പെരുംന്നാൾ കളി : പോർച്ചുഗൽ-സ്പെയിൻ
text_fieldsസോചി: ലോകകപ്പിന് കിക്കോഫ് വിസിൽ മുഴങ്ങി രണ്ടാം ദിനം തന്നെ ഗ്രൂപ് റൗണ്ടിലെ രാജകീയ പോരാട്ടം അരങ്ങേറും. ഗ്രൂപ് ബിയിലാണ് മുൻ ചാമ്പ്യന്മാരായ സ്പെയിനും നിലവിയെ യൂറോപ്യൻ ജേതാക്കളായ പോർചുഗലും കൊമ്പുകോർക്കുന്നത്. രണ്ട് ടീമുകളുടെയും ആദ്യ മത്സരമാണെന്നതിനാൽ ഏറെ ശ്രദ്ധയോടെയാകും ഇരുനിരകളും അങ്കത്തട്ടിലിറങ്ങുക. അതേസമയം, ഗ്രൂപ്പിലെ കരുത്തരുടെ പോരാട്ടമായതിനാൽ ഗ്രൂപ് ജേതാക്കളെ നിശ്ചയിക്കുന്നതിലും നിർണായകമാവുന്ന മത്സരമായിരിക്കുമിതെന്ന് വിലയിരുത്തപ്പെടുന്നു.
2010ൽ ആദ്യമായി കിരീടം സ്വന്തമാക്കിയ സ്പെയിനിന് പക്ഷേ, കഴിഞ്ഞതവണ ആദ്യ റൗണ്ടിൽതന്നെ അടിതെറ്റിയിരുന്നു. അതിെൻറ ക്ഷീണം ഇത്തവണ തീർക്കാമെന്ന മോഹവുമായെത്തിയ അവർക്കുപക്ഷേ, കോച്ച് യൂലൻ ലോപറ്റ്ഗൂയിയുടെ അപ്രതീക്ഷിത പുറത്താക്കൽ തിരിച്ചടിയായി. പകരക്കാരൻ ഫെർണാണ്ടോ ഹിയറോക്ക് ടീമിനെ എത്രമാത്രം പ്രചോദിപ്പിക്കാനാവുമെന്നത് നിർണായകമാവും. മറുവശത്ത് യൂറോ കിരീടം നേടിയ പരിശീലകൻ ഫെർണാണ്ടോ സാേൻറാസിെൻറ കീഴിൽ തന്നെയാണ് ഇറങ്ങുന്നത് എന്നത് പോർചുഗലിന് കരുത്തേകും.
സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരുത്തിലിറങ്ങുന്ന പോർചുഗൽ യൂറോകപ്പിലെ വിജയം ഫ്ലൂക്കായിരുന്നില്ലെന്ന് തെളിയിക്കാനുള്ള പുറപ്പാടിലാണ്. മറ്റു സൂപ്പർതാരങ്ങളില്ലെങ്കിലും ഒത്തിണക്കമുള്ള ടീം ഗെയിം കളിക്കുന്നു എന്നതാണ് ‘ദ നാവിഗേറ്റേഴ്സി’െൻറ പ്രത്യേകത. ഗോൾവല കാക്കുന്ന റൂയി പാട്രീഷ്യോക്ക് മുന്നിൽ പരിചയസമ്പന്നരായ ബ്രൂണോ ആൽവസും പെപെയുമായിരിക്കും പ്രതിരോധക്കോട്ട കെട്ടുക. ഇരുവശങ്ങളിലുമായി റാഫേൽ ഗ്വരേരോയും സെഡ്രിക് സോറസുമുണ്ടാവും. മധ്യനിരയിൽ പ്രതിരോധച്ചുമതലയുള്ളവരായി വില്യം കാർവാലോയും ജാവോ മാരിയോയും വിങ്ങുകളിൽ ബെർണാഡോ സിൽവയും റിക്കാർഡോ ക്വറസ്മയും. മുൻനിരയിൽ ക്രിസ്റ്റ്യാനോക്ക് പിന്തുണ നൽകാൻ ആന്ദ്രെ സിൽവയും അണിനിരക്കും. സിൽവക്ക് പകരം ഫോമിലുള്ള ഗോൺസാലോ ഗ്വഡസ് ഇറങ്ങാനും സാധ്യതയുണ്ട്. ക്രിസ്റ്റ്യാനോക്ക് മധ്യനിരയിൽനിന്ന് എങ്ങനെ പന്തെത്തുന്നു എന്നതിെന ആശ്രയിച്ചാവും പോർചുഗലിെൻറ സാധ്യതകൾ.
ക്രിസ്റ്റ്യാനോയുടെ ക്ലബ് ക്യാപ്റ്റൻ സെർജിയോ റാമോസ് തന്നെയാവും സൂപ്പർതാരത്തെ പിടിച്ചുകെട്ടാൻ നിയോഗിക്കപ്പെടുക. സൂപ്പർ ഗോളി ഡേവിഡ് ഡിഗിയക്ക് മുന്നിൽ റാമോസ്-ജെറാർഡ് പിക്വെ ജോടിയാണ് സ്പെയിനിെൻറ പ്രതിരോധ ശക്തിദുർഗങ്ങൾ. ഇടതുബാക്കായി ജോർഡി ആൽബ ഇറങ്ങുേമ്പാൾ വലതുവിങ്ങിൽ പരിക്കേറ്റ ഡാനി കാർവഹാലിെൻറ സ്ഥാനത്ത് പുതുമുഖം അൽവാരോ ഒാഡ്രിസോളയാവും ഇറങ്ങുക. പരിചയസമ്പന്നനായ നാച്ചോക്കും സാധ്യതയുണ്ട്. മധ്യനിരയുടെ അടിത്തട്ടിൽ സെർജിയോ ബുസ്ക്വറ്റ്സും തിയാഗോ അൽകൻറാരയും അണിനിരക്കും. ക്രിയേറ്റിവ് മിഡ്ഫീൽഡർമാരായി ആന്ദ്രെ ഇനിയെസ്റ്റ-ഇസ്കോ-ഡേവിഡ് സിൽവ ത്രയമാണുണ്ടാവുക. ഡീഗോ കോസ്റ്റയായിരിക്കും ഒറ്റയാൻ സ്ട്രൈക്കർ. മാർകോ അസെൻസിയോ, റോഡ്രീഗോ, ലൂകാസ് വാസ്ക്വസ്, കോക്കെ തുടങ്ങിയവരും ഏതുസമയത്തും ഇറങ്ങാൻ തയാറായി ഉണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.