ഹോക്കിയിൽ ഇന്ത്യക്ക് വിജയത്തുടക്കം
text_fieldsറയോ ഡെ ജനീറോ: സുവര്‍ണ സ്വപ്നത്തിലേക്ക് സ്റ്റിക്കേന്തുന്ന ശ്രീജേഷിനും സംഘത്തിനും ഒളിമ്പിക്സ് ഹോക്കിയില്‍ വിജയത്തുടക്കം. 2000ത്തിലെ സിഡ്നി ഒളിമ്പിക്സിനുശേഷം ലോകകായികമേളയില്‍ ആദ്യ മത്സരത്തില്‍ വിജയം നേടിയിട്ടില്ളെന്ന നിര്‍ഭാഗ്യം മറികടന്നത് കടുത്ത മത്സരത്തിനൊടുവില്‍. കാര്യമായ വെല്ലുവിളിയാവില്ളെന്ന് കരുതിയ ദുര്‍ബലരായ അയര്‍ലന്‍ഡ് അവസാനനിമിഷം വരെ വിറപ്പിച്ചശേഷം കീഴടങ്ങിയപ്പോള്‍ ഇന്ത്യയുടെ വിജയം 3-2ന്.
അവസാനഘട്ടത്തിലെ അയര്‍ലന്‍ഡിന്‍െറ രണ്ടാം ഗോളും വിഡിയോ റഫറലുമെല്ലാമായി നാടകീയമായിത്തീര്‍ന്ന മത്സരത്തില്‍ രണ്ടുഗോളിന് മുന്നിട്ടുനിന്നശേഷമാണ് ഇന്ത്യ രണ്ടുവട്ടം ഗോള്‍ വഴങ്ങിയത്. പെനാല്‍റ്റി കോര്‍ണറുകളില്‍നിന്നായിരുന്നു ഇന്ത്യയുടെ മൂന്നു ഗോളുകളും. രൂപീന്ദര്‍പാല്‍ സിങ് രണ്ടുവട്ടം എതിര്‍ ഗോളിയെ കീഴടക്കിയപ്പോള്‍ രഘുനാഥും ലക്ഷ്യംകണ്ടു. ജെര്‍മെയ്ന്‍ ജോണ്‍, കോണോര്‍ ഹാര്‍ട്ടെ എന്നിവരാണ് അയര്‍ലന്‍ഡിനായി ഗോളുകള്‍ നേടിയത്.
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്ണറപ്പ് നേട്ടവും സമീപകാലത്തെ മികച്ച ഫോമും ലോക അഞ്ചാം നമ്പര്‍ സ്ഥാനമെന്ന പെരുമയുമായി ഒളിമ്പിക്സ് ഹോക്കി സെന്‍ററിലെ ടര്‍ഫിലിറങ്ങിയ നീലപ്പട കരുതലോടെയാണ് തുടങ്ങിയത്. മുമ്പ് ആറുവട്ടം ഏറ്റുമുട്ടിയപ്പോള്‍ ഒരുതവണ തങ്ങളെ കീഴടക്കിയിട്ടുള്ള ഐറിഷുകാരുടെ ശക്തിദൗര്‍ബല്യങ്ങള്‍ അളന്ന് കളിമെനഞ്ഞ ഇന്ത്യ അഞ്ചാം മിനിറ്റിലാണ് എതിര്‍ ‘ഡി’ക്കുള്ളില്‍ ആദ്യ അപകടകരമായ മുന്നേറ്റം നടത്തിയത്. ഹര്‍മന്‍പ്രീതില്‍നിന്ന് മന്‍പ്രീത് സിങ് വഴി വി.എസ്. സുനിലിലത്തെിയ പന്ത് പക്ഷേ, ലക്ഷ്യംകണ്ടില്ല. മൂന്നുമിനിറ്റിനുശേഷം അയര്‍ലന്‍ഡ് മുന്നേറ്റം തടുത്തിട്ട് ശ്രീജേഷ് ടൂര്‍ണമെന്‍റിലെ ആദ്യ സേവ് പുറത്തെടുത്തു. പിന്നാലെ എസ്.കെ. ഉത്തപ്പയുടെ മനോഹരമായ കടന്നുകയറ്റം അയര്‍ലന്‍ഡ് പ്രതിരോധം തടുത്തുനിര്‍ത്തിയെങ്കിലും ആദ്യ പെനാല്‍റ്റി കോര്‍ണര്‍ ഇന്ത്യയെ തേടിയത്തെി. അത് പാഴായെങ്കിലും തുടരത്തെുടരെ ലഭിച്ച പെനാല്‍റ്റി കോര്‍ണറുകളില്‍ നാലാമത്തേതില്‍ രഘുനാഥിന്‍െറ തകര്‍പ്പന്‍ ഫ്ളിക്ക് ഇന്ത്യയുടെ ഒളിമ്പിക്സിലെ അക്കൗണ്ട് തുറന്നു. ആദ്യ ക്വാര്‍ട്ടറിന്‍െറ അവസാനനിമിഷത്തിലായിരുന്നു ഇത്. രണ്ടാം ക്വാര്‍ട്ടറില്‍ കൂടുതല്‍ ഒത്തിണക്കത്തോടെ സ്റ്റിക്കേന്തിയ ഇന്ത്യ 27ാം മിനിറ്റില്‍ മറ്റൊരു പെനാല്‍റ്റി കോര്‍ണര്‍ സ്പെഷലിസ്റ്റ് രൂപീന്ദര്‍പാലിലൂടെ ഗോള്‍ നേട്ടം ഇരട്ടിയാക്കി. വലയുടെ മുകള്‍ഭാഗം ലക്ഷ്യമാക്കിയുള്ള സ്കൂപ്പിലൂടെയായിരുന്നു ഇന്ത്യന്‍ ഡിഫന്‍ഡറുടെ ഗോള്‍.
രണ്ടു ഗോള്‍ ലീഡുമായി പകുതിസമയത്തിനുശേഷം ഇറങ്ങിയ ഇന്ത്യയെ കുറച്ചുകാലമായി അകന്നുനിന്നിരുന്ന അവസാനഘട്ടത്തിലെ അലസത പിടികൂടിയെന്ന് തോന്നിക്കുന്ന രീതിയിലായിരുന്നു അടുത്ത രണ്ടു ക്വാര്‍ട്ടറുകളിലെയും കളി. അകാശ്ദീപ്, നിതിന്‍ തിമ്മയ്യ എന്നിവരിലൂടെ ഇടക്കിടെ മുന്നേറ്റങ്ങള്‍ കരുപ്പിടിപ്പിച്ചെങ്കിലും അയര്‍ലന്‍ഡിന് മൈതാനമധ്യത്തില്‍ കൂടുതല്‍ ഇടം അനുവദിച്ചതിന് 43ാം മിനിറ്റില്‍ കനത്തവില കൊടുക്കേണ്ടിവന്നു. രഘുനാഥിന്‍െറ പിഴവില്‍ വഴങ്ങേണ്ടിവന്ന പെനാല്‍റ്റി കോര്‍ണര്‍ ശ്രീജേഷിന്‍െറ വലതുഭാഗത്തുകൂടെ ജെര്‍മെയ്ന്‍ ജോണ്‍ വലയിലത്തെിച്ചപ്പോള്‍ ഇന്ത്യ പതറി. രണ്ടു ഗോള്‍ തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ അവസാന ക്വാര്‍ട്ടറില്‍ ഇറങ്ങിയ രൂപീന്ദര്‍പാലിന്‍െറ രണ്ടാം ഗോളിലൂടെ ഒരു മിനിറ്റിനകം ലക്ഷ്യംകണ്ടു. എന്നാല്‍, അനായാസജയത്തിലേക്ക് നീങ്ങുകയായിരുന്നു ഇന്ത്യയെ ഞെട്ടിച്ച് അവസാനഘട്ടത്തില്‍ കോണോര്‍ ഹാര്‍ട്ടെ ഒരിക്കല്‍കൂടി ശ്രീജേഷിനെ കാവല്‍ക്കാരനാക്കിയപ്പോള്‍ ഇന്ത്യ വിഡിയോ റഫറലിന്‍െറ സഹായം തേടിയെങ്കിലും ഫലമുണ്ടായില്ല. ഒരു ഗോളിലേക്ക് കൂടി ശ്രമം നടത്താന്‍ അയര്‍ലന്‍ഡിന് സമയമില്ലാതിരുന്നതോടെ ആദ്യ മത്സരത്തില്‍ വിജയമെന്ന കടമ്പ കടന്ന് ശ്രീജേഷും കൂട്ടരും ആശ്വാസം കൊണ്ടു.
ഗ്രൂപ് ബിയില്‍ ഇന്ത്യയുടെ അടുത്ത മത്സരം തിങ്കളാഴ്ച കരുത്തരായ ജര്‍മനിയുമായാണ്. ചൊവ്വാഴ്ച അര്‍ജന്‍റീന, വ്യാഴാഴ്ച നെതര്‍ലന്‍ഡ്സ്, വെള്ളിയാഴ്ച കാനഡ എന്നിവരുമായാണ് ഇന്ത്യയുടെ മറ്റു മത്സരങ്ങള്‍. ആറു ടീമുകളുള്ള ഗ്രൂപ്പില്‍നിന്ന് ആദ്യ നാലു സ്ഥാനങ്ങളിലത്തെുന്നവര്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.