ഇന്ത്യയുടെ തുടക്കം കസറി
text_fieldsഭുവനേശ്വർ: 43 വർഷത്തിനു ശേഷമൊരു ലോക കിരീടമെന്ന ഇന്ത്യയുടെ സ്വപ്നത്തിലേക്ക് ഭുവനേശ്വറിൽ വിജയത്തുടക്കം. 14ാം ലോകകപ്പ് ഹോക്കി ടൂർണമെൻറിൽ ആതിഥേയരായ ഇന്ത്യ ദക്ഷിണാഫ്രിക്കയെ 5-0ത്തിന് തോൽപിച്ച് പടയോട്ടംതുടങ്ങി. ഡബ്ൾ ഗോളുമായി സിംറാൻ ജീത് സിങ്ങും ഒാരോ ഗോൾ വീതം മൻദീപ് സിങ്, ആകാശ് ദീപ് എന്നിവരുമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ഉദ്ഘാടനമത്സരത്തിൽ കാനഡയെ 2-1ന് തോൽപിച്ച കരുത്തരായ ബെൽജിയമാണ് അടുത്ത മത്സരത്തിൽ ഇന്ത്യയുടെ എതിരാളി.
ഹോം ഗ്രൗണ്ടിെൻറ ആനുകൂല്യത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ തുടക്കം മുതലേ ആക്രമിച്ചു കളിച്ചാണ് ഹരേന്ദ്ര സിങ്ങിെൻറ പടയാളികൾ മത്സരത്തിൽ ആധിപത്യം പുലർത്തിയത്. ക്യാപ്റ്റൻ മൻപ്രീത് സിങ്, ദിൽപ്രീത് സിങ്, ലളിത് ഉപാധ്യായ എന്നിവർ ബോക്സിൽ കയറിയിറങ്ങിക്കളിച്ചതോടെ ഏതുനിമിഷവും ദക്ഷിണാഫ്രിക്കൻ വല കുലുങ്ങുമെന്നുറപ്പായി. ഇന്ത്യൻ വിയർപ്പൊഴുക്കലിന് ആദ്യ ക്വാർട്ടറിൽ തന്നെ ഫലമെത്തി. പത്താം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കോർണറാണ് വിധിയെഴുതിയത്. ഹർമൻപ്രീത് ദക്ഷിണാഫ്രിക്കൻ പോസ്റ്റിലേക്ക് നിറയൊഴിച്ചത് ഗോളി തടുത്തെങ്കിലും പന്ത് മുന്നിലെത്തിയത് മൻദീപിെൻറ മുന്നിലേക്കാണ്. ഡിഫൻററെ വെട്ടിമാറ്റി മൻദീപ് നിറയൊഴിച്ചത് വലയിലായി.
മൂന്നു മിനിറ്റ് പിന്നിട്ടിരുന്നില്ല, രണ്ടാമതും ഇന്ത്യ മുന്നിലെത്തി. ഇത്തവണ വരുൺ-സിംറാൻ ജീത്-അകാശ് ദീപ് എന്നിവരുടെ നീക്കമാണ് ഫലം കണ്ടത്്. അവസാന പാസ് സ്വീകരിച്ച ആകാശ്ദീപ് ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു. ഇതോടെ ആദ്യ ക്വാർട്ടറിൽ തന്നെ ഇന്ത്യ 2-0ത്തിന് മുന്നിൽ. ആദ്യ പകുതിക്കുശേഷവും ദക്ഷിണാഫ്രിക്കയെ തിരിച്ചുവരാനനുവദിക്കാതെ ഇന്ത്യ നിറഞ്ഞു കളിച്ചു. ലളിത് ഉപാധ്യയും(44) സിംറാൻ ജീത് സിങ്ങും(43, 46 ) സ്കോർ ചെയ്തതോടെ ഇന്ത്യ തകർപ്പൻ ജയം ഉറപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.