പേസിന് വേണം, സഹതാരങ്ങളുടെ കാരുണ്യം
text_fieldsന്യൂഡല്‍ഹി: ഏഴാം ഒളിമ്പിക്സില്‍ റാക്കറ്റേന്തുകയെന്ന അപൂര്‍വ നേട്ടം കൈവരിക്കാന്‍ ഇന്ത്യയുടെ വെറ്ററന്‍ ടെന്നിസ് താരം ലിയാണ്ടര്‍ പേസിന് മറ്റ് താരങ്ങളുടെ കാരുണ്യം വേണം. പുരുഷ ഡബ്ള്‍സില്‍ രോഹന്‍ ബൊപ്പണ്ണ സ്വീകരിച്ചാല്‍ മാത്രം പേസിന് റിയോയില്‍ കളത്തിലിറങ്ങാം. എ.ടി.പി ഡബ്ള്‍സ് റാങ്കിങ്ങില്‍ ആദ്യ പത്താം സ്ഥാനത്തിനുള്ളിലായതിനാല്‍ ബൊപ്പണ്ണക്ക് ഒളിമ്പിക്സിന് നേരിട്ട് യോഗ്യതയാകും. 46ാം റാങ്കുകാരനായ പേസിനെ ബൊപ്പണ്ണ പരിഗണിച്ചില്ളെങ്കില്‍ പുരുഷ ഡബ്ള്‍സില്‍ പുറത്തിരിക്കേണ്ടി വരും. ഉയര്‍ന്ന റാങ്കിലുള്ള താരങ്ങളില്ലാത്തതിനാല്‍ പുരുഷ ഡബ്ള്‍സില്‍ ഒരു ടീമിനേ ഇന്ത്യക്ക് വേണ്ടി കളിക്കാനാവൂ.
പേസിനെ കൂട്ടുകാരനായി പരിഗണിക്കുന്നതിനെക്കുറിച്ച് ബൊപ്പണ്ണ മനസ്സുതുറന്നിട്ടില്ല. അഖിലേന്ത്യ ടെന്നിസ് അസോസിയേഷന്‍ (എ.ഐ.ടി.എ) ഇക്കാര്യത്തില്‍ ഇടപെടുമെന്നാണ് സൂചന. പേസിനൊപ്പം കളിക്കാന്‍ എ.ഐ.ടി.എ നിര്‍ദേശം നല്‍കിയേക്കും. രാജ്യത്തിന്‍െറ വികാരമെന്ന നിലയില്‍ പേസിനെ ഒപ്പം കളിപ്പിക്കാന്‍ ബൊപ്പണ്ണ സമ്മതിക്കുമെന്നാണ് അധികൃതരുടെ വിശ്വാസം. വിവിധ ഡബ്ള്‍സുകളിലായി 18 ഗ്രാന്‍ഡ്സ്ളാം കിരീടങ്ങള്‍ സ്വന്തമായുള്ള പേസിനെ ഒഴിവാക്കുന്നത് എതിര്‍പ്പ് ക്ഷണിച്ച് വരുത്തുമെന്ന് അസോസിയേഷന്‍ ഭയക്കുന്നു.
അതേസമയം, മിക്സഡ് ഡബ്ള്‍സില്‍ സാനിയ മിര്‍സക്ക് ഇഷ്ടമുള്ള പങ്കാളിയെ തെരഞ്ഞെടുക്കാന്‍ എ.ഐ.ടി.എ അവസരം നല്‍കും. പേസിനെക്കാള്‍ സാനിയക്കിഷ്ടം ബൊപ്പണ്ണയെയാണ്. മിക്സഡ് ഡബ്ള്‍സില്‍ സാനിയക്കൊപ്പം പേസിന് കളിക്കാനാവുമെന്ന് ഉറപ്പില്ല. ഡബ്ള്‍സ് റാങ്കിങ്ങില്‍ 46ാമതുള്ള പേസും ഒന്നാമതുള്ള സാനിയയും ചേരുമ്പോള്‍ 47ാം റാങ്കായിരിക്കും ഇന്ത്യന്‍ ടീമിന് ലഭിക്കുക. 16 ടീമുകള്‍ക്ക് മാത്രം അവസരം കിട്ടുന്നതിനാല്‍ ബൊപ്പണ്ണ- സാനിയ സഖ്യമാകും ഈ വിഭാഗത്തില്‍ മത്സരിക്കുക. ജൂണ്‍ 11ന് ഇന്ത്യന്‍ ടീം പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.