ഹോക്കിയുടെ മലയാളശ്രീ
text_fieldsകോഴിക്കോട്: ഒളിമ്പിക്സിലേക്ക് ലോകം നാളുകള്‍ എണ്ണിത്തുടങ്ങവെ തേടിയത്തെിയ വലിയ ഉത്തരവാദിത്തത്തിന്‍െറ തലയെടുപ്പിലാണ് പി.ആര്‍. ശ്രീജേഷ്. കഴിഞ്ഞ ആറു വര്‍ഷമായി ഇന്ത്യന്‍ ഹോക്കിയുടെ ഗോള്‍മുഖത്തെ കരുത്തുറ്റ സാന്നിധ്യം ഇനി ദേശീയടീമിന്‍െറ കപ്പിത്താനാവുമ്പോള്‍ ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന മുഹൂര്‍ത്തം. കൈപിടിച്ചുനടത്താന്‍ ഗോഡ്ഫാദര്‍മാരില്ലാതെ ഓരോ നാഴികക്കല്ലും എത്തിപ്പിടിച്ച ശ്രീജേഷിന്‍െറ കരിയറിന് ഏറ്റവും ഒടുവിലായി ലഭിക്കുന്ന അംഗീകാരമായി ദേശീയ ടീം നായകപട്ടം.
ലണ്ടനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ടീം നായകനായി നിയമിച്ച വാര്‍ത്ത ഹോക്കി ഇന്ത്യ പ്രസിഡന്‍റ് നരീന്ദര്‍ ബത്ര അറിയിക്കുമ്പോള്‍ ബംഗളൂരുവില്‍ ഒളിമ്പിക്സ് ക്യാമ്പിലായിരുന്നു ശ്രീജേഷ്. രാജ്യം പുതിയ ഉത്തരവാദിത്തമേല്‍പിക്കുമ്പോള്‍ വലിയ സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയുമാണ് ഏറ്റെടുക്കുന്നതെന്ന് ശ്രീജേഷ് ‘മാധ്യമ’ത്തോട് പ്രതികരിച്ചു.
‘അഭിമാനം നല്‍കുന്ന മുഹൂര്‍ത്തമാണിത്. എനിക്കുമാത്രമല്ല, കേരള ഹോക്കിക്ക് കൂടിയുള്ള അംഗീകാരമാണ്. റിയോ ഒളിമ്പിക്സ് എന്ന വലിയ സ്വപ്നത്തിലേക്കുള്ള ഒരുക്കത്തിലാണ് ഞങ്ങള്‍. അതിനുള്ള തയാറെടുപ്പാവും ചാമ്പ്യന്‍സ് ട്രോഫി’ -നായകപട്ടം തേടിയത്തെിയ പിന്നാലെ ശ്രീജേഷ് മനസ്സുതുറന്നു.
ഒരേസമയം വെല്ലുവിളിയും ആത്മവിശ്വാസവും നല്‍കുന്നതാണ്. പക്ഷേ, ഉത്തരവാദിത്തം ധൈര്യത്തോടെ ഏറ്റെടുക്കാനാവും. യുവനിരയും മുതിര്‍ന്നതാരങ്ങളും അണിനിരക്കുന്ന ടീം മെഡലുമായി തിരിച്ചുവരും’ -ശ്രീജേഷ് പറഞ്ഞു. മികച്ച പ്രകടനം പുറത്തെടുക്കുകയാണ് ലക്ഷ്യം. അതേസമയം, ചാമ്പ്യന്‍ഷിപ്പിലെ മറ്റു ടീമുകളും ഒളിമ്പിക്സ് ഒരുക്കമെന്ന നിലയിലാണ് വരുന്നതെന്നതിനാല്‍ ശക്തമായ മത്സരം തന്നെയാവും ലണ്ടനില്‍ -ശ്രീജേഷ് പറഞ്ഞു.
ബംഗളൂരുവിലെ ക്യാമ്പിലുള്ള മലയാളി ഗോള്‍കീപ്പര്‍ 21ന് നാട്ടിലത്തെും. ജൂണ്‍ അഞ്ചിന് ലണ്ടനിലേക്ക് പറക്കും. രണ്ടുമാസം മുമ്പ് ഇന്ത്യന്‍ ഹോക്കിയിലെ മികച്ചതാരത്തിനുള്ള ധ്രുവബത്ര പുരസ്കാരം നേടിയതിനു പിന്നാലെയാണ് ശ്രീജേഷ് ദേശീയ നായകനാവുന്നത്. 2006ലായിരുന്നു ദേശീയടീമിലെ അരങ്ങേറ്റം. 2010 മുതല്‍ ഗോള്‍വലക്കു കീഴെ സ്ഥിരസാന്നിധ്യമായി. ഇതുവരെ 148 മത്സരങ്ങളില്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞു. 2014 ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം, കോമണ്‍വെല്‍ത്ത് ഗെയിംസ് വെള്ളി, ലോക ഹോക്കി ലീഗ് വെങ്കലം, ഒളിമ്പിക്സ് യോഗ്യത എന്നിവ സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്ക് ഈ മലയാളിതാരത്തിനായിരുന്നു. ഇക്കഴിഞ്ഞ വര്‍ഷം രാജ്യം അര്‍ജുന അവാര്‍ഡ് സമ്മാനിച്ച് ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.