ഇന്നു മുതൽ ഹോക്കി ലോകകപ്പ് പോരാട്ടം; ആദ്യ ദിനം ഇന്ത്യ x ദക്ഷിണാഫ്രിക്ക
text_fieldsഭുവനേശ്വർ: ഇന്ത്യയുടെ കായിക ആസ്ഥാനമാവാനൊരുങ്ങുന്ന ഭുവനേശ്വറിൽ ഇന്നു മുതൽ ഹോക്കിയിലെ ലോകപോരാട്ടം. മുൻനിരയിലുള്ള 16 ടീമുകൾ മാറ്റുരക്കുന്ന ലോകകപ്പിന് കലിംഗ സ്റ്റേഡിയം വേദിയാവും. വൈകീട്ട് അഞ്ചിന് ബെൽജിയം-കാനഡ പോരാട്ടത്തോടെ 14ാം ലോകകപ്പിന് സ്റ്റിക്ക് ചലിക്കും. ആതിഥേയരായ ഇന്ത്യ രാത്രി ഏഴിന് ദക്ഷിണാഫ്രിക്കയെ നേരിടും. നാലുവർഷം മുമ്പ് നെതർലൻഡ്സിലെ ഹേഗ് വേദിയായ ചാമ്പ്യൻഷിപ്പിൽ കിരീടം ചൂടിയ ആസ്ട്രേലിയ ലോക ഒന്നാം നമ്പറുകാരായാണ് ഹാട്രിക് ചാമ്പ്യൻപട്ടം തേടിയെത്തുന്നത്. 43 വർഷത്തിനുശേഷം കിരീടം സ്വപ്നം കാണുന്ന ഇന്ത്യക്ക് ആതിഥേയരെന്ന ആനുകൂല്യമാണ് ആത്മവിശ്വാസം. പൂൾ ‘സി’യിൽ മൂന്നാം റാങ്കുകാരായ ബെൽജിയമാണ് വലിയ വെല്ലുവിളി. കാനഡ (11), ദക്ഷിണാഫ്രിക്ക (15) എന്നിവർ ഏറെ പിന്നിലുള്ളവരാണ്. എന്നാൽ, പൂൾ ജേതാക്കളായാലേ ക്വാർട്ടറിലേക്ക് നേരിട്ട് ടിക്കറ്റുറപ്പിക്കാനാവൂ.
യൂത്ത് ഇന്ത്യ
എട്ടുതവണ ഒളിമ്പിക്സ് സ്വർണ ജേതാക്കളായ ഇന്ത്യക്ക് ഒരു തവണ മാത്രമേ (1975) ലോകകപ്പിൽ മുത്തമിടാൻ ഭാഗ്യം ലഭിച്ചുള്ളൂ. അജിത് പാൽ സിങ് രചിച്ച ചരിത്രത്തിന് മൻപ്രീത് സിങ്ങും പി.ആർ. ശ്രീജേഷും രണ്ടാം ഭാഗം കുറിക്കുമോയെന്നാണ് കാത്തിരിപ്പ്. എന്നാൽ, ഏഷ്യൻ ഗെയിംസിൽ സ്വർണം നിലനിർത്താനാവാതെ സെമിയിൽ മലേഷ്യയോട് തോറ്റതിെൻറ ക്ഷീണത്തിലാണ് ടീം. രണ്ടുവർഷം മുമ്പ് ജൂനിയർ ടീമിനെ ലോകകിരീടത്തിലേക്ക് നയിച്ച പരിശീലകൻ ഹരീന്ദർ സിങ്ങിനും ഇത് വെല്ലുവിളിയാണ്. അതുകൊണ്ടുതന്നെ തെൻറ ജൂനിയർ ടീമിലെ ഏഴുപേരെ ഉൾപ്പെടുത്തിയാണ് ഹരീന്ദർ ഇന്ത്യൻ സീനിയർ ടീം ഒരുക്കിയത്. ക്യാപ്റ്റൻ മൻപ്രീത്, പി.ആർ. ശ്രീജേഷ്, ആകാശ്ദീപ്, ബിരേന്ദ്ര ലക്ര എന്നീ മുതിർന്ന താരങ്ങൾക്കൊപ്പം യുവരക്തങ്ങൾക്കും ടീമിൽ തുല്യമായ പങ്കാളിത്തം. അതേസമയം, ഫിറ്റ്നസിെൻറ പേരിൽ ഒഴിവാക്കിയ എസ്.വി. സുനിലിെൻറയും രുപീന്ദർപാൽ സിങ്ങിെൻറയും അസാന്നിധ്യം തിരിച്ചടിയാവും.
‘‘ഇതൊരു യുവസംഘമല്ല. ചരിത്രം തിരുത്താൻ കരുത്തുള്ള ടീമാണിത്. 12ാമനായ ഗാലറിയെ ഉൗർജമാക്കി മാറ്റി കളിക്കാനാണ് എെൻറ ഉപദേശം’’ -കോച്ച് ഹരേന്ദ്ര സിങ്ങിെൻറ വാക്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.