വാവ്റിങ്കയെ തകർത്തു; പത്താം ഫ്രഞ്ച് ഒാപൺ കിരീടനേട്ടവുമായി നദാൽ
text_fieldsപാരിസ്: പതിവിന് വിപരീതമായി റൊളാങ് ഗാരോയിൽ ഒന്നും സംഭവിച്ചില്ല. കാടിളക്കിയെത്തിയ സ്റ്റാൻ വാവ്റിങ്കയെ ചൂണ്ടാണിവിരലിൽ അടക്കിനിർത്തി റാഫേൽ നദാൽ ഫ്രഞ്ച് ഒാപണിൽ പത്താം തവണയും മുത്തമിട്ടു (സ്കോർ: 6-2, 6-3, 6-1). ടൂർണമെൻറിലുടനീളം എതിരാളിയില്ലാത്ത പോരാളിയായി മുന്നേറിയ നദാൽ, കളിമൺ കോർട്ടിലെ മണൽതരികളിൽ തനിക്കുള്ള അധികാരം തീറെഴുതിയുറപ്പിച്ചാണ് 15ാം ഗ്രാൻഡ്സ്ലാം കിരീടം സ്വന്തമാക്കിയത്. ആദ്യ മത്സരം മുതൽ കലാശപ്പോര് വരെ ഒരു സെറ്റ് പോലും വിട്ടുകൊടുക്കാതെയാണ് സ്പാനിഷ് താരം കപ്പുമായി മടങ്ങുന്നത്. ഇതോടെ, ഏെതങ്കിലും ഒരു ഗ്രാൻഡ്സ്ലാം ടൂർണമെൻറിൽ പത്ത് കിരീടം നേടുന്ന പുരുഷതാരമെന്ന റെക്കോഡ് നദാലിനൊപ്പം ചേർന്നു. റൊളാങ് ഗാരോയിൽ 81 മത്സരത്തിലിറങ്ങിയ നദാലിെൻറ 79ാം ജയമാണിത്.
സെമിയിൽ ആൻഡി മെറയെ വിറപ്പിച്ച വാവ്റിങ്കയുടെ നിഴൽമാത്രമായിരുന്നു ഫൈനലിൽ. രണ്ടുമണിക്കൂർകൊണ്ട് വാവ്റിങ്കയുടെ കഥ കഴിഞ്ഞു. ആദ്യ സെറ്റ് മുതൽ സ്വിസ് താരത്തിനുമേൽ നദാൽ സർവാധിപത്യം പുലർത്തി. ഒരു ഗെയിം പോലും വിട്ടുകൊടുക്കാതെ സർവിസ് പോയൻറ് നേടിയ നദാൽ നാലാം സെറ്റിൽ സർവിസ് ബ്രേക്ക് ചെയ്ത് 4-2ന് മുന്നിെലത്തി. ഇതിെൻറ തുടർച്ചയായിരുന്നു രണ്ടാം സെറ്റ്. ഒരു ഘട്ടത്തിൽ 3-0 എന്ന നിലയിലായിരുന്ന നദാൽ 6-3ന് ആധിപത്യവും സെറ്റും ഉറപ്പിച്ചു. ആത്മവിശ്വാസം നഷ്ടപ്പെട്ട് മൂന്നാം സെറ്റിനിറങ്ങിയ വാവ്റിങ്കക്ക് അവസാനനിമിഷങ്ങളിൽ പൊരുതി നോക്കാൻ േപാലുമായില്ല. ഇതോടെ ഗ്രാൻഡ്സ്ലാം നേട്ടങ്ങളുടെ എണ്ണത്തിൽ പീറ്റ് സാംപ്രസിനെ മറികടന്ന് നദാൽ രണ്ടാം സ്ഥാനത്തെത്തി.
വനിത ഡബ്ൾസിൽ അമേരിക്കൻ-ചെക്ക് സഖ്യമായ ബെതാനി സാൻഡ്-ലൂസി സഫറോവ സഖ്യം തുടർച്ചയായി മൂന്നാം കിരീടം ചൂടി.ആസ്ട്രേലിയയുടെ ആഷ്ലി ബാർട്ടി-കാസി ഡെല്ലാക്യൂ സഖ്യത്തെ ഏകപക്ഷീയമായ സെറ്റുകൾക്കാണ് പരാജയപ്പെടുത്തിയത് (സ്കോർ: 6-2, 6-1). പുരുഷ ഡബ്ൾസിൽ ന്യൂസിലൻഡ്-അമേരിക്കൻ ജോടികളായ മൈക്കൽ വീനസും റയാൻ ഹാരിസണും കിരീടം നേടി (സ്കോർ: 7-6, 6-7, 6-3). 1974ന് ശേഷം ആദ്യമായാണ് ഒരു ന്യൂസിലൻഡ് താരം ഗ്രാൻഡ്സ്ലാം സ്വന്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.