നദാൽ പിന്മാറി; യു.എസ് ഒാപണിൽ ദ്യോകോവിച്X ഡെൽപെട്രോ ഫൈനൽ
text_fieldsന്യൂയോർക്: റാഫേൽ നദാലും നൊവാക് ദ്യോകോവിച്ചും തമ്മിലുള്ള ക്ലാസിക് ഫൈനൽ പോരാട്ടം കാണാൻ ആഗ്രഹിച്ച ടെന്നിസ് പ്രേമികൾക്ക് കടുത്ത നിരാശ സമ്മാനിച്ച് പരിക്കിനെത്തുടർന്ന് നിലവിലെ ചാമ്പ്യൻകൂടിയായ റാഫേൽ നദാൽ യു.എസ് ഒാപൺ സെമി ഫൈനൽ മത്സരത്തിനിടെ പിന്മാറി. ഇതോടെ, മൂന്നാം സീഡായ അർജൻറീനയുടെ യുവാൻ മാർട്ടിൻ ഡെൽപോട്രോ ഫൈനലിൽ പ്രവേശിച്ചു. 7-6, 6-2ന് രണ്ട് സെറ്റുകൾ നേടി ഡെൽപോട്രോ മുന്നിട്ടുനിൽക്കേ കാൽമുട്ടിനേറ്റ പരിക്ക് അസഹ്യമായതിനെത്തുടർന്ന് ലോക ഒന്നാം നമ്പർതാരംകൂടിയായ നദാൽ പിൻവാങ്ങുകയായിരുന്നു.
2009ലെ യു.എസ് ഓപണില്‍ റോജര്‍ ഫെഡററെ തോൽപിച്ച് ചാമ്പ്യനായ ശേഷം ഡെല്‍പോട്രോ ഇതാദ്യമായാണ് ഒരു ഗ്രാൻഡ്സ്ലാം ടൂർണമെൻറിെൻറ ഫൈനലിൽ കടക്കുന്നത്. യു.എസ് ഒാപൺ സെമി കളിക്കുന്ന ആദ്യ ജപ്പാൻകാരനായി ചരിത്രമെഴുതിയ കെയ് നിഷികോരിയെ അനായാസം തോൽപിച്ചെത്തിയ സെർബിയയുടെ നൊവാക് ദ്യോകോവിച്ചാണ് കലാശക്കളിയിൽ ഡെൽപോർട്രോയുടെ എതിരാളി.നവോമി ഒസാകയുടെ പാത പിന്തുടർന്ന് ഫൈനൽ കളിക്കാമെന്ന മോഹവുമായെത്തിയ നിഷികോരിയെ 6-3, 6-4, 6-2ന് കെട്ടുകെട്ടിച്ചാണ് സെർബിയൻ താരം എട്ടാം യു.എസ് ഒാപൺ ഫൈനൽ പ്രവേശനം സ്വന്തമാക്കിയത്.
2011ലും 2015ലും ജേതാവായ ദ്യോകോയുടെ 23ാം ഗ്രാൻഡ്സ്ലാം ഫൈനലാണിത്. ദ്യോകോവിച്ചും ഡെൽപോട്രോയും ഇതുവരെ 18 മത്സരങ്ങളിൽ ഏറ്റുമുട്ടിയപ്പോൾ 14 തവണയും ജയം ദ്യോകോവിച്ചിനായിരുന്നു. നാലു തവണ മാത്രമാണ് ഡെൽപോട്രോക്ക് ജയിക്കാനായത്. പരിക്കിനെത്തുടർന്ന് ഇൗ വർഷമാദ്യം മരിൻ സിലിച്ചിനെതിരായ ആസ്ട്രേലിയൻ ഒാപൺ ക്വാർട്ടർ ഫൈനലിലും നദാൽ പിന്മാറിയിരുന്നു. കടുത്ത വേദനയോടെയാണ് കളിച്ചിരുന്നതെന്നും കളി ഏകപക്ഷീയമായി മാറുന്നതുകണ്ടാണ് പിന്മാറിയതെന്നും മത്സരശേഷം നദാല്‍ പറഞ്ഞു.
പുരുഷ ഡബ്ൾസിൽ ഇരട്ട സഹോദരനായ ബോബ് ബ്രയാനില്ലാതെ ജാക്ക് സോക്കിനൊപ്പം കളത്തിലിറങ്ങിയ മൈക്ക് ബ്രയാൻ രണ്ടാം കിരീടം സ്വന്തമാക്കി. നേരത്തേ ഇരുവരും ചേർന്ന് വിംബ്ൾഡണിൽ കിരീടമണിഞ്ഞിരുന്നു. ഫൈനലിൽ 6-3,6-1ന് മെലോ-കുബൂത്ത് സഖ്യത്തെയാണ് അമേരിക്കൻ ജോടി പരാജയപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.