്ടിൽ ക്വാർട്ടറിൽ കടന്ന അവർക്ക് ’90ൽ യോഗ്യത നേടാൻ ആയില്ല. 1994 മുതൽ 2014 വരെ എല്ലാ ലോകകപ്പിലും ആദ്യ റൗണ്ടുകളിൽ ഒത്തിണക്കവും ഗതിവേഗവും ഗോളടിമികവും കാഴ്ചെവച്ചിട്ടും അവസാന 16ൽ അവസാനിച്ചു. രസകരമെന്ന് പറയട്ടെ 16 തന്നെയാണ് ലോക റാങ്കിങ്ങിലും അവരുടെ സ്ഥാനം. 2006ലും 2010ലും ജൈത്രയാത്ര അവസാനിപ്പിച്ചത് അർജൻറീന ആയിരുന്നെങ്കിൽ 2014ൽ നെതർലൻഡ്സ് അന്തകനായി.
ഇത്തവണ അത് മറക്കുവാനും മെക്സിക്കൻ അപാരതയിലേക്കു നയിക്കാനുമാണ് പരിചയസമ്പന്നനായ പരിശീലകൻ ഹ്വാൻ കാർലോസ് ഓസോറിയോ ശക്തമായ ഒരു യുവനിരയുമായി റഷ്യയിലെത്തുന്നത്. 2012 ലണ്ടൻ ഒളിമ്പിക്സ് സ്വർണമെഡൽ ജേതാക്കൾക്കു മുൻഗണന നൽകിക്കൊണ്ടാണ് ടീമിനെ അണി നിരത്തുന്നത്. മധ്യ അമേരിക്ക ഗ്രൂപ്പിൽ ഒരു മത്സരവും കീഴടങ്ങാതെയാണവർ റഷ്യയിലേക്കുള്ള പാസ്പോർട്ട് തരമാക്കിയത്. ആറ് കളിയിൽ ഒരു ഗോളേ വഴങ്ങിയുള്ളൂ.
അയൽക്കാരായ അമേരിക്കയുടെ ലോകകപ്പ് മോഹങ്ങൾ തച്ചുടച്ചാണ് മെക്സികോ ഇത്തവണ റഷ്യയിലെത്തുന്നത്. ഉത്തര മധ്യ അമേരിക്കൻ മേഖലയിൽനിന്ന് അവർക്കൊപ്പം യോഗ്യത നേടിയത് കോസ്റ്ററീകയും പാനമയും മാത്രമാണ്. കഴിഞ്ഞ കോൺഫെഡറേഷൻ കപ്പ് സെമിയിൽ തങ്ങളെ തോൽപിച്ച (1-4) ലോക ജേതാക്കളായ ജർമനിയുമായാണ് ആദ്യ മത്സരം.
ഇതുവരെ 11 തവണ ഇരുവരും ഏറ്റുമുട്ടിയിട്ടുണ്ടെങ്കിലും അഞ്ചുതവണ മെക്സികോ തോൽവി ഏറ്റുവാങ്ങി. ഒരു തവണയേ വിജയിക്കുവാൻ കഴിഞ്ഞിട്ടുള്ളൂ. അഞ്ച് സമനിലകളും. സ്വീഡനെതിരെ ഒമ്പത് കളിയിൽ രണ്ടു ജയവും നാല് തോൽവിയും. കൊറിയക്കെതിരെ 12 കളിയിൽ ആറിലും ജയം. നാല് തോൽവിയും രണ്ട് സമനിലകളും. എന്നാൽ, കണക്കിലെ കളികളിൽ വിശ്വസിക്കാത്ത പോരാട്ട വീര്യമാണ് മെക്സിക്കൻ കരുത്ത്.
വെസ്റ്റ്ഹാമിെൻറ ഹാവിയർ ഹെർണാണ്ടസ് (ചിറ്റാരിറ്റോ), പോർട്ടോയുടെ ജീസസ് മാനുവൽ കൊറോണ, ലോസ്ആഞ്ജലസ് എഫ്.സിയുടെ കാർലോസ് വേല, പി.എസ്.വി ഐന്തോവെൻറ ഇർവിങ് ലൊസാനോ എന്നിവരാണ് ശ്രദ്ധേയ താരങ്ങൾ.
പ്രവചനം:
പതിവുപോലെ പ്രീക്വാർട്ടറിൽ ഇത്തവണയും മെക്സികോ കടന്നുകൂടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.