വോളി ചാമ്പ്യൻഷിപ്പിൽ കേരളത്തിന് മധുരപ്രതികാരം; റെയിൽവേയെ വീഴ്ത്തി കിരീടനേട്ടം
text_fieldsചെന്നൈ: ഇത്തവണ റെയില്‍വേയുടെ ചൂളംവിളിക്ക് മുന്നില്‍നിന്നും കേരളത്തെ പുരുഷന്മാര്‍ കാത്തു. 65ാമത് ദേശീയ സീനിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷകിരീടം കേരളത്തിന്. വനിതകള്‍ തുടര്‍ച്ചയായി ഒമ്പതാം തവണയും റെയില്‍വേക്ക് മുന്നില്‍ തലവെച്ചപ്പോഴാണ് പുരുഷ ടീം അഞ്ചാം സെറ്റുവരെ ആവേശം മാറിമറിഞ്ഞ പോരാട്ടത്തിനൊടുവില്‍ ജേതാക്കളായത്. സ്കോര്‍: 25-17, 20-25, 26-24, 25-27, 15-9. ഫൈനലില്‍ ഒമ്പതാം തവണ റെയില്‍വേയെ നേരിട്ട വനിതാ ടീം 3-1ന് (25-21, 21-25, 25-15, 25-21) ദയനീയമായി കീഴടങ്ങി.
മൂന്നുവര്‍ഷത്തെ ഇടവേളക്കു ശേഷമാണ് കേരള പുരുഷന്മാരുടെ കിരീട നേട്ടം. 2012ലും 2013ലും ജേതാക്കളായവരുടെ അഞ്ചാമത്തെ ചാമ്പ്യന്‍പട്ടം. ജെറോം വിനീതിന്‍െറ ഓള്‍റൗണ്ട് പ്രകടനമായിരുന്നു ഫൈനലില്‍ കേരളത്തിന് തുണയായത്. ടൂര്‍ണമെന്‍റില്‍ ഒരു മത്സരം പോലും തോല്‍ക്കാതെ കുതിച്ചവര്‍ ഫൈനലിലും എതിരാളിയുടെ മിടുക്കിനെ വകവെക്കാതെയായിരുന്നു തുടങ്ങിയത്. ആദ്യ സെറ്റില്‍ തന്നെ റെയില്‍വേയെ പാളം തെറ്റിച്ചു. തുടക്കത്തില്‍ നേടിയ ലീഡ് ഉജ്ജ്വല സര്‍വുകളും തീപ്പാറുന്ന സ്മാഷുമായി നിലനിര്‍ത്തി അനായാസ ജയത്തിലത്തെിച്ചു. എന്നാല്‍, പതിവ് ശൗര്യത്തിലേക്ക് റെയില്‍വേ തിരിച്ചുവരുന്നതോടെ രണ്ടാം സെറ്റില്‍ കളി കൈവിട്ടു. പ്രഭാകരന്‍െറ ചൂടേറിയ സ്മാഷുകളായിരുന്നു ഇക്കുറി തിരിച്ചടിയായത്. 20-25ന് ജയിച്ച റെയില്‍വേ കളിയില്‍ തിരിച്ചത്തെി. മൂന്നാം സെറ്റില്‍ പക്ഷേ, കൈവിട്ട കളിയായി കേരളത്തിന്‍േറത്. റെയില്‍വേ വേഗത്തില്‍ പോയന്‍റ് നേടി കുതിച്ചപ്പോള്‍ തുടര്‍ച്ചയായി രണ്ടാം സെറ്റും കൈവിടുമെന്ന് തോന്നി. 15-19ന് നിലവിലെ ജേതാക്കള്‍ മുന്നില്‍. പക്ഷേ, തകര്‍പ്പന്‍ സര്‍വുകളിലൂടെ ജെറോം വിനീത് കേരളത്തെ മത്സരത്തില്‍ തിരികെയത്തെിച്ചതോടെ പോരാട്ടം ഇഞ്ചോടിഞ്ചായി. ഒടുവില്‍ 24-25ല്‍ നിന്നും 26-24ന് സ്വന്തമാക്കി ഉജ്ജ്വല തിരിച്ചുവരവ്. നാലാം സെറ്റില്‍ പക്ഷേ, റെയില്‍വേ 27-25ന് കളി പിടിച്ചു. ഒപ്പത്തിനൊപ്പമായിരുന്നു മുന്നേറ്റമെങ്കിലും സ്മാഷും പ്രതിരോധവും കേരളത്തേക്കാള്‍ ഉയരക്കൂടുതലുള്ള റെയില്‍വേക്ക് അനുകൂലമായി. ഒടുവില്‍ നിര്‍ണായക ഫൈനല്‍ സെറ്റില്‍ കേരളം തകര്‍ത്താടുകയായിരുന്നു. രോഹിതും ജെറോമും ബിപിനും ചേര്‍ന്നതോടെ 10-6ല്‍ നിന്ന് 15-9ന് മത്സരവും കിരീടവും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.