ദേശീയ സീനിയർ വോളി: കിരീടം കാത്ത് പെൺപട
text_fieldsഭുവനേശ്വർ: ദേശീയ സീനിയർ വോളി വനിതകളിൽ കേരളത്തിന് തുടർച്ചയായ രണ്ടാം കിരീടം. ടൂർണമെൻറിലുടനീളം ഒറ്റ സെറ്റുപോലും വിട്ടുനൽകാത്ത അഞ്ജു ബാലകൃഷ്ണൻ നയിച്ച മലയാളി പെൺപട റെയിൽവേസിനെ ഏകപക്ഷീയമായ മൂന്നു സെറ്റുകൾക്കാണ് മറികടന്നത്. സ്കോർ: 25-18, 25-14, 25-13. സീനിയർ വോളി വനിതകളിൽ കേരളത്തിെൻറ 12ാം കിരീടമാണിത്.
ആദ്യ സെറ്റ് പിടിച്ച് എതിരാളികളെ തളക്കുകയെന്ന തന്ത്രവുമായി ഭുവനേശ്വറിലെ കെ.ഐ.ഐ.ടി ഡീംഡ് വാഴ്സിറ്റി സ്റ്റേഡിയത്തിൽ കലാശപ്പോരിനിറങ്ങിയ ടീം തുടക്കം ഗംഭീരമാക്കിയതോടെ മത്സരം ഏകപക്ഷീയമായി. ഒരു ഘട്ടത്തിൽപോലും കേരളത്തിന് വെല്ലുവിളിയുയർത്താൻ കരുത്തരായ റെയിൽവേസിനായില്ല. േബ്ലാക്കിലും സർവിസിലും മുതൽ കളിയുടെ ഓരോ മേഖലയിലും കേരളം സർവാധിപത്യം പുലർത്തി. ആദ്യ സെറ്റിൽ പാടുപെട്ട് ഒപ്പം നിൽക്കാൻ ശ്രമിച്ച റെയിൽവേസിനെ നിലംതൊടീക്കാതെയായിരുന്നു തുടർന്നുള്ള സെറ്റുകൾ കേരളം പിടിച്ചത്.
തുടർച്ചയായി കിരീടം കാത്ത റെയിൽവേസിൽനിന്ന് നീണ്ട കാത്തിരിപ്പിനുശേഷം കഴിഞ്ഞ വർഷമാണ് കേരളം ചാമ്പ്യൻപട്ടം സ്വന്തമാക്കിയത്. ഇത്തവണ എന്തു വിലകൊടുത്തും തിരിച്ചുപിടിക്കാനായി അരയും തലയും മുറുക്കി ഇറങ്ങിയ എതിരാളികൾക്ക് പഴുതുനൽകാത്ത പ്രകടനം കേരള വോളിബാളിെൻറ സുവർണ നാളുകളുടെ വിളംബരമായി. എസ്. രേഖയും അഞ്ജുവും അനുശ്രീയുമുൾപ്പെട്ട ടീം ഓരോ പൊസിഷനിലും കരുത്തുകാട്ടി.
സെമിയിൽ മഹാരാഷ്ട്രയെ ഏകപക്ഷീയമായ സെറ്റുകൾക്ക് വീഴ്ത്തിയായിരുന്നു കേരളം കലാശപ്പോരിലേക്ക് ടിക്കറ്റുറപ്പിച്ചത്. ക്വാർട്ടറിൽ ഹിമാചൽപ്രദേശിനെയും വീഴ്ത്തി. ഡോ. സി.എസ്. സദാനന്ദൻ പരിശീലിപ്പിക്കുന്ന ടീം തുല്യതയില്ലാത്ത ഒത്തിണക്കവും കരുത്തുമാണ് ഇത്തവണ ടൂർണമെൻറിലുടനീളം പ്രകടിപ്പിച്ചത്. നീണ്ട 10 വർഷത്തിനുശേഷം കഴിഞ്ഞ തവണ കേരളം ആദ്യമായി കപ്പുയർത്തിയപ്പോൾ റെയിൽവേ വീണത് അഞ്ചു സെറ്റുകൾക്കായിരുെന്നങ്കിൽ ഇത്തവണ തുല്യ ശക്തികളുടെ പോരാട്ടംപോലുമായില്ല, കലാശപ്പോരാട്ടം.
1971-72ൽ കെ.സി. ഏലമ്മയുടെ നേതൃത്വത്തിലായിരുന്നു കേരള വനിതകൾ ആദ്യമായി വോളി ചാമ്പ്യന്മാരായത്. 2007-08ൽ കപ്പുയർത്തിയ ശേഷം റെയിൽവേക്കു മുന്നിൽ തുടരെ മുട്ടിടിച്ചുവീണു. ഇതാണ് വീണ്ടും ജയത്തോടെ പഴങ്കഥയാകുന്നത്.
പുരുഷന്മാർ മൂന്നാമത്
റെയിൽവേസിനോട് സെമിയിൽ തോറ്റ് ഫൈനൽ കാണാതെ പുറത്തായ പുരുഷ ടീം ലൂസേഴ്സ് ഫൈനലിൽ കർണാടകയെ ഏകപക്ഷീയമായ സെറ്റുകൾക്ക് വീഴ്ത്തി മൂന്നാമതെത്തി. കടുത്ത പോരാട്ടത്തിൽ ആദ്യവസാനം മേൽക്കൈ നിലനിർത്തിയാണ് കേരളം ജയംകുറിച്ചത്. സ്കോർ: 25-21, 26-24, 25-19.
കരുത്തരുടെ ഉഗ്രപോരാട്ടം കണ്ട പുരുഷ ഫൈനലിൽ ഇന്ത്യൻ റെയിൽവേസിനെ ഒന്നിനെതിരെ മൂന്നു സെറ്റുകൾക്ക് മറികടന്ന് തമിഴ്നാട് ചാമ്പ്യന്മാരായി. സ്കോർ: 25-18, 25-21, 21-25, 25-23. കേരളത്തെയായിരുന്നു റെയിൽവേസ് സെമിയിൽ വീഴ്ത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.