പാകിസ്താനിലെ ന്യൂനപക്ഷങ്ങൾക്കും സഹായം വേണം -യുവരാജിനോടും ഹർഭജനോടും കനേരിയ
text_fieldsഇസ്ലാമാബാദ്: കൊറോണക്കാലത്ത് പാകിസ്താനിലെ ന്യൂനപക്ഷൾക്കും സഹായം ആവശ്യമുണ്ടെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിങ്ങിനോടും ഹർഭജൻ സിങ്ങിനോടും മുൻ പാക് ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ.
കൊറോണക്കെതിരായ പോരാട്ടത്തിന് മുൻ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി നേതൃത്വം നൽകുന്ന ഷാഹിദ് അഫ്രീദി ഫൗണ്ടേഷെൻറ പ്രവർത്തനങ്ങളെ പിന്തുണച്ച് യുവരാജും ഹർഭജനും രംഗത്തെത്തിയിരുന്നു.
കൊറോണക്കെതിരായ പോരാട്ടത്തിൽ പാകിസ്താനെ സഹായിക്കുന്ന ഷാഹിദ് അഫ്രീദി ഫൗണ്ടേഷന് സംഭാവന നൽകണമെന്നായിരുന്നു ഇരുവരും ട്വിറ്റർ വിഡിയോയിലൂടെ അഭ്യർഥിച്ചത്.
"പാകിസ്താനിലെ ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയും ഒരു വിഡിയോ ചെയ്യണമെന്ന് യുവരാജ് സിങ്ങിനോടും ഹർഭജൻ സിങ്ങിനോടും അഭ്യർഥിക്കുന്നു. കൊറോണ വ്യാപനത്തിെൻറ ഈ പ്രതിസന്ധിഘട്ടത്തിൽ അവർക്ക് സഹായം ആവശ്യമുണ്ട്'' - എന്നാണ് കനേരിയ ട്വീറ്റ് ചെയ്തത്. എന്നാൽ, ഇരുവരും ഇതിനോട് പ്രതികരിച്ചിട്ടില്ല.
ലോക്ക്ഡൗണിലായ പാകിസ്താനിൽ ന്യൂനപക്ഷങ്ങൾക്ക് ഭക്ഷണം കിട്ടുന്നില്ലെന്നടക്കമുള്ള ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് കനേരിയയുടെ അഭ്യർഥന. പാകിസ്താനിലെ ന്യൂനപക്ഷ വിവേചനത്തിനെതിരെ മുൻപ് കനേരിയ നടത്തിയ പ്രസ്താവനകൾ വിവാദമായിട്ടുണ്ട്. ന്യൂനപക്ഷ സമുദായാംഗമായതിനാൽ തനിക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കാൻ പോലും പാക് താരങ്ങൾ മടിച്ചിരുന്നെന്ന് കനേരിയ പറഞ്ഞിരുന്നു.
അതിനിടെ, ഇന്ത്യയെ എപ്പോഴും കുറ്റപ്പെടുത്തുന്ന അഫ്രീദിയെപ്പോലെ ഒരാളെ സഹായിക്കേണ്ടതില്ലെന്നും അഫ്രീദിയെ പിന്തുണച്ച യുവരാജിനോടും ഹർഭജനോടുമുള്ള ബഹുമാനം നഷ്ടപ്പെട്ടെന്നും ആരാധകർ വിമർശിച്ചിരുന്നു. "ഞാനൊരു ഇന്ത്യക്കാരനാണ്. എെൻറ മുറിവിൽ നിന്നൊഴുകുക 'നീല രക്തം' തന്നെയായിരിക്കും. ഞാനെന്നും മനുഷ്യത്വത്തിന് വേണ്ടി നിലകൊള്ളും. ജയ് ഹിന്ദ്" - എന്നായിരുന്നു ഇതിന് യുവരാജിെൻറ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.