അതിജീവനത്തിെൻറ റാണി
text_fields‘‘െപൺകുട്ടി മുട്ടറ്റം വരെയുള്ള ഉടുപ്പണിഞ്ഞ് കളിക്കുന്നതും അപരിചിതർക്കുമുന്നിലൂടെ നടക്കുന്നതുമായിരുന്നു നാട്ടിലെ വലിയ പ്രശ്നം. കുടുംബത്തിന് മാനക്കേട് പറഞ്ഞ് അയൽക്കാരും നാട്ടുപ്രമാണികളും വീട്ടിലെത്തും. ഹോക്കി സ്റ്റിക്ക് എടുത്തെറിയാൻ അന്ന് അച്ഛനും അമ്മയും ഒരുപാട് പറഞ്ഞിരുന്നു. അവരുടെ ശാസനകൾ കേട്ട് ഒരുപാട് കരഞ്ഞു. എന്നാൽ, എല്ലാ പ്രതിസന്ധികളും വകഞ്ഞുമാറ്റി എെൻറ സ്വപ്നത്തിലേക്ക് ഞാൻ നടന്നു. ഇന്ന്, റാണിയുടെ നാട്ടുകാരിയായതിൽ അഭിമാനിക്കുന്നുവെന്നാണ് പലർക്കും പറയാനുള്ളത്’’ -ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ വനിത ഹോക്കി ടീമിെൻറ നായിക റാണി റാംപാൽ തെൻറ ജീവിതം ഒാർക്കുകയാണ്.
ഹരിയാനയിെല ഷഹാബാദിനടുത്തെ കുഗ്രാമത്തിലാണ് റാണിയുടെ ജനനം. ദരിദ്ര കുടുംബത്തിൽ ജനിച്ച റാണിക്ക് ചെറുപ്പം മുതേല ഹോക്കിയോട് താൽപര്യമുണ്ടായിരുന്നു. കുതിരവണ്ടിയിൽ കളിമൺകട്ടകൾ ആവശ്യക്കാരന് എത്തിക്കുന്ന പണിയാണ് റാണിയുടെ അച്ഛൻ റാംപാലിന്. റാണിയും രണ്ടു സഹോദരന്മാരും അമ്മയുമടങ്ങുന്ന ആ കുടുംബത്തെ അച്ഛൻ ഏറെ കഷ്ടപ്പെട്ടാണ് വളർത്തിയത്. തുച്ഛമായ വരുമാനംകൊണ്ട് അവരുടെ വീട്ടിലെ ദാരിദ്ര്യത്തെ ശമിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. വിശപ്പിനെ അകറ്റാൻ അങ്ങനെ അവൾ സ്റ്റിക്കിനെ കൂട്ടുപിടിച്ചു. കളിക്കു പിന്നാലെ പായുേമ്പാൾ വിശപ്പിനെക്കുറിച്ച് ആലോചിക്കാൻ സമയമൊന്നുമില്ലായിരുന്നു.
മുൻ വനിത ടീം ക്യാപ്റ്റൻ റിത്തു റാണി, പുരുഷ താരം സന്ദീപ് സിങ് എന്നിവരെല്ലാം ഇൗ ഗ്രാമത്തിൽ നിന്നായിരുന്നു. അവരുെട പാത പിൻപറ്റിയാണ് റാണിയും ഹോക്കി സ്റ്റിക്കേന്തുന്നത്. പിന്നെ കണ്ടതെല്ലാം ചരിത്രം. പ്രയാസങ്ങേളാടും പ്രതിസന്ധികളോടും പടവെട്ടി റാണി ഇന്ത്യൻ ടീമിെൻറ നായികയായി വളർന്നു.
2009ൽ റഷ്യയിൽ നടന്ന ചാമ്പ്യൻസ് ചാലഞ്ച് ടൂർണമെൻറിൽ ഇന്ത്യയെ വിജയിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചതോടെയാണ് ദേശീയ ടീമിലെ സ്ഥിരം സാന്നിധ്യമായി വളരുന്നത്. പിന്നീടങ്ങോട്ട് റാണിക്ക് തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. സീനിയർ ടീമിെൻറ മുന്നേറ്റത്തിലെ പ്രധാന താരമായി മാറി. 2013 ജൂനിയർ ഹോക്കി ലോകകപ്പിൽ ഇന്ത്യ വെങ്കലം നേടിയത് റാണിയുടെ പ്രകടനത്തിലാണ്.
ഷഹാബാദ് പട്ടണത്തിൽനിന്ന് ഒട്ടനവധി ദേശീയ താരങ്ങൾ വളർന്നുവന്നിട്ടുണ്ട്. സുമാൻ ബാല, സന്ദീപ് കൗർ, രഞ്ജിനി ബാല, സുരീന്ദർ കൗർ എന്നിവരെല്ലാം ഷഹാബാദിെൻറ സംഭാവനകളാണ്. ഹോക്കി ജീവിതത്തിൽ കോച്ച് ഭൽദേവ് സിങ് ഒരുപാട് സഹായിച്ചതായി റാണി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.