ഒന്നാം നമ്പറിലെ പ്രായമേറിയ താരമെന്ന റെക്കോഡ് ഫെഡററിന്
text_fieldsറോട്ടർഡാം: 36 വയസ്സ്, 195 ദിവസം. ടെന്നിസിലെ തലമുതിർന്ന ഒന്നാം നമ്പറുകാരനായി റോജർ ഫെഡററുടെ പേരിൽ മറ്റൊരു റെക്കോഡ് കൂടി പിറന്നു.കരിയറിലെ 20ാം ഗ്രാൻഡ്സ്ലാം കിരീടത്തിനു പിന്നാലെ റോട്ടർഡാം ഒാപൺ സെമിയിൽ പ്രവേശിച്ചാണ് റോജർ വീണ്ടുമൊരിക്കൽ എ.ടി.പി റാങ്കിങ്ങിൽ ഒന്നാം നമ്പറിലെത്തിയത്. ‘‘ഏറെ സന്തോഷം, അവിശ്വസനീയം. ഒന്നാം നമ്പറിൽ തിരിച്ചെത്താനാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഇതെെൻറ കരിയറിലെ സുന്ദര നിമിഷമാണ്’’ -ഫെഡറർ പറഞ്ഞു.
2003ൽ 33 വയസ്സും 131 ദിവസവും പ്രായമായിരിക്കെ ലോക ഒന്നാം നമ്പറായ ആന്ദ്രെ അഗാസിയുടെ റെക്കോഡ് മറികടന്നാണ് ഫെഡ് എക്സ്പ്രസ് അപൂർവനേട്ടം തെൻറ പേരിലേക്ക് മാറ്റിയത്. ഇത് നാലാം തവണയാണ് സ്വിസ് താരം ഒന്നാം നമ്പറിെലത്തുന്നത്. 2012 ജൂലൈയിൽ ഒന്നിലെത്തി 48 ആഴ്ചവരെ വാണശേഷം ഒന്നിെൻറ പകിട്ടിൽനിന്നും പടിയിറങ്ങിയശേഷം ആദ്യത്തെ തിരിച്ചുവരവായി ഇത്.
2004 ഫെബ്രുവരി രണ്ടിനായിരുന്നു ഫെഡറർ ഒന്നാം നമ്പറിൽ ആദ്യമെത്തിയത്. 237 ആഴ്ച പദവിയിൽ ഇരിപ്പുറപ്പിച്ച സ്വിസ് താരം അന്ന് ആ റെക്കോഡും സ്വന്തം പേരിലാക്കി. 2008 ആഗസ്റ്റിലായിരുന്നു റെക്കോഡ് യാത്രക്ക് വിരമംകുറിച്ച് ഫെഡറർ ഒന്നിൽനിന്നും പടിയിറങ്ങിയത്. അടുത്തവർഷം ജൂലൈയിൽ വീണ്ടുമെത്തി. ഇത്തവണ 48 ആഴ്ച നീണ്ടു. ശേഷം 2012 ജൂലൈയിലും നാലാമതായി ശനിയാഴ്ചയും. 26 ആഴ്ചയായി ഒന്നാം നമ്പറിൽ തുടർന്ന റാഫേൽ നദാലിനെ പിന്തള്ളിയാണ് ഫെഡറർ കരിയറിൽ നാലാംവട്ടം ഒന്നിലേക്കെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.