തിരുവനന്തപുരം: കേരള വോളി അസോസിയേഷൻ പ്രസിഡൻറ് പി.സി. ചാർളിക്ക് സംസ്ഥാന സ്പോർട്സ് കൗൺസിലിെൻറ കാരണം കാണിക്കൽ നോട്ടീസ്. ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് അസോസിയേഷൻ സെക്രട്ടറി നാലകത്ത് ബഷീറിനെതിരെ നടപടിയെടുക്കാത്തതിനാണ് പി.സി. ചാർളിക്ക് നോട്ടീസ് നൽകാൻ വ്യാഴാഴ്ച ചേർന്ന സ്പോർട്സ് കൗൺസിൽ ഭരണസമിതി യോഗം തീരുമാനിച്ചത്. പെരിന്തൽമണ്ണയിൽ 2011ഡിസംബറിൽ നടത്തിയ ചാമ്പ്യൻഷിപ്പിനായി ദേശീയ ഫെഡറേഷൻ നൽകിയ ആറു ലക്ഷം രൂപ തിരിമറി നടത്തിയതായി നാലകത്ത് ബഷീറിനെതിരെ പരാതി ഉയർന്നിരുന്നു. ഇതുസംബന്ധിച്ച് വിജിലൻസ് അേന്വഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെതുടർന്ന് ബഷീറിനെ തൽസ്ഥാനത്തുനിന്നും മാറ്റിനിർത്തണമെന്ന് വിജിലൻസ് മുൻസർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് അന്നത്തെ കായിക മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പോർട്സ് കൗൺസിലിനോട് വിശദീകരണം ചോദിക്കുകയും സ്പോർട്സ് കൗൺസിൽ പി.സി. ചാർളിയോട് ബഷീറിനെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാൽ നാളിതുവരെ ആയിട്ടും ബഷീറിനെ തൽസ്ഥാനത്തുനിന്നും നീക്കാൻ യാതൊരു നടപടിയും സ്വീകരിക്കാത്തതിനെ തുടർന്നാണ് ചാർളിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ തീരുമാനിക്കുന്നത്. അഞ്ചു ദിവസത്തിനകം മറുപടി നൽകണം.