ജൂനിയര്‍ ഹോക്കി ലോകകപ്പ് ഇന്ത്യ ഫൈനലില്‍
text_fieldsലഖ്നോ: മുന്‍തൂക്കം മാറിമറിഞ്ഞ ആവേശകരമായ മത്സരത്തില്‍ കരുത്തരായ ആസ്ട്രേലിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്ന് ഇന്ത്യ ജൂനിയര്‍ ഹോക്കി ലോകകപ്പിന്‍െറ ഫൈനലിലേക്ക് കുതിച്ചു. മേജര്‍ ധ്യാന്‍ചന്ദ് സ്റ്റേഡിയത്തില്‍ ആവേശത്തോടെ ആര്‍ത്തുവിളിച്ച കാണികള്‍ക്കുമുമ്പില്‍ നിശ്ചിത സമയത്ത് 2-2ന് ഒപ്പംപിടിച്ചശേഷം നിര്‍ണായകമായ ഷൂട്ടൗട്ടില്‍ 4-2ന്‍െറ മികവുമായാണ് ഇന്ത്യ കലാശക്കളിയിലേക്ക് മുന്നേറിയത്. ജര്‍മനിയെ കീഴടക്കിയ ബെല്‍ജിയമാണ് ഞായറാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ഇന്ത്യയുടെ എതിരാളികള്‍.
മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ആസ്ട്രേലിയക്ക് മുന്നില്‍ മുട്ടുവിറക്കുന്ന ഇന്ത്യയായിരുന്നില്ല സെമി ഫൈനലില്‍. സീനിയര്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഓസീസിനെതിരെ മികച്ച കളി കെട്ടഴിച്ച് സമനിലയില്‍ തളച്ച നീലപ്പടയുടെ തനിപ്പകര്‍പ്പായിരുന്നു ജൂനിയര്‍ ടീമും. ഒരുപടികൂടി കടന്ന് അന്ന് ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടതിന് കണക്കുതീര്‍ക്കാനുമായി ഇന്ത്യക്ക്. ഗോള്‍കീപ്പര്‍ വികാസ് ദാഹിയയുടെ മികവില്‍ ഷൂട്ടൗട്ട് വിജയം നേടുമ്പോള്‍ ആര്‍ത്തുവിളിക്കാന്‍ ഡഗ്ഒൗട്ടില്‍ താല്‍ക്കാലിക ഗോള്‍കീപ്പിങ് കോച്ചായി സീനിയര്‍ ടീമിന്‍െറ മലയാളി നായകന്‍ പി.ആര്‍. ശ്രീജേഷുമുണ്ടായിരുന്നു.
ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്പെയിനിനെതിരെയെന്ന പോലെ തൊട്ടതെല്ലാം പിഴച്ചതായിരുന്നു ആസ്ട്രേലിയക്കെതിരെയും ഇന്ത്യക്ക് ആദ്യപകുതി. ഒരുഗോളിന് പിന്നിലായാണ് റോളണ്ട് ഓള്‍ട്ട്മാന്‍സിന്‍െറ ടീം ഇടവേളക്കുപിരിഞ്ഞത്. എന്നാല്‍, കഴിഞ്ഞ കളിയിലെപ്പോലെ രണ്ടാം പകുതിയില്‍ സടകുടഞ്ഞെഴുന്നേറ്റ് മുന്നേറ്റങ്ങളുടെ തിരമാലകള്‍ തീര്‍ത്ത ഇന്ത്യ ഒരു ഗോളിന്‍െറ കടം തീര്‍ക്കുക മാത്രമല്ല, ലീഡ് നേടുകയും ചെയ്തു. രണ്ടും മനോഹരമായ മുന്നേറ്റങ്ങളിലൂടെ പിറവിയെടുത്ത ഫീല്‍ഡ് ഗോളുകളും.
ഷൂട്ടൗട്ടില്‍ ഇന്ത്യക്കായി ക്യാപ്റ്റന്‍ ഹര്‍ജീത് സിങ്, ഹര്‍മന്‍പ്രീത് സിങ്, സുമിത് മന്‍പ്രീത് ജൂനിയര്‍ എന്നിവര്‍ സ്കോര്‍ ചെയ്തപ്പോള്‍ ആസ്ട്രേലിയക്കായി ബ്ളേക്ക് ഗവേഴ്സ്, ജാക്ക് വെല്‍ക്ക് എന്നിവര്‍ മാത്രമാണ് ഗോള്‍ നേടിയത്. മാത്യൂ ബേര്‍ഡ്, ലക്ലാന്‍ ഷാര്‍പ് എന്നിവരുടെ ഷോട്ടുകള്‍ ഇന്ത്യന്‍ ഗോളി വികാസ് ദാഹിയ തടുത്തു. ഞായറാഴ്ച വൈകീട്ട് ആറു മണിക്കാണ് ഫൈനല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.