മൻപ്രീത് കൗർ ഉത്തേജക മരുന്ന് വിവാദത്തിൽ; ലോക ചാമ്പ്യൻഷിപ്പ് നഷ്ടമാകും
text_fieldsന്യൂഡൽഹി: ഏഷ്യൻ ഷോട്ട്പുട്ട് ചാമ്പ്യൻ മൻപ്രീത് കൗർ ഉത്തേജക പരിശോധനയിൽ കുടുങ്ങി. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) പരിശോധനയിൽ പരാജയപ്പെട്ട താരത്തിന് ഒരാഴ്ചമുമ്പ് നടന്ന ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ നേടിയ ഷോട്ട്പുട്ട് സ്വർണവും നഷ്ടമാവും. ജൂൺ ഒന്നുമുതൽ നാലുവരെ പട്യാലയിൽ നടന്ന ഫെഡറേഷൻ കപ്പ് നാഷനൽ ചാമ്പ്യൻഷിപ്പിനിടെ നടന്ന പരിശോധനയിലാണ് നിരോധിത ഒൗഷധമായ ഡീമിഥൈൽ ബ്യൂട്ടിലാമിൻ ഉപയോഗിച്ചിരുന്നതായി തെളിഞ്ഞത്. രണ്ടാം ഘട്ടമായ ‘ബി’ സാംപ്ൾ പരിശോധനകൂടി പരാജയപ്പെട്ടാൽ താരം ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി മുമ്പാകെ ഹാജരായി മറുപടി നൽകണം. തൃപ്തികരമല്ലെങ്കിൽ ലോക ഉത്തേജക വിരുദ്ധ ഏജൻസിയുടെ (വാഡ) അച്ചടക്ക നടപടിക്ക് വിധേയയാകും.
ഇതോടെ, ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ സ്വർണ മെഡലും ലണ്ടൻ ലോക ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനുള്ള അവസരവും നഷ്ടമാവുമെന്ന് ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷൻ വൃത്തങ്ങൾ അറിയിച്ചു. ഒരുവർഷം മുതൽ രണ്ടുവർഷം വരെ വിലക്കും നേരിടേണ്ടിവരും. ഇതാദ്യമായാണ് ഡീമിഥൈൽ ബ്യൂട്ടിലാമിൻ ഉപയോഗിച്ച അത്ലറ്റ് ഉത്തേജക പരിശോധനയിൽ കുരുങ്ങുന്നത്. 2010 കോമൺവെൽത്ത് ഗെയിംസിനുമുമ്പ് ഏറെ കായികതാരങ്ങൾ ഉപയോഗിച്ചതായി കണ്ടെത്തിയ മീഥൈൽ ഹെക്സാനമിനിെൻറ വകഭേദമാണിതെന്നാണ് റിപ്പോർട്ട്.
അതേസമയം, പരിശോധന റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് മൻപ്രീതിെൻറ കോച്ചും ഭർത്താവുമായ കരംജിത് അറിയിച്ചു.
ചൈനയിൽ നടന്ന ഏഷ്യൻ ഗ്രാൻഡ്പ്രീയിൽ 18.86 മീറ്റർ എറിഞ്ഞാണ് മൻപ്രീത് ദേശീയ റെക്കോഡും ലോക ചാമ്പ്യൻഷിപ് യോഗ്യതയും സ്വന്തമാക്കിയത്. പിന്നാലെ, ഫെഡറേഷൻ കപ്പ്, ഏഷ്യൻ ചാമ്പ്യൻഷിപ് (18.28 മീ), ദേശീയ സീനിയർ മീറ്റ് എന്നിവയിൽ സ്വർണംനേടി ഉജ്ജ്വല ഫോമിലായിരുന്നു ഇവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.