മലേഷ്യയോട് തോറ്റ് ഇന്ത്യ പുറത്ത്
text_fieldsലണ്ടൻ: ലോക ഹോക്കി ലീഗ് സെമിഫൈനൽ ടൂർണമെൻറിൽ ഇന്ത്യ ക്വാർട്ടറിൽ പുറത്തായി. മലേഷ്യയോട് രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇന്ത്യ തോൽവിയടഞ്ഞത്. മലേഷ്യക്കായി റാസി റഹീം രണ്ടു ഗോളുകൾ നേടിയപ്പോൾ താജുദ്ദീൻ തെങ്കുവും സ്കോർ ചെയ്തു. രമൺദീപ് സിങ്ങിെൻറ വകയായിരുന്നു ഇന്ത്യയുടെ രണ്ടു ഗോളുകളും. മലേഷ്യയുടെ മൂന്നു ഗോളുകളും പെനാൽറ്റി കോർണറുകളിൽനിന്നായിരുന്നുവെങ്കിൽ ഇന്ത്യക്ക് ഒന്നുപോലും ഉപയോഗപ്പെടുത്താനായില്ല.
ഗോൾരഹിതമായ ആദ്യ ക്വാർട്ടറിനുശേഷം രണ്ടാം കാൽ മണിക്കൂറിൽ ഗോൾമഴയായിരുന്നു. ഒന്നിനുപിറകെ ഒന്നായി എട്ടു മിനിറ്റിൽ പിറന്നത് എണ്ണംപറഞ്ഞ നാലു ഗോളുകൾ. ആദ്യം മലേഷ്യയുടെ ഉൗഴമായിരുന്നു. 19, 20 മിനിറ്റുകളിൽ ലഭിച്ച പെനാൽറ്റി കോർണറുകളിൽനിന്നായിരുന്നു മഞ്ഞക്കുപ്പായക്കാരുടെ ഗോളുകൾ. ആദ്യം പെനാൽറ്റി കോർണർ നേരിട്ട് ലക്ഷ്യത്തിലെത്തിച്ച് റാസി റഹീം ടീമിനെ മുന്നിലെത്തിച്ചപ്പോൾ പെനാൽറ്റി കോർണറിൽനിന്ന് ഡിഫ്ലക്ഷനിലൂടെയായിരുന്നു താജുദ്ദീൻ തെങ്കുവിെൻറ ഗോൾ.
രണ്ടു ഗോൾ വീണതോടെ സടകുടഞ്ഞെഴുന്നേറ്റ നീലപ്പടയും മൂന്നു മിനിറ്റിനകം രണ്ടു ഗോളടിച്ച് കണക്കുതീർത്തു. രണ്ടുതവണയും രമൺദീപ് സിങ്ങായിരുന്നു സ്കോറർ. 24ാം മിനിറ്റിൽ സുമിതിെൻറ പാസ് ഗോളിലേക്ക് തിരിച്ചുവിട്ട രമൺദീപ്, 26ാം മിനിറ്റിൽ പെനാൽറ്റി കോർണറിനെ തുടർന്നുള്ള കൂട്ടപ്പൊരിച്ചിലിനിടെ പന്ത് വലയിലേക്ക് തട്ടിയിട്ട് ഇന്ത്യയെ ഒപ്പമെത്തിച്ചു. മൂന്നാം ക്വാർട്ടർ ഗോൾരഹിതമായി തീർന്നപ്പോൾ നാലാം ക്വാർട്ടർ നിർണായകമായി. ഇരുടീമുകളും വിജയത്തിനായി ശ്രമം നടത്തവെ 47ാം മിനിറ്റിൽ പെനാൽറ്റി കോണർ വലയിലെത്തിച്ച് റാസി മലേഷ്യയെ ജയത്തിലേക്ക് നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.