സിദാനെ സ്വന്തമാക്കാൻ കച്ചകെട്ടി വമ്പന്മാർ
text_fieldsപാരിസ്: ഉടൻ കോച്ചിങ്ങിലേക്ക് മടങ്ങുമെന്ന് പ്രഖ്യാപിച്ചതോടെ യൂറോപ്പിലെ വമ്പൻ ക്ലബുകൾ സിനദിൻ സിദാനെന്ന സൂപ്പർ കോച്ചിനു പിന്നാലെയാണ്. റയൽ മഡ്രിഡിന് ഹാട്രിക് ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുത്തതിനു പിന്നാലെ മൂന്നു മാസം മുമ്പാണ് സിദാൻ അപ്രതീക്ഷിതമായി പരിശീലകസ്ഥാനമൊഴിഞ്ഞത്. അതിനുശേഷം മറ്റൊരു ക്ലബുമായി അദ്ദേഹം കരാറൊപ്പിട്ടിട്ടില്ല. കഴിഞ്ഞദിവസമാണ് ഉടൻ കോച്ചിങ്ങിൽ മടങ്ങിയെത്തുമെന്ന് സിദാൻ പ്രഖ്യാപിച്ചത്.
‘‘എനിക്ക് കോച്ചിങ് ഇഷ്ടമാണ്. ഉടൻ അവിടേക്ക് തിരിച്ചെത്തും’’ -സിദാെൻറ ഇൗ വാക്കുകൾ യൂറോപ്പിലെ വമ്പൻ ക്ലബുകൾക്ക് ആവേശം പകർന്നിരിക്കുകയാണ്. ഏതു ക്ലബിലേക്കാവും സിദാൻ പരിശീലകനായി എത്തുക എന്നത് യൂറോപ്പിലെ മാധ്യമങ്ങൾക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. സ്പാനിഷ് ലീഗിലേക്കുതന്നെ സിദാൻ തിരിച്ചെത്തുമോ? അതോ ഇറ്റാലിയൻ ലീഗോ ഇംഗ്ലീഷ് പ്രീമിയർ ലീഗോ തെരഞ്ഞെടുക്കുമോ? അല്ലെങ്കിൽ സ്വന്തം നാടായ ഫ്രാൻസിലെ ലീഗിലേക്ക് വരുമോ? സിദാൻ മനസ്സുതുറന്നിട്ടില്ലെങ്കിലും മുൻനിര ക്ലബുകൾ അദ്ദേഹത്തിനുവേണ്ടി വാതിലുകൾ തുറന്നുവെച്ചുകഴിഞ്ഞു.
ഇറ്റലിയിലെ യുവൻറസ്, ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ യുനൈറ്റഡ്, ഫ്രാൻസിലെ പാരിസ് സെൻറ് ജെർമൻ ടീമുകളാണ് സിദാനെ വലയിലാക്കാൻ മുന്നിലുള്ളത്. റയൽ മഡ്രിഡിലൂടെ സൂപ്പർതാര പരിവേഷം ലഭിക്കുന്നതിനുമുമ്പ് സിദാെൻറ കളിത്തട്ടായിരുന്നു യുവൻറസ്. ടൂറിൻ ക്ലബിൽ കളിക്കുേമ്പാഴാണ് സിദാനെ ലോകമറിഞ്ഞുതുടങ്ങിയത്. സിദാെൻറ ചുമലിലേറി ഫ്രാൻസ് ആദ്യമായി ലോകകപ്പ് നേടിയതും ആ കാലത്തുതന്നെ. കൂടാതെ, റയലിൽ സിദാെൻറ ടീമിെൻറ അവിഭാജ്യ ഘടകമായിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ യുവൻറസിലുള്ളതും സിദാൻ അവിടെയെത്തിയേക്കുമെന്നതിന് സഹായകരമായിരിക്കുമെന്ന് കരുതപ്പെടുന്നു. എന്നാൽ, നിലവിലെ കോച്ച് മാക്സിമിലിയാനോ അലെഗ്രിയുടെ കീഴിൽ യുവൻറസിെൻറ പ്രകടനം മികച്ചതാണെന്നതിനാൽ അദ്ദേഹത്തെ ടീം കൈവെടിയുമോ എന്നതാവും പ്രധാന ചോദ്യം. അതേസമയം, സിദാനെപ്പോലൊരു കോച്ചിനെ ലഭിക്കുമെങ്കിൽ അലെഗ്രിയെ കൈയൊഴിയാൻ യുവൻറസ് തയാറാവാതിരിക്കുമോ എന്ന മറുചോദ്യവുമുണ്ട്.
യുനൈറ്റഡാണ് സിദാനെ പ്രതീക്ഷയോടെ നോക്കുന്ന മറ്റൊരു പ്രമുഖ ക്ലബ്. ജോസ് മൗറീന്യോയുടെ കീഴിൽ മോശം ഫോം തുടരുന്ന യുനൈറ്റഡ് ഇൗ സീസണോടെ പോർചുഗീസുകാരനുമായി വഴിപിരിയുമെന്നാണ് കരുതപ്പെടുന്നത്. സിദാനെ കിട്ടുകയാണെങ്കിൽ യുനൈറ്റഡിന് അത് വൻ നേട്ടമാവും. യുനൈറ്റഡിലെത്തുകയാണെങ്കിൽ റയൽ വിട്ടശേഷം ചേേക്കറുന്നത് അത്രതന്നെ പേരും പ്രശസ്തിയുമുള്ള ക്ലബിലേക്കാണ് എന്നത് സിദാനെയും മോഹിപ്പിക്കുന്ന ഘടകമാണ്. അതേസമയം, യൂറോപ്പിലും ആഭ്യന്തര ലീഗിലും സമീപകാലത്തൊന്നും കിരീടം നേടിയിട്ടില്ലാത്ത ടീമാണ് യുനൈറ്റഡ് എന്ന ചീത്തപ്പേര് നിലനിൽക്കുന്നുണ്ടു താനും. ഇതിഹാസ പരിശീലകൻ അലക്സ് ഫെർഗൂസനുശേഷം ടീമിന് അനുയോജ്യനായ ഒരു കോച്ചിനെ കിട്ടിയിട്ടില്ലാത്ത യുനൈറ്റഡ് സിദാെൻറ വരവിനായി കാത്തിരിക്കുകയാണ്.
ഫ്രഞ്ച് ലീഗിലെ വമ്പന്മാരായ പി.എസ്.ജിയാണ് സിദാെൻറ ലക്ഷ്യമാകാൻ സാധ്യതയുള്ള മറ്റൊരു ക്ലബ്. എന്നാൽ, പരമ്പരാഗതമായി പാരിസുകാരുടെ എതിരാളികളായ മാഴ്സെ നഗരത്തിൽ ജനിച്ചുവളർന്ന സിദാനെ ഉൾക്കൊള്ളാൻ തലസ്ഥാന നഗരിയിലെ പ്രമുഖ ക്ലബിനാവുമോ എന്നത് സംശയകരമാണ്. കളത്തിൽ അപ്രതീക്ഷിതമായ കാര്യങ്ങൾ നടപ്പാക്കുന്ന മാന്ത്രികനായിരുന്നു സിദാൻ. കളിക്കാരനെന്ന നിലയിൽ സാധ്യമായതെല്ലാം വെട്ടിപ്പിടിച്ച സിദാൻ കുമ്മായവരക്കരികിൽ നിന്നപ്പോഴും വ്യത്യസ്തനായിരുന്നില്ല. അതിനാൽതന്നെ സിദാനുവേണ്ടി രംഗത്തിറങ്ങാൻ ഏതു ക്ലബും കൊതിക്കും. അതുകൊണ്ടുതന്നെ സൂപ്പർ കോച്ചിെൻറ തിരിച്ചുവരവ് ആർക്കൊപ്പമായിരിക്കുമെന്നത് കാണാൻ കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ആരാധകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.