ജോർജ് ഫ്ലോയ്ഡ് വധം: പ്രതിഷേധിച്ച ഫുട്ബാൾ താരങ്ങൾക്കെതിരെ നടപടിക്ക് സാധ്യത
text_fieldsബർലിൻ: അമേരിക്കയിൽ പൊലീസിെൻറ വർണവെറിക്കിരയായി മരിച്ച ജോർജ് ഫ്ലോയ്ഡിന് നീതി ലഭിക്കണമെന്ന ആവശ്യവുമായി ജർമൻ ബുണ്ടസ്ലിഗയിൽ പ്രതിഷേധിച്ച താരങ്ങൾക്കെതിരെ നടപടിക്ക് സാധ്യത. നാല് യുവതാരങ്ങളാണ് പൊലീസ് ക്രൂരതക്കെതിരെ കളിക്കളത്തിൽ പരസ്യമായി പ്രതിഷേധമറിയിച്ചത്.
ഇവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് ബുണ്ടസ് ലിഗ അച്ചടക്ക സമിതിയും ഡി.എഫ്.എഫ് കൺട്രോൾ സമിതിയും അന്വേഷണ സമിതിയെ നിയോഗിച്ചു. ഒന്നു മുതൽ മൂന്നു വരെ കളികളിൽ വിലക്ക് അല്ലെങ്കിൽ ഭാരിച്ച പിഴ എന്നിവയാണ് നിയമലംഘനങ്ങൾക്കുള്ള സാധാരണ ശിക്ഷ. എന്നാൽ, പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ശാസനയിൽ ഒതുങ്ങാനും സാധ്യതയുണ്ട്.
ഇംഗ്ലണ്ടിെൻറ ജേഡൻ സാഞ്ചോ, മൊറോക്കോയുടെ അഷ്റഫ് ഹക്കിമി, ഫ്രാൻസിെൻറ മാർകസ് തുറാം, ഷാൽക്കെയുടെ യു.എസ് മിഡ്ഫീൽഡറായ വെസ്റ്റോൺ മക്കെനി എന്നിവരാണ് പ്രതിഷേധിച്ചത്. ബുണ്ടസ് ലീഗ നിയമം അനുസരിച്ചു കളിക്കിടയിൽ മതപരവും രാഷ്ട്രീയവും ആയ കാര്യങ്ങൾക്കായി പ്രകടനങ്ങളും പ്രതിഷേധങ്ങളും ഒന്നും അനുവദനീയമല്ല. എന്നാൽ, ഇത് രാഷ്ട്രീയ മതപരമായ പ്രകടനങ്ങളായി കണക്കാക്കരുത് എന്നും തികച്ചും മനുഷ്യത്വപരമായ ഇടപെടലായി കൈകാര്യം ചെയ്യണമെന്നും ബുണ്ടസ് ലീഗ പരിശീലകർ അടക്കം അഭിപ്രായപ്പെട്ടിട്ടുണ്ട്.
ബൊറൂസിയ ഡോട്ട്മുണ്ട് താരമായ സാഞ്ചൊ പാഡെര്‍ബോണിനെതിരെ ആദ്യ ഗോള്‍ നേടിയതിന് പിന്നാലെയാണ് ജഴ്സി ഊരിക്കൊണ്ട് തൻെറ നിലപാട് വ്യക്തമാക്കിയത്. ജഴ്സിക്കുള്ളിലെ ബനിയനിൽ ജോർജ് ഫ്ലോയ്ഡിന് നീതിവേണമെന്ന് കൈപ്പടകൊണ്ട് രേഖപ്പെടുത്തിയത് പ്രദർശിപ്പിച്ചായിരുന്നു സാഞ്ചോയുടെ ആഹ്ലാദ പ്രകടനം. ജഴ്സി ഊരിയതിന് സാഞ്ചോക്ക് റഫറിയുടെ വക മഞ്ഞക്കാർഡ് ലഭിച്ചു. സാഞ്ചോക്ക് മഞ്ഞക്കാർഡ് കിട്ടിയെങ്കിലും ഹക്കിമിയും അടങ്ങിനിന്നില്ല. 85ാം മിനിറ്റിൽ ബൊറൂസിയക്കായി നാലാം ഗോൾ നേടിയ ശേഷം ഹക്കിമിയും സമാനമായ രീതിയിൽ തനിക്കു നൽകാനുള്ള സന്ദേശം വ്യക്തമാക്കി.
യൂനിയൻ ബർലിനെതിരെ മോൻഷൻഗ്ലാഡ്ബാഹിനായി രണ്ടാം ഗോള്‍ നേടിയ ശേഷമായിരുന്നു ഫ്രഞ്ച് മുന്നേറ്റക്കാരന്‍ മാർകസ് തുറാം മുട്ടുകുത്തിയിരുന്ന് ഫ്ലോയിഡിന് ആദരമര്‍പ്പിച്ചത്. പൊലീസ് അതിക്രമത്തിനും വംശീയ വേർതിരിവിനുമെതിരെ മുൻ സാൻഫ്രാൻസിസ്കോ താരം കോളിൻ കാപർനിക് പുറത്തെടുത്ത പ്രതിഷേധ പ്രകടനത്തിന് സമാനമായിരുന്നു തുറാമിൻെറ പ്രതികരണം. മുൻ ഫ്രഞ്ച് താരവും വർണവെറിക്കെതിരെ പ്രചാരണം നടത്തുന്ന വ്യക്തി കൂടിയായ ലിലിയന്‍ തുറാമിെൻറ മകനാണ് മാര്‍ക്കസ് തുറാം. മത്സരത്തില്‍ മോൻഷൻ ഗ്ലാഡ്ബാഹ് 4-1ന് ജയിച്ചു.
അമേരിക്കയിലെ മിനിയേപാളിസിൽ വർണവെറിയനായ പൊലീസുകാരൻ കാൽമുട്ടുകൊണ്ട് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ജോർജ് േഫ്ലായിഡിന് നീതി വേണമെന്നാവശ്യപ്പെടുന്ന ആംബാൻഡ് അണിഞ്ഞാണ് വെസ്റ്റൺ മകെനീ ബുണ്ടസ്ലിഗയെ പ്രതിഷേധവേദിയാക്കിയത്. ശനിയാഴ്ച രാത്രി വെർഡർ ബ്രമനെതിരെ നടന്ന മത്സരത്തിലായിരുന്നു അമേരിക്കക്കാരൻ കൂടിയായ താരത്തിെൻറ പ്രതിഷേധം.
തിങ്കളാഴ്ച രാത്രിയാണ് മിനിയപോളിസിൽ കറുത്തവർഗക്കാരനായ ജോർജ് ഫ്ലോയിഡിനെ പൊലീസുകാരൻ കഴുത്തിൽ കാലമർത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. അറസ്റ്റിലായ ഡെറിക് ഷോവിന് എന്ന പൊലീസുകാരനെതിരെ മൂന്നാം മുറ ഉപയോഗിച്ച് കൊലപാതകം നടത്തിയ കുറ്റം ചുമത്തി. പ്രതികളായ നാലുപൊലീസുകാരെയും ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.