മേരികോം x നിഖാത് സരീൻ; റിങ്ങിൽ ഇടിത്തീ
text_fieldsന്യൂഡൽഹി: ഇന്ത്യൻ ബോക്സിങ്ങിൽ ഇന്ന് ഇടിപ്പൂരം. ടോക്യോ ഒളിമ്പിക്സ് ബർത്തിനുള്ള യോഗ്യതാ റൗണ്ടിൽ ഇടംപിടിക്കാൻ ഇടിക്കൂട്ടിലെ പെൺപുലികൾ നേർക്കു നേർ. റിങ്ങിന് പുറത്ത് വാക്കുകൊണ്ട് ഏറ്റുമുട്ടി പോർവിളിച്ച എം.സി മേരികോമും നിഖാത് സരീനും മുഖാമുഖം. ബോക്സിങ് ഫെഡറേഷെൻറ ദേശീയ ട്രയൽസിൽ 51 കിലോ വിഭാഗം ആദ്യറൗണ്ടിൽ അനായാസ ജയവുമായാണ് മേരികോയും സരീനും ഫൈനൽ റൗണ്ടിൽ ഇടം പിടിച്ചത്. ഇവിടെ ജയിക്കുന്നവർക്കാണ് ഫെബ്രുവരി ആദ്യ വാരത്തിൽ ചൈനയിലെ വുഹാനിൽ നടക്കുന്ന ഒളിമ്പിക്സ് യോഗ്യതാ മത്സരത്തിൽ പങ്കെടുക്കാൻ അവസരം. അവിടം കടന്നാൽ ടോക്യോവിലേക്കും ഉറപ്പ്.
ഇന്ത്യൻ റാങ്കിങ്ങിൽ രണ്ടാം സ്ഥാനക്കാരിയും മുൻ വേൾഡ് ജൂനിയർ ചാമ്പ്യനുമായ സരീൻ നിലവിലെ ദേശീയ ചാമ്പ്യൻ ജ്യോതി ഗുലിയയെ ഇടിച്ചു വീഴ്ത്തിയാണ് ഫൈനലിലെത്തിയത്.
തൊട്ടു പിന്നാലെ നടന്ന രണ്ടാം ട്രയൽസിൽ ആറു തവണ ലോകചാമ്പ്യനായ മേരികോമിന് എളുപ്പമായിരുന്നു കാര്യങ്ങൾ. നാലാം റാങ്കുകാരിയായ റിതു ഗ്രെവാളിനെ അയേൺ മേരി വേഗം വീഴ്ത്തി.
ഏകപക്ഷീയമായിരുന്നു മേരിയുടെ ജയം. ഒളിമ്പിക്സ് യോഗ്യതാ റൗണ്ടിനുള്ള ടീം തെരഞ്ഞെടുപ്പിനായി അഞ്ച് വിഭാഗങ്ങളിലാണ് ട്രയൽസ് നടക്കുന്നത്. 75 കിലോ വിഭാഗത്തിൽ മലയാളി താരം ഇന്ദ്രജ ആദ്യ റൗണ്ടിൽ തോറ്റ് പുറത്തായി.
ഫെഡറേഷനെ വീഴ്ത്തിയ നിഖാത്
തെലങ്കാനക്കാരിയായ നിഖാത് സരീെൻറ ഒറ്റയാൾ പോരാട്ടത്തിനൊടുവിലാണ് ഇന്ത്യൻ ബോക്സിങ് കാത്തിരുന്ന പോരാട്ടത്തിന് വേദിയൊരുങ്ങിയത്. ആറു തവണ ലോകചാമ്പ്യനും, ഒളിമ്പിക്സ് മെഡൽ ജേതാവും എന്ന നിലയിൽ മേരികോമിന് ആദരവായി ഒളിമ്പിക്സ് ക്വാളിഫയർ റൗണ്ട് ബർത്ത് നൽകാനായിരുന്നു ഇന്ത്യൻ ബോക്സിങ് ഫെഡറേഷൻ നീക്കം. നവംബറിൽ റഷ്യയിൽ നടന്ന ലോകചാമ്പ്യൻഷിപ് ഫൈനലിൽ എത്താതിരുന്നിട്ടും മേരിയെ ഒളിമ്പിക്സ് ക്വാളിഫയർ റൗണ്ടിന് അയക്കാനുള്ള ശ്രമത്തെ ചോദ്യംചെയ്ത് സരീൻ രംഗത്തെത്തി.
പ്രകടനമാവണം മാനദണ്ഡമെന്ന് ചൂണ്ടികാട്ടി സരീൻ കായിക മന്ത്രി കിരൺ റിജിജുവിന് കത്തെഴുതിയതോടെയാണ് ഫെഡറേഷൻ നീക്കം പാളുന്നത്.
സരീന് പിന്തുണയുമായി അഭിനവ് ബിന്ദ്ര ഉൾപ്പെടെയുള്ള താരങ്ങൾകൂടി രംഗത്തെത്തിയതോടെ ഫെഡറേഷൻ ട്രയൽസിന് നിർബന്ധിതരാവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.