വിംബ്ൾഡണിന് ഇന്ന് തുടക്കം
text_fieldsലണ്ടൻ: പുൽകോർട്ടിലെ ഏക ഗ്രാൻഡ്സ്ലാം ടൂർണമെൻറായ വിംബ്ൾഡണിന് തിങ്കളാഴ്ച തുടക്കം. സെൻറർ കോർട്ടിൽ അഞ്ചാം കിരീടം തേടുന്ന ലോക ഒന്നാം നമ്പർതാരവും നിലവിലെ ജേതാവുമായ സെർബിയയുടെ നൊവാക് ദ്യോകോവിച്ചാണ് പുരുഷ വിഭാഗത്തിൽ ടോപ്സീഡ്. എട്ടു തവണ ചാമ്പ്യനായ സ്വിറ്റ്സർലൻഡിെൻറ റോജർ ഫെഡറർ രണ്ടാം സീഡും രണ്ടു വട്ടം ജേതാവായ സ്പെയിനിെൻറ റാഫേൽ നദാൽ മൂന്നാം സീഡുമാണ്. ദക്ഷിണാഫ്രിക്കയുടെ കെവിൻ ആൻഡേഴ്സണും ഒാസ്ട്രിയയുടെ ഡൊമിനിക് തീമുമാണ് നാലും അഞ്ചും സീഡുകാർ.
വനിതകളിൽ ആസ്ട്രേലിയൻ ഒാപൺ ചാമ്പ്യനും ലോക ഒന്നാം നമ്പർ താരവുമായ ഒാസീസ് താരം ആഷ്ലി ബാർതിയാണ് ടോപ് സീഡ്. ജപ്പാെൻറ നവോമി ഒസാകയും ചെക് റിപ്പബ്ലിക്കിെൻറ കരോലിന പ്ലിസ്കോവയുമാണ് രണ്ടും മൂന്നും സീഡുകാർ. നിലവിലെ ജേത്രിയായ ജർമനിയുടെ ആഞ്ജലിക് കെർബർ ഡച്ച് താരം കികി ബെർടെൻസിന് പിന്നിൽ അഞ്ചാം സീഡാണ്.
കഴിഞ്ഞ തവണ ലോക 21ാം നമ്പർ റാങ്കുമായി എത്തിയാണ് ദ്യോകോവിച് കിരീടം സ്വന്തമാക്കിയത്. പിന്നീട് യു.എസ് ഒപണും ആസ്ട്രേലിയൻ ഒാപണും നേടിയ ദ്യോകോക്ക് ഫ്രഞ്ച് ഒാപൺ സെമിയിൽ തീമിനോടേറ്റ തോൽവിയാണ് തുടർച്ചയായ നാലാം ഗ്രാൻഡ്സ്ലാം കിരീടം നഷ്ടമാക്കിയത്. 16ാം കിരീടമാണ് ദ്യോകോവിച് തേടുന്നത്.
38ാം വയസ്സിൽ 21ാം ഗ്രാൻഡ്സ്ലാം കിരീടം നേടാനായാൽ പ്രായംകൂടിയ വിംബ്ൾഡൺ ജേതാവാകും. അഞ്ച് വിജയങ്ങൾകൂടി നേടിയാൽ ഒരു ഗ്രാൻഡ്സ്ലാം ടൂർണമെൻറിൽ 100 വിജയങ്ങൾ നേടുന്ന ആദ്യ താരവുമാവും. ഫ്രഞ്ച് ഒാപണിൽ 12ാം കിരീടം സ്വന്തമാക്കിയെത്തുന്ന നദാൽ മൂന്നാം വിംബ്ൾഡൺ ട്രോഫിയും 19ാം ഗ്രാൻഡ്സ്ലാം കിരീടവുമാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ സെമിയിൽ ദ്യോകോവിച്ചിനോട് മാരത്തൺ പോരാട്ടത്തിലാണ് നദാൽ മുട്ടുമടക്കിയിരുന്നത്.
കഴിഞ്ഞ 64 ഗ്രാൻഡ്സ്ലാം കിരീടങ്ങളിൽ 53ഉം സ്വന്തമാക്കിയ ഇൗ മൂവർ സംഘത്തിന് വെല്ലുവിളിയുയർത്താൻ കെവിൻ ആൻഡേഴ്സൺ, കെയ് നിഷികോരി, അലക്സാണ്ടർ സ്വെരേവ്, സ്റ്റെഫാനോസ് സിറ്റ്സിപാസ് തുടങ്ങിയവരാണുള്ളത്.
അവസാന സെറ്റിലും ടൈബ്രേക്കർ കൊണ്ടുവന്നതാണ് ഇത്തവണ വിംബ്ൾഡണിലെ പ്രധാന മാറ്റം. അവസാന സെറ്റ് 12-12ന് തുല്യതയിലെത്തിയാലാണ് ടൈബ്രേക്കർ വിധി നിർണയിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.