ഒാസ്ട്രിയയെയും തകർത്തു; ഇന്ത്യക്ക് ജയത്തോടെ മടക്കം
text_fieldsആംസ്റ്റർഡാം: അവസാന വിസിൽ വരെ ആവേശം തുളുമ്പിയ അങ്കത്തിൽ ഒാസ്ട്രിയയെ മറികടന്ന് ഇന്ത്യൻ ഹോക്കി ടീം യൂറോപ്യൻ പര്യടനം അവിസ്മരണീയമാക്കി. ടീം റാങ്കിങ്ങിൽ നാലാമതുള്ള കരുത്തരായ ഡച്ചുകാർക്കെതിരെ തുടർച്ചയായ രണ്ടു മത്സരങ്ങളിൽ വിജയം കണ്ടതിെൻറ ആവേശവുമായി വ്യാഴാഴ്ചയിറങ്ങിയ ഇന്ത്യ മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് വിജയം കണ്ടത്. ഇന്ത്യക്കുവേണ്ടി രമൺദീപ് സിങ്ങും ചിംഗ്ലൻസന സിങ്ങും ഇരട്ടഗോളുകൾ വീതം നേടിയപ്പോൾ ഒലിവർ ബിൻഡർ, മൈക്കൽ കോർപർ, പാട്രിക് ഷ്മിറ്റ് എന്നിവർ ഒാസ്ട്രിയക്കായി സ്കോർ ചെയ്തു.
കളിയിലുടനീളം ആധിപത്യമുറപ്പിച്ച ഇന്ത്യയെ ഞെട്ടിച്ച് ഒാസ്ട്രിയയാണ് ആദ്യം വല കുലുക്കിയത്. 14ാം മിനിറ്റിൽ ഒലിവർ ബിൻഡറിലൂടെ ലീഡ് പിടിച്ചെങ്കിലും 25ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റി ഇന്ത്യ സമനിലപിടിച്ചു. അമിത് രോഹിത്ദാസിെൻറ പാസ് ഗോളിലേക്ക് പായിച്ച് രമൺദീപ് സിങ്ങാണ് ടീമിനെ ഒപ്പമെത്തിച്ചത്. 32ാം മിനിറ്റിൽ വീണ്ടും ഗോളുമായി രമൺദീപ് ആവേശമായി. ചിംഗ്ലൻസനയുടെ ആദ്യ ഗോളുമായി ലീഡുയർത്തിയ ഇന്ത്യക്കുമേൽ സമ്മർദമേറുന്നതായിരുന്നു പിന്നീടുള്ള കാഴ്ച.
തുടരെ രണ്ടെണ്ണം അടിച്ചുകയറ്റി ഇന്ത്യൻ പ്രതിരോധത്തിെൻറ മുനയൊടിച്ച ഒാസ്ട്രിയ 3-3ന് സമനിലപിടിച്ചതോടെ അവസാന നിമിഷങ്ങൾ ആവേശകരമായി. അവസാന വിസിലിന് 10 സെക്കൻഡ് മാത്രം ശേഷിക്കെയാണ് ചിംഗ്ലൻസന ഗാലറി കാത്തിരുന്ന വിജയ ഗോൾ കുറിച്ചത്. ഗുർജന്ത് നൽകിയ ക്രോസ് ഗോളിലേക്ക് വഴി തിരിച്ചുവിട്ടായിരുന്നു വിജയമുറപ്പിച്ചത്.നേരത്തെ, ബെൽജിയത്തിെനതിരെ രണ്ടുകളികളും ഇന്ത്യ തോറ്റിരുന്നു. മത്സരങ്ങൾ അവസാനിച്ച ടീം വെള്ളിയാഴ്ച യൂറോപ്പിൽനിന്ന് തിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.