ടെന്നിസിന് പുതു രാജ്ഞി
text_fieldsമെൽബൺ: ഒാർമയില്ലേ നവോമി ഒസാകയെ. സ്വന്തം നാട്ടുകാർക്കു മുന്നിൽ 24ാം ഗ്രാൻഡ്സ്ലാം എ ന്ന മോഹവുമായി അഞ്ചുമാസം മുമ്പ് യു.എസ് ഒാപൺ ഫൈനലിന് ഇറങ്ങിയ സെറീന വില്യംസിനെ അട ്ടിമറിച്ച് ഗ്രാൻഡ്സ്ലാം ടെന്നിസിലെ പുത്തൻ താരോദയമായി ഉയർന്ന ജാപ്പനീസ് സുന്ദ രിയെ. ഗാലറിയുടെ നിറഞ്ഞ പിന്തുണയോടെ പോരാടിയ സെറീനയെ തോൽപിച്ചതിന് കണ്ണീർ തുളുമ ്പിയ കണ്ണുകളുമായി ആരാധകരോട് മാപ്പുചോദിച്ച ഒസാകയെ. വെറുമൊരു അട്ടിമറിയെന്ന് വിശേഷിപ്പിച്ചവരുടെ നെഞ്ചിലേക്ക് മറ്റൊരു എയ്സ് കൂടി പായിച്ചാണ് 21കാരി മെൽബൺ പാർക്കിൽ രണ്ടാം ഗ്രാൻഡ്സ്ലാമുയർത്തിയത്. പരിചയസമ്പത്തും രണ്ട് വിംബ്ൾഡൺ കിരീടങ്ങളുടെ അലങ്കാരവുമുള്ള മുൻ ഒന്നാം നമ്പർ താരം പെട്ര ക്വിറ്റോവയെ ഫൈനലിൽ കീഴടക്കിയാണ് തുടർച്ചയായ രണ്ടാം ഗ്രാൻഡ്സ്ലാം നേട്ടം. സ്കോർ: 7-6, 5-7, 6-4.
ഒരു വർഷം മുമ്പ് ഡബ്ല്യു.ടി.എ റാങ്കിങ്ങിൽ 72ാമതായിരുന്ന ഒസാക അഞ്ചുമാസത്തിനിടയിൽ രണ്ട് ഗ്രാൻഡ്സ്ലാം കിരീടവുമായി ടെന്നിസിലെ പുതിയ രാജ്ഞിയായി മാറി. യു.എസ് ഒാപണിലെയും ആസ്ട്രേലിയയിലെയും കിരീടത്തോടെ ഒന്നാം നമ്പറായി മാറിയ ഒസാക ഇൗ പദവിയിലെത്തുന്ന ആദ്യ ഏഷ്യക്കാരിയാണ്. പുരുഷ-വനിത വിഭാഗങ്ങളിൽനിന്നുതന്നെ ആദ്യ ഏഷ്യൻ ഒന്നാം നമ്പർ. 2010നുശേഷം ഡബ്ല്യു.ടി.എ റാങ്കിലെ ഏറ്റവും പ്രായംകുറഞ്ഞ താരവുമായി.
ജപ്പാൻകാരിയാണെങ്കിലും ആഗോള മേൽവിലാസമാണ് ഒസാകക്ക്. അച്ഛൻ ലിയനാർഡ് ഫ്രാൻസിസ് ഹെയ്തിക്കാരൻ. അമ്മ തമാകി ഒസാക ജപ്പാൻകാരിയും. നവോമിയുടെ ജനനം ജപ്പാനിലാണെങ്കിലും വളർന്നതും കളിപഠിച്ചതും അമേരിക്കയിലായിരുന്നു. ടെന്നിസിൽ വില്യംസ് സഹോദരിമാരുടെ ജൈത്രയാത്രകണ്ട് ആരാധകനായി മാറിയ അച്ഛനാണ് നവോമിയുടെയും സഹോദരി മാരിയുടെയും കൈയിൽ ആറാം വയസ്സി ൽ റാക്കറ്റ് നൽകുന്നത്. ജീവിതത്തിലൊരിക്കലും ടെന്നിസ് കളിച്ചിട്ടില്ലെങ്കിലും ലിയനാർഡ് മക്കൾക്കായി കളി പഠിച്ചു. വില്യംസ് സഹോദരിമാരുടെ പിതാവ് റിച്ചാർഡ്സായിരുന്നു മാതൃക. എട്ടാം വയസ്സിൽ കളി കാര്യമായതോടെ പരിശീലനം മികച്ച അക്കാദമികളിലേക്ക് മാറി.
കുഞ്ഞുനാളിൽതന്നെ മക്കൾ ജപ്പാെന പ്രതിനിധാനം ചെയ്യണമെന്നും ഇൗ മാതാപിതാക്കൾ തീരുമാനിച്ചിരുന്നു. ആദ്യം അവഗണിച്ച അമേരിക്കൻ ടെന്നിസ് അസോസിയേഷൻ പിന്നീട് സഹായവാഗ്ദാനം ചെയ്തെങ്കിലും ഒസാക കുടുംബം അത് നിരസിച്ചു. 2016ൽ ആദ്യമായി ഗ്രാൻഡ്സ്ലാം കോർട്ടിലിറങ്ങിയ നവോമി മൂന്നാം വർഷത്തിൽതന്നെ കിരീടമണിഞ്ഞു. അതാവെട്ട, അച്ഛനും മകളും ഏറെ ആരാധിച്ച സെറീനയെ വീഴ്ത്തിതന്നെയായത് കാലംകാത്തുവെച്ച യാദൃച്ഛികത. മെൽബണിൽ നവോമി രണ്ടാം ഗ്രാൻഡ്സ്ലാം അണിയുേമ്പാൾ ജപ്പാനിലും ആഘോഷമായിരുന്നു. ജന്മനാടായ ഒസാകയിൽ വലിയ സ്ക്രീനുകളൊരുക്കി പ്രദർശിപ്പിച്ചു. തിങ്കളാഴ്ചത്തെ പത്രങ്ങളിൽ അവൾ മുഖചിത്രമായി. മാതൃഭാഷ സംസാരിക്കാനാവാത്തവരെ സ്വീകരിക്കാൻ മടിക്കുന്ന ജപ്പാൻകാർക്ക് പക്ഷേ, നവോമി സ്വന്തം പുത്രിയാണ്. അവൾക്കുവേണ്ടി അവർ ആ പോരായ്മയെ മറക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.