സ്പോർട്സ് കൗൺസിലിനെ പിരിച്ചുവിടണം –വോളിബാൾ അസോ.
text_fieldsകോഴിക്കോട്: കേരളത്തിലെ കായിക താരങ്ങളെയും അസോസിയേഷനുകളെയും ദ്രോഹിക്കുക മാത്രമാണ് സംസ്ഥാന സ്പോർട്സ് കൗൺസിൽ ചെയ്യുന്നതെന്നും കൗൺസിലിനെ സർക്കാർ പിരിച്ചുവിടണമെന്നും സംസ്ഥാന വോളിബാൾ അസോസിയേഷൻ സെക്രട്ടറി നാലകത്ത് ബഷീർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും സ്പോർട്സ് കൗൺസിൽ എന്ന സംവിധാനമില്ല. സ്പോർട്സ് ഡയറക്ടറേറ്റിനെയും കേരള ഒളിമ്പിക് അസോസിയേഷനെയും നോക്കുകുത്തിയാക്കിയാണ് കൗൺസിൽ പ്രവർത്തിക്കുന്നത്. കൗൺസിലിലെ ഭാരവാഹികളിൽ പലരും നിയമവിരുദ്ധമായി നിലകൊള്ളുന്നവരും പല നടപടികൾ നേരിടുന്നവരുമാണ്. സ്പോർട്സ് ലോട്ടറിയിലൂടെ ലഭിച്ച കോടിക്കണക്കിന് രൂപ എവിടെയെന്നുപോലും പറയാൻ കഴിയാത്ത കൗൺസിൽ പ്രസിഡൻറ് വിജിലൻസ് അന്വേഷണം നേരിടുകയാണ്. അയോഗ്യതയുള്ളവരും പ്രായപരിധി കഴിഞ്ഞവരും കൗൺസിൽ ബോർഡ് അംഗങ്ങളായി പ്രവർത്തിക്കുന്നു.
സ്പോർട്സ് കൗൺസിലിെൻറ അഫിലിയേഷൻ മാത്രമേ വോളിബാൾ അസോസിയേഷനുള്ളൂ. അസോസിയേഷൻ പ്രവർത്തിക്കുന്നത് വോളിബാൾ ഫെഡറേഷൻ ഓഫ് ഇന്ത്യക്കു കീഴിലാണ്. അസോസിയേഷനെ പിരിച്ചുവിടാനോ അഡ്ഹോക് കമ്മിറ്റി രൂപവത്കരിക്കാനോ കൗൺസിലിന് അധികാരമില്ല. ദേശീയ വോളിബാൾ ചാമ്പ്യൻഷിപ് നടത്തിപ്പുമായി ബന്ധപ്പെട്ട് അസോസിയേഷനെതിരെ വന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. ഇതുമായി ബന്ധപ്പെട്ട കണക്കുകൾ കൃത്യമായി അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ, സംഘടനാവിരുദ്ധ പ്രവർത്തനം നടത്തിയതിന് പുറത്താക്കപ്പെട്ട വൈസ് പ്രസിഡൻറ് പി. രാജീവനെ സസ്പെൻഡ് ചെയ്തതിനെതിരെയുള്ള നീക്കമാണ് അസോസിയേഷനെതിരെ ഉയർന്ന ആരോപണം. പ്രസിഡൻറ് ചാർലി ജേക്കബ്, മുൻ അന്താരാഷ്ട്ര വോളി താരം അബ്ദുൽ റസാഖ്, ജില്ല സെക്രട്ടറി കെ.കെ. മൊയ്തീൻ കോയ, സണ്ണി പി. സഖറിയ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.