ചൈനയെ തകർത്ത ഇന്ത്യക്ക് ഏഷ്യ കപ്പ് ഹോക്കി കിരീടം
text_fieldsടോക്യോ: ഹോക്കിയിൽ പുരുഷന്മാർക്കു പിന്നാലെ വനിതകളിലും ഇന്ത്യതന്നെ വൻകരയുടെ ചാമ്പ്യന്മാർ. ഏഷ്യ കപ്പ് വനിത ചാമ്പ്യൻഷിപ്പിൽ അയൽക്കാരായ ചൈനയെ സഡൻഡെത്തിലൂടെ വീഴ്ത്തി (5-4) ഇന്ത്യ രണ്ടാം കിരീടം സ്വന്തമാക്കി. 13 വർഷങ്ങൾക്കു ശേഷമാണ് ഇൗ സ്വപ്നനേട്ടം. 2004ലാണ് ആദ്യമായി പെൺപട ഏഷ്യ കപ്പ് കീരീടം നേടുന്നത്. ജയത്തോടെ അടുത്ത വർഷം ആരംഭിക്കുന്ന ലോകകപ്പിന് ഇന്ത്യ യോഗ്യത നേടി.
ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ നിശ്ചിത സമയത്ത് ഇന്ത്യയും ചൈനയും ഒാരോ ഗോൾ വീതം നേടി കളി സമനിലയിൽ അവസാനിക്കുകയായിരുന്നു. 25ാം മിനിറ്റിൽ നവജ്യോത് കൗറും ക്യാപ്റ്റൻ റിതു റാണിയും ചേർന്ന് നടത്തിയ മുന്നേറ്റത്തിലാണ് ഇന്ത്യയുടെ ഗോൾ. ചൈനീസ് പ്രതിരോധത്തെ വകഞ്ഞുമാറ്റി റാണി നൽകിയ പാസ്, നവജ്യോതിെൻറ സ്റ്റിക്കിൽനിന്ന് ലക്ഷ്യം തെറ്റിയില്ല. ഗോൾ വഴങ്ങിയതോടെ ചൈന ഉണർന്നു കളിച്ചു. ഒടുവിൽ 47ാം മിനിറ്റിൽ ലഭിച്ച െപനാൽറ്റി കോർണർ തിയാൻറിയാൻ േഗാളാക്കിയതോടെ കളി മുറുകി.
ഇരുടീമുകളും കളിക്ക് വേഗം കൂട്ടി. പെനാൽറ്റി കോർണറുകളുടെ രൂപത്തിൽ അവസരം പലതവണ ലഭിച്ചെങ്കിലും വിജയഗോൾ മാത്രം പിറന്നില്ല. ഒടുവിൽ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടു. ആേവശകരമായിരുന്നു ഷൂട്ടൗട്ടും. ആദ്യ നാലു ഷോട്ടുകളും ഇന്ത്യയും ചൈനയും പിഴക്കാതെ ഗോളാക്കി. റിതു റാണി, മോണിക മാലിക്, നവജ്യോത് കൗർ, ലിലിമ മിൻസ് എന്നിവരാണ് സ്കോർ ചെയ്തത്. നിർണായകമായ അഞ്ചാം ഷോട്ടിൽ ഇന്ത്യയുടെ നവനീതിനും ചൈനയുടെ സി ക്യൂസിയക്കും പിഴച്ചതോടെ കളി സഡൻഡെത്തിെൻറ മരണമുനമ്പിൽ. ആദ്യം പന്തുമായി ഡ്രിബ്ൾചെയ്ത് മുന്നേറിയത് ചൈനയുടെ ലിയാങ് മെയുവായിരുന്നു.
പക്ഷേ, ഇന്ത്യൻ ഗോളി സവിതയുടെ വിരിഞ്ഞ കരങ്ങളിൽ ഗോൾശ്രമം അവസാനിച്ചു. ഇന്ത്യയുടെ നിർണായക ഷോട്ടുമായി വീണ്ടും ക്യാപ്റ്റൻ റിതു റാണിയെത്തി. എതിർഗോളിയെ കബളിപ്പിച്ച് പന്ത് വലയിലേക്ക് കയറ്റി കിരീടവുമുറപ്പിച്ചു. ടൂർണമെൻറിലുടനീളം ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച സവിതയാണ് മികച്ച ഗോൾ കീപ്പർ. ഇന്ത്യയുടെതന്നെ മോണിക ഫൈനലിലെ താരമായി മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.