‘ഖേലോ ഇന്ത്യ’യില്‍നിന്ന് ഹോക്കി പുറത്ത്
text_fieldsമലപ്പുറം: രാജീവ് ഗാന്ധി ഖേല്‍ അഭിയാന് (പൈക്ക) പകരമായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച ദേശീയ കായിക വികസന പദ്ധതിയായ ഖേലോ ഇന്ത്യയുടെ കേരളത്തിലെ മത്സരങ്ങളില്‍ ഹോക്കിയില്ല. 10 കായിക ഇനങ്ങളില്‍ ജില്ലാ, സംസ്ഥാന മത്സരങ്ങള്‍ നടത്താനാണ് കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേരള സ്പോര്‍ട്സ് കൗണ്‍സില്‍ കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിച്ചു. പൈക്ക (പഞ്ചായത്ത് യുവ ക്രീഡ ഓര്‍ ഖേല്‍ അഭിയാന്‍) മത്സരങ്ങളിലുണ്ടായിരുന്ന ഒമ്പത് ഇനവും ഖേലോ ഇന്ത്യയിലും സ്പോര്‍ട്സ് കൗണ്‍സില്‍ നിലനിര്‍ത്തിയപ്പോള്‍ ദേശീയ വിനോദമായ ഹോക്കിക്ക് പകരം തൈക്വാന്‍ഡോയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഹോക്കി ഒഴികെയുള്ള മിക്ക കായിക ഇനങ്ങള്‍ക്കും സ്കൂള്‍ ഗെയിംസ്, അസോസിയേഷന്‍ തല മത്സരങ്ങളുണ്ട്. എന്നാല്‍ സ്കൂള്‍ ഗെയിംസ് കഴിഞ്ഞാല്‍ ഹോക്കി താരങ്ങള്‍ക്ക് കാര്യമായ മറ്റു അവസരങ്ങളില്ല. പൈക്ക മാത്രമായിരുന്നു ഇവര്‍ക്ക് ആശ്വാസം. എന്നാല്‍ ഇനി ഖേലോ ഇന്ത്യ മത്സരങ്ങളാണ് നടത്തുന്നത്. പൈക്കക്ക് ബ്ളോക് തലം മുതല്‍ മത്സരങ്ങളുണ്ടായിരുന്നു. ഖേലോ ഇന്ത്യ പക്ഷേ ബ്ളോക്കില്‍ സെലക്ഷന്‍ നടത്തി ജില്ലാ തലം മുതലാണ് സംഘടിപ്പിക്കുന്നത്.
കേന്ദ്രം നല്‍കിയ പട്ടികയില്‍ നിന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ തെരഞ്ഞെടുത്തത് അത്ലറ്റിക്സ്, വോളിബാള്‍, തൈക്വാന്‍ഡോ, കബഡി, ഖോ ഖോ, ഫുട്ബാള്‍, ബാഡ്മിന്‍റണ്‍, നീന്തല്‍, ഗുസ്തി, ബാസ്കറ്റ്ബാള്‍ എന്നിവയാണ്. അണ്ടര്‍ 14, 17 ആണ്‍, പെണ്‍ മത്സരങ്ങളാണ് സംഘടിപ്പിക്കുക. ഹോക്കി പുറത്തായതിനെതിരെ താരങ്ങളും പരിശീലകരും രംഗത്തത്തെിയിട്ടുണ്ട്. ഇവരുടെ പ്രതിഷേധം ചൊവ്വാഴ്ച മലപ്പുറം എം.എല്‍.എ പി. ഉബൈദുല്ല മുഖ്യമന്ത്രിയെ രേഖാമൂലം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.