ഫെഡറർ വീണു; ഫൈനലിൽ ദ്യോകോ
text_fieldsമെൽബൺ: പ്രായം തളർത്താത്ത പോരാട്ടവീര്യവുമായി കളിയുടെ സമുന്നത വേദികളിൽ വീറോടെ പോരാടുന്ന ഇതിഹാസതാരത്തിന് കലാശപ്പോരിനരികെ വീണ്ടും കാലിടറി. ഇരുപതു ഗ്രാൻഡ്സ്ലാമുകളുടെ കനകത്തിളക്കവുമായി കരിയർ തുടരുന്ന റോജർ ഫെഡറർ ആസ്ട്രേലിയൻ ഓപൺ ടെന്നിസിെൻറ സെമിഫൈനലിൽ തോറ്റുമടങ്ങി. ആധുനിക ടെന്നിസിലെ ഏറ്റവും കടുത്ത എതിരാളിയായ നൊവാക് ദ്യോകോവിച്ചാണ് 38ാം വയസ്സിലും ഗ്രാൻഡ്സ്ലാമിെൻറ വിജയത്തിളക്കം സ്വപ്നം കാണുന്ന ഫെഡററുടെ വഴിയടച്ചത്.
റോഡ് ലേവർ അറീനയിൽ മികച്ച പോരാട്ടമാകുമെന്ന് തോന്നിച്ച തുടക്കത്തിനുശേഷം ഏകപക്ഷീയമായി മാറിയ മത്സരത്തിൽ 7-6 (7/1), 6-4, 6-3നാണ് ദ്യോകോവിച്ച് ജയിച്ചുകയറിയത്. 32കാരനായ നൊവാക്കിന് 17ാം ഗ്രാൻഡ്സ്ലാം കിരീടത്തിനു മുന്നിൽ ഇനി ഒരു മത്സരത്തിെൻറ അകലം മാത്രം. വെള്ളിയാഴ്ച നടക്കുന്ന ഡൊമിനിക് തീം-അലക്സാണ്ടർ സ്വരേവ് സെമിഫൈനലിലെ വിജയിയാണ് ഞായറാഴ്ച നടക്കുന്ന കലാശപ്പോരിൽ ദ്യോേകാവിച്ചിെൻറ എതിരാളി.
ഇരുവർക്കുമിടയിലെ 50ാം മത്സരത്തിൽ ആശിച്ച തുടക്കമായിരുന്നു ഫെഡററുടേത്. 4-1ന് മുന്നിട്ടുനിന്ന ആദ്യസെറ്റ് പക്ഷേ, ടൈബ്രേക്കറിൽ സ്വിസ് താരത്തിന് അടിയറവെക്കേണ്ടിവന്നു. ടൈബ്രേക്കറിൽ ആധിപത്യം കാട്ടി സെറ്റ് േനടിയശേഷം പിന്നീട് സെർബിയക്കാരന് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. കാര്യമായ വെല്ലുവിളി ഉയർത്താതെ ഫെഡറർ എളുപ്പം കീഴടങ്ങി. ആദ്യ സെറ്റിലെ ആറാം ഗെയിമിൽ ഫെഡറർ ബ്രേക്ക് പോയൻറ് നഷ്ടപ്പെടുത്തിയിരുന്നില്ലെങ്കിൽ
മത്സരം േവറൊരു വഴിയിലാകുമായിരുന്നുവെന്ന് കളിക്കുശേഷം ദ്യോേകാവിച്ച് പറഞ്ഞു.
മിക്സഡ് ഡബ്ൾസിെൻറ ക്വാർട്ടർ ഫൈനലിൽ രോഹൻ ബൊപ്പണ്ണയും യുക്രെയ്നിയൻ കൂട്ടുകാരി നാദിയ കിച്നോകും അഞ്ചാം സീഡ് നികോള മെക്റ്റിക്-ബാർബറ ക്രെസികോവ സഖ്യത്തോട് നേരിട്ടുള്ള സെറ്റുകൾക്ക് തോറ്റ് പുറത്തായി. സ്കോർ: 0-6, 2-6.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.