ഹോക്കി മാന്ത്രികന്‍ മുഹമ്മദ് ഷാഹിദ് അന്തരിച്ചു
text_fieldsന്യൂഡല്‍ഹി: ധ്യാന്‍ചന്ദിനുശേഷം മാന്ത്രിക ഡ്രിബ്ളിങ്ങിലൂടെ ലോകമെമ്പാടുമുള്ള ഹോക്കി പ്രേമികളുടെ പ്രിയങ്കരനായി മാറിയ ഒളിമ്പ്യന്‍ മുഹമ്മദ് ഷാഹിദ് (56) ഓര്‍മയായി. മഞ്ഞപ്പിത്ത ബാധയെ തുടര്‍ന്ന് കുറച്ചു ദിവസമായി ചികിത്സയിലായിരുന്ന അദ്ദേഹം കരള്‍-വൃക്ക പ്രവര്‍ത്തനം തകരാറിലായി ഗുഡ്ഗാവിലെ ആശുപത്രിയില്‍ ബുധനാഴ്ചയാണ് അന്തരിച്ചത്.
ഇന്ത്യ സ്വര്‍ണമണിഞ്ഞ 1980ലെ മോസ്കോ ഒളിമ്പിക്സ് ടീം അംഗമായിരുന്നു. 1960ല്‍ വാരാണസിയില്‍ ജനിച്ച അദ്ദേഹം 1979ലെ ജൂനിയര്‍ ലോകകപ്പിലൂടെയാണ് അന്താരാഷ്ട്ര മത്സരരംഗത്ത് പേരെടുത്തത്. കളിക്കളത്തില്‍ നിറസാന്നിധ്യമറിയിക്കുംവിധം ചടുലനീക്കങ്ങള്‍ നടത്തി കാണികളുടെ മനസ്സു കൈയടക്കിയ ഷാഹിദ് പിന്നീട് ഇന്ത്യന്‍ ടീം ക്യാപ്റ്റനായി. 1981ല്‍ അര്‍ജുന പുരസ്കാരവും 1986ല്‍ പത്മശ്രീ ബഹുമതിയും നല്‍കി രാഷ്ട്രം ആദരിച്ചു. ഭാര്യ: പര്‍വീന. മക്കള്‍: മുഹമ്മദ് സൈഫ്, ഹീന.
ഷാഹിദിനായി കേന്ദ്ര കായിക മന്ത്രാലയം പത്തു ലക്ഷം രൂപ അടിയന്തര ദുരിതാശ്വാസം അനുവദിച്ചിരുന്നു. ചികിത്സച്ചെലവ് പൂര്‍ണമായി ഏറ്റെടുക്കുമെന്ന് അദ്ദേഹം ജോലി ചെയ്തിരുന്ന ഇന്ത്യന്‍ റെയില്‍വേയും അറിയിച്ചു. ഹോക്കിയെ വ്യത്യസ്തമായ തലങ്ങളിലേക്ക് ഉയര്‍ത്തിയ ഇതിഹാസമായ ഷാഹിദിന്‍െറ വിയോഗം കനത്ത നഷ്ടമാണെന്ന് ഇന്ത്യന്‍ ഒളിമ്പിക്സ് ടീം ക്യാപ്റ്റന്‍ പി.ആര്‍. ശ്രീജേഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.