മരിയ ഷറപ്പോവ ഉത്തേജക മരുന്ന് വിവാദത്തിൽ
text_fieldsലോസ് ആഞ്ജലസ്: ലോകടെന്നിസിലെ മറ്റൊരു താരവിഗ്രഹംകൂടി ഉത്തേജക മരുന്നില്‍ തട്ടി വീണുടയുന്നു. സൗന്ദര്യവും കളിമികവുംകൊണ്ട് ആരാധക മനസ്സിലെ ഇഷ്ടതാരമായി മാറിയ റഷ്യക്കാരി മരിയ ഷറപോവ ഉത്തേജക മരുന്ന് ഉപയോഗിച്ചിരുന്നുവെന്ന വെളിപ്പെടുത്തലില്‍ ടെന്നിസ് ലോകം ഞെട്ടി. ഇക്കഴിഞ്ഞ ആസ്ട്രേലിയന്‍ ഓപണിലെ പരിശോധനാ ഫലംപുറത്തുവന്നതിനു പിന്നാലെ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്ത് ഷറപോവ തന്നെയാണ് മരുന്നുപയോഗിച്ച കാര്യം വെളിപ്പെടുത്തിയത്.
ലോക ഉത്തേജകവിരുദ്ധ ഏജന്‍സിയുടെ നിരോധിത മരുന്ന് പട്ടിക പുതുക്കിയതാണ് അഞ്ച് ഗ്രാന്‍ഡ്സ്ളാം കിരീടം നേടിയ ഷറപോവക്ക് തിരിച്ചടിയായത്. 2006 മുതല്‍ ഷറപോവ ഉപയോഗിക്കുന്ന ‘മെല്‍ഡോണിയം’ എന്ന മരുന്നും ഈ വര്‍ഷാദ്യം പുതുക്കിയ പട്ടികയില്‍ ഇടംപിടിച്ചു. ഇക്കാര്യമറിയാതെ ആസ്ട്രേലിയന്‍ ഓപണിന് തൊട്ടുമുമ്പായി മെല്‍ഡോണിയം ഉപയോഗിച്ചതാണ് റഷ്യന്‍ താരസുന്ദരിയുടെ കരിയര്‍ വെട്ടിലാക്കിയത്. വലിയ അബദ്ധം സംഭവിച്ചതായി സമ്മതിച്ച ഷറപോവയെ രാജ്യാന്തര ടെന്നിസ് ഫെഡറേഷന്‍ സസ്പെന്‍ഡ് ചെയ്തു. ‘പരിശോധനയില്‍ പരാജയപ്പെട്ടതിന്‍െറ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. നാലാം വയസ്സുമുതല്‍ കളിക്കുന്ന പ്രിയപ്പെട്ട ഗെയിമിനെയും ഏറെ സ്നേഹിക്കുന്ന ആരാധകരെയും നിരാശപ്പെടുത്തിയതില്‍ ഖേദിക്കുന്നു’ -ലോസ് ആഞ്ജലസിലെ ഡൗണ്‍ ടൗണ്‍ ഹോട്ടലില്‍ തിങ്ങിനിറഞ്ഞ മാധ്യമപ്രവര്‍ത്തകര്‍ക്കു മുമ്പാകെ കണ്ണീരടക്കി ഷറപോവ പറഞ്ഞു.
ഷറപോവയുടെ വാര്‍ത്താസമ്മേളനത്തിനു പിന്നാലെ സൂപ്പര്‍ താരത്തിന്‍െറ ഉത്തേജക പരിശോധനാ ഫലം പോസിറ്റിവായിരുന്നുവെന്ന് ഐ.ടി.എഫ് സ്ഥിരീകരിച്ചു. ജനുവരി 26ന് ശേഖരിച്ച സാമ്പ്ള്‍ പരിശോധനയുടെ അടിസ്ഥാനത്തില്‍ മാര്‍ച്ച് രണ്ടിനാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്.കേസ് നടപടികളുമായി സഹകരിക്കുമെന്ന് മുന്‍ ലോക ഒന്നാം നമ്പര്‍കൂടിയായ ഷറപോവ വ്യക്തമാക്കി.നാലു വര്‍ഷം വരെ വിലക്ക് ലഭിക്കാവുന്നതാണ് കേസ്. എന്നാല്‍, ശിക്ഷ കുറക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഷറപോവയുടെ അഭിഭാഷകന്‍ ജോണ്‍ ഹാഗര്‍ട്ടി അറിയിച്ചു.
അതേസമയം, ഷറപോവക്ക് പിന്തുണയുമായി റഷ്യന്‍ ടെന്നിസ് ഫെഡറേഷന്‍ രംഗത്തത്തെി. ‘നിസ്സാര കാര്യമാണിത്. ഡോക്ടര്‍മാരും ഫിസിയോകളും നിര്‍ദേശിക്കുന്ന മരുന്നുകള്‍ അത്ലറ്റുകള്‍ ഉപയോഗിക്കുന്നത് സ്വാഭാവികം. ഉത്തേജകത്തിനായി മരുന്നടിച്ചുവെന്ന് വിശ്വസിക്കുന്നില്ല. ഒളിമ്പിക്സില്‍ ഷറപോവ കളിക്കുമെന്നാണ് പ്രതീക്ഷ. ബാക്കിയെല്ലാം കാത്തിരുന്നുകാണാം’ -റഷ്യന്‍ ടെന്നിസ് തലവന്‍ ഷമില്‍ ടാര്‍പിഷേവ് പറഞ്ഞു.
15ാം വയസ്സില്‍ ജൂനിയര്‍ ഗ്രാന്‍ഡ്സ്ളാം ചാമ്പ്യന്‍ഷിപ്പുകളിലൂടെ അരങ്ങേറ്റം കുറിച്ച ഷറപോവ 2003 മുതലാണ് സീനിയര്‍ വിഭാഗത്തില്‍ കളിച്ചുതുടങ്ങുന്നത്. ആസ്ട്രേലിയന്‍, ഫ്രഞ്ച് ഓപണില്‍ ഒന്നാം റൗണ്ടില്‍ പുറത്തായെങ്കിലും വിംബ്ള്‍ഡണില്‍ നാലാമതത്തെി ശ്രദ്ധനേടി. അടുത്ത വര്‍ഷം വിംബ്ള്‍ഡണില്‍ കിരീടവുമണിഞ്ഞു. 2005 ആഗസ്റ്റില്‍ ലോകറാങ്കിങ്ങില്‍ ഒന്നാമതുമത്തെി. പരിക്കുകള്‍ വിടാതെ പിന്തുടരുമ്പോഴും തിരിച്ചത്തെുന്ന ഇടവേളകളില്‍ ഷറപോവ കിരീടവുമണിഞ്ഞു. ആസ്ട്രേലിയന്‍ ഓപണ്‍ (2008), ഫ്രഞ്ച് ഓപണ്‍ (2012, 2014), യു.എസ് ഓപണ്‍ (2006) എന്നിങ്ങനെ അഞ്ചു ഗ്രാന്‍ഡ്സ്ളാമുകള്‍ സ്വന്തമാക്കിയ താരം, അഞ്ചു തവണ റണ്ണറപ്പായും മടങ്ങിയിരുന്നു. ഇക്കഴിഞ്ഞ ആസ്ട്രേലിയന്‍ ഓപണ്‍ ക്വാര്‍ട്ടറില്‍ സെറിന വില്യംസിനു മുന്നില്‍ തോറ്റുമടങ്ങുകയായിരുന്നു. പിന്നാലെ ഖത്തര്‍ ഓപണ്‍, ഇന്ത്യന്‍ വെല്‍സ് മാസ്റ്റേഴ്സ് എന്നിവയില്‍നിന്ന് പിന്‍വാങ്ങിയതോടെ ഷറപോവ വിരമിക്കുന്നതായും അഭ്യൂഹങ്ങള്‍ പരന്നു. ഏഴാം റാങ്കുകാരിയായ ഷറപോവ 35 ഡബ്ള്യു.ടി.എ സിംഗ്ള്‍സ് കിരീടമണിഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.