ബ്രസീലിന് കലിപ്പടക്കണം, കപ്പടിക്കണം
text_fieldsറെക്കോഡ് ലോകകപ്പ് ജേതാക്കളാണ് ബ്രസീൽ. ഒരുകാലത്ത് ഫുട്ബാളിെൻറ പര്യായവും അവരായിരുന്നു. കളിക്കളത്തിൽ ചിത്രം വരച്ചുകൊണ്ട് മനുഷ്യമനസ്സുകളെ ഉന്മാദത്തിെൻറ പാരമ്യതയിൽ എത്തിച്ച നിരവധി ഫുട്ബാൾ നർത്തകരെയും അവർ കാലത്തിനു സമ്മാനിച്ചു. പെലെ, ദീദി, വാവ, ഗരിഞ്ച എന്നീ പേരുകളൊക്കെ യുഗാന്തരങ്ങളോളം കായികപ്രേമികളുടെ നാവിൻതുമ്പിലെ മാധുര്യമായിരുന്നു. ഓർമിക്കാനും ഒാമനിക്കാനും ഒരുപാട് മുഹൂർത്തങ്ങൾ ഫുട്ബാൾ ആരാധകർക്ക് സമ്മാനിച്ചവർക്ക് സ്വന്തം മണ്ണിൽ സംഘടിപ്പിച്ച രണ്ടു ലോകകപ്പുകളും നടുങ്ങുന്ന ഓർമകളായിരുന്നു. 1950ൽ കലാശക്കളിക്ക് നിനച്ചിരിക്കാതെ അയൽക്കാരായ ഉറുഗ്വായ്ക്ക് മുന്നിൽ കീഴടങ്ങി. അതിലും ഭയാനകമായിരുന്നു കഴിഞ്ഞ ലോകകപ്പ് സെമിഫൈനലിൽ ജർമനിയോടേറ്റ 7-1െൻറ ദയനീയ തോൽവി. അത് മറക്കുവാനും പകവീട്ടുവാനും തന്നെയാണ് ഇത്തവണ യോഗ്യത നേടിയ ആദ്യ ടീമായി റഷ്യയിലെത്തുന്നത്. യോഗ്യത റൗണ്ടിൽ 41 ഗോളടിച്ച് മേഖലയിലെ ഒന്നാം സ്ഥാനക്കാരുമായിരുന്നു.
നൂറ്റാണ്ടുകളോളം പോർചുഗീസ് കോളനിയായിരുന്ന ബ്രസീലിൽ കാൽപന്തുകളി എത്തിച്ചത് പറങ്കികളായിരുന്നുവെന്നാണ് ആദ്യ കാലങ്ങളിലെ വിശ്വാസം. എന്നാൽ, സ്കോട്ട്ലൻഡിൽനിന്ന് മടങ്ങിയെത്തിയ ഒരു പ്രവാസി തോമസ് ഡോണോഹേ ആയിരുന്നു ബ്രസീലിൽ ഫുട്ബാളിനെ അവതരിപ്പിച്ചത്. മറുനാട്ടിൽ കണ്ട അതേ മാതൃകയിൽ വരച്ചുണ്ടാക്കിയ ഒരു കളിക്കളത്തിൽ േതാമസ് ഡോണോഹേ ആദ്യ ഫുട്ബാൾ മത്സരത്തിന് 1894ൽ കിക്കോഫ് കുറിച്ചു. പുതു കായിക ചരിത്രത്തിലേക്കുള്ള കുതിപ്പായി അതുമാറി. കാൽപന്തു കളിക്കുള്ള എല്ലാ പുരസ്കാരങ്ങളും ബ്രസീലിനൊപ്പമെത്തി. ഒളിമ്പിക്സ് സ്വർണവും കോൺഫെഡറേഷൻ കപ്പും ലോകകപ്പുമൊക്കെ.
1500ൽ ഇന്ത്യയിലേക്കുള്ള വഴിതേടി സമുദ്ര യാത്ര നടത്തിയ പെഡ്രോ അൽവാരെസ് കബ്രാൾ ചെന്നിറങ്ങിയ ഇടമാണ് സാൽവഡോറിനും റിയോക്കുമിടയിലെ ഇന്നത്തെ ബ്രസീൽ. അവർ ചെന്നിറങ്ങിയ ഇടത്തിനു നൽകിയ പേരായിരുന്നു ജനുവരിയുടെ തീരം എന്നർഥമുള്ള ‘റിയോ െഡ ജനീറോ’.
ഉയിർത്തെഴുന്നേറ്റ് സാംബാ
പ്രധാന സ്പോർട്സ് ഫുട്ബാൾ ആണെങ്കിലും രക്തത്തിൽ അലിഞ്ഞുചേർന്ന മറ്റൊരു കായിക വിനോദമാണ് ‘കപൊരിയാ’. നമ്മുടെ കളരിപോലെ ഒരു കായികാഭ്യാസ പ്രകടനം. ചടുലമായ നൃത്തചുവടുകളുടെ സമന്വയം കൂടിയാണത്. വോളിബാളിലും ബീച്ച് വോളിബാളിലും ലോക ജേതാക്കൾ കൂടിയാണ് ബ്രസീൽ.
ഇതുവരെയുള്ള എല്ലാ ലോകകപ്പ് മത്സരങ്ങളിലും പങ്കെടുക്കുകയും അഞ്ചുതവണ വിജയികളാവുകയും ചെയ്ത ബ്രസീൽ, കഴിഞ്ഞ സെമിഫൈനലിലെ നടുങ്ങുന്ന ഓർമകൾ മറന്നുകൊണ്ട് ഇത്തവണ ലാറ്റിനമേരിക്കൻ യോഗ്യത ഗ്രൂപ്പിൽ ആകർഷകമായ പ്രകടനങ്ങളുമായിട്ടാണ് ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി റഷ്യയിൽ എത്തുന്നത്. ദുംഗ അടക്കം വമ്പന്മാരായ നിരവധി പരിശീലകരെ മാറിമാറി പരീക്ഷിച്ചിട്ടും പഴയ ബ്രസീൽ ആകാൻ വിഷമിച്ചവർ പുതിയ കോച്ച് ടിറ്റെയിലൂടെ ദിശാബോധം വീണ്ടെടുത്തിരിക്കുകയാണ്. ചുവടുകൾക്ക് സാംബാതാളം വന്നു, കളിക്ക് വീര്യവുമേറി. യോഗ്യത റൗണ്ടിൽ രണ്ടാം സ്ഥാനക്കാരായ ഉറുഗ്വായ്യെക്കാൾ 10 പോയൻറ് അധികം നേടി അവർ ഗ്രൂപ് ജേതാക്കളായി.
ഗുരുതരമായി പരിക്കേറ്റ സൂപ്പർതാരം നെയ്മർ ജൂണിൽ ചികിത്സയും വിശ്രമവും കഴിഞ്ഞു ശക്തനായി മടങ്ങിവരുന്നതും കാത്തിരിപ്പാണ് ആരാധകലോകം. അദ്ദേഹത്തിനൊപ്പം ഫിലിപ് കുടീന്യോ, പൗളീന്യോ, ഗബ്രിയേൽ ജീസസ്, ഫിർമീന്യോ എന്നിവർകൂടി ചേർന്നാൽ എതിരാളികൾക്ക് പിടിപ്പതുപണിയാവും. ബ്രസീലിനുവേണ്ടി കുടീന്യോ ഇതുവരെ എട്ടു ഗോളുകളേ നേടിയിട്ടുള്ളൂവെങ്കിലും പൗളീന്യോക്കൊപ്പമുള്ള അസാധാരണ കോമ്പിനേഷൻ ടീമിന് മികവാണ്. പിൻനിരയിൽ പരിചയസമ്പന്നരായ മാഴ്സലോ, ഡാനി ആൽവസ്, തിയാഗോ സിൽവ എന്നിവർ അണിനിരക്കുമ്പോൾ എതിർ ടീമുകൾക്ക് കടന്നുകയറാൻ പ്രയാസമാകും. സ്വിറ്റ്സർലൻഡ്, കോസ്റ്ററീക, സെർബിയ എന്നിവരാണ് ഗ്രൂപ് റൗണ്ടിൽ അവർക്കൊപ്പമുള്ളത്.
അപമാനം മറക്കുവാനായി കപ്പുനേടുക എന്ന ദൗത്യം മാത്രമേ ടിറ്റെക്കും കുട്ടികൾക്കും ഉള്ളൂ. അതിെൻറ ഡ്രസ് റിഹേഴ്സൽ ആയിരുന്നു ജർമനിക്കെതിരായ സൗഹൃദം. കഴിഞ്ഞ ലോകകപ്പിൽ തങ്ങളെ നാണം കെടുത്തിയവരെ മ്യൂണിക്കിലെത്തി കീഴടക്കിയത് ബ്രസീലുകാരുടെ ആത്മവിശ്വാസം ഏറെ ഉയർത്തിക്കഴിഞ്ഞു.
പ്രവചനം
ഗ്രൂപ് റൗണ്ടിൽ അനായാസം.
ടീം പ്രഖ്യാപനം രണ്ടു ദിവസത്തിനകം; ബ്രസീൽ ടീം തിങ്കളാഴ്ച
മോസ്കോ: ലോകകപ്പിനുള്ള 35 അംഗ ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാന ദിവസം തിങ്കളാഴ്ച. ഇതോടെ, വിശ്വമേളയിൽ പന്തുതട്ടുന്ന 32 ടീമുകളും തങ്ങളുടെ പ്രാഥമിക സംഘത്തെ ഇനിയുള്ള മണിക്കൂറുകളിൽ പ്രഖ്യാപിക്കും. ഫിഫ നേരത്തെ നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരമാണിത്. 30-35 അംഗ സാധ്യത ടീമിനെ മേയ് 14നും, 23 അംഗ അന്തിമ സംഘത്തെ ജൂൺ നാലിനുമായി പ്രഖ്യാപിക്കാനാണ് നിർദേശിച്ചത്.
ആസ്ട്രേലിയ, െഎസ്ലൻഡ് ടീമുകൾ നേരത്തെ തന്നെ 35 അംഗ സംഘത്തെ തിരഞ്ഞെടുത്തു. ആതിഥേയരായ റഷ്യ വെള്ളിയാഴ്ചയും പ്രഖ്യാപിച്ചു. 28 അംഗ ടീമിനെയും ഏഴ് റിസർവ് താരങ്ങളെയുമാണ് കോച്ച് സ്റ്റാനിസ്ലാവ് ചെർഷസോവ് തിരഞ്ഞെടുത്തത്. 28 അംഗ ടീമിൽ മൂന്നു പേർ മാത്രമാണ് റഷ്യക്ക് പുറത്ത് കളിക്കുന്നത്. ബ്രസീലിെൻറ 23 അംഗ ടീമിനെ തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്ന് കോച്ച് ടിറ്റെ അറിയിച്ചു. ഇംഗ്ലണ്ടിെൻറ അന്തിമ ടീമിനെ മേയ് 17ന് കോച്ച് ഗാരെത് സൗത് ഗെയ്റ്റ് പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.