ഫെഡറർ വീണു
text_fieldsലണ്ടൻ: പ്രായം മങ്ങൽവീഴ്ത്തിയ സ്വിസ് പോരാട്ടവീര്യം ഒടുവിൽ ദക്ഷിണാഫ്രിക്കൻ കരുത്തിനുമുന്നിൽ വീണു. വിംബ്ൾഡണിലെ ഏറ്റവും മികച്ച പോരാട്ടങ്ങളിലൊന്നിൽ കെവിൻ ആൻഡേഴ്സണാണ് റോജർ ഫെഡററെ തോൽപിച്ചത്. സ്കോർ 6-2, 7-6, 5-7, 4-6, 11-13. കോർട്ട് ഒന്നിലെ തകർപ്പൻ പോരാട്ടത്തിൽ ജയവും സ്കോറും മാറിമറിഞ്ഞതിനൊടുവിലാണ് തളർച്ച ബാധിച്ച് ഫെഡറർ പരാജയം സമ്മതിച്ചത്. മുമ്പ് പരസ്പരം മുഖാമുഖം കണ്ട നാലുതവണയും അനായാസ ജയം സ്വന്തമാക്കിയ ഫെഡററുടെ രാജകീയ ഭാവം കണ്ടാണ് കളി തുടങ്ങിയത്. രണ്ട് പോയൻറ് മാത്രം വിട്ടുനൽകി ആദ്യ സെറ്റ് പിടിച്ച ഫെഡററെ പിന്നീട് കോർട്ടിൽ തലങ്ങും വിലങ്ങും പായിച്ച് ആൻഡേഴ്സൺ രണ്ടാം സെറ്റിൽ തിരിച്ചുവരവിെൻറ സൂചന നൽകി.
ടൈബ്രേക്കറിലേക്കു നീണ്ട മത്സരം കഷ്ടിച്ചു ജയിച്ച ഫെഡററെ നിലംവാഴാൻ വിടാതെയായിരുന്നു അടുത്ത സെറ്റുകളിൽ ദക്ഷിണാഫ്രിക്കൻ താരത്തിെൻറ പ്രകടനം. പിഴവുകൾ വരാതെ, ഒരിക്കലും പതറാതെ പൊരുതിയ ആൻഡേഴ്സൺ അടുത്ത രണ്ടു സെറ്റും അനായാസം പിടിച്ചു. അഞ്ചാം സെറ്റിലേക്കു നീണ്ട മത്സരം 6-6ന് സമനില പിടിച്ചതോടെയാണ് ടൈബ്രേക്കറിലേക്ക് നീണ്ടത്. സർവിസ് തുടർച്ചയായി പോയൻറാക്കി ഇരുവരും മുന്നോട്ടുപോയ കളിയിൽ ഒടുവിൽ ആൻഡേഴ്സൺ 11-13ന് സെറ്റും ജയിച്ചു. ഒമ്പതാം കിരീടമെന്ന സ്വപ്ന നേട്ടത്തിലേക്ക് കുതിച്ച ഫെഡറർക്ക് ഇതോടെ മടക്കയാത്ര.
നേരത്തെ, മൂന്നുതവണ ചാമ്പ്യനായ നൊവാക് ദ്യോകോവിച് 2015നു ശേഷം ആദ്യമായി വിംബ്ൾഡൺ സെമിയിൽ. 24ാം സീഡായ ജപ്പാൻ താരം കി നിഷികോറിയെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് മറികടന്നാണ് സെർബ് താരം എട്ടാം തവണയും അവസാന നാലിൽ ഇടംപിടിക്കുന്നത്. സ്കോർ: 6-3, 3-6, 6-2, 6-2. തുടർച്ചയായി 12 തവണ ഇരുവരും ഏറ്റുമുട്ടിയിട്ടും പരാജയം മാത്രമെന്ന മോശം റെക്കോഡ് മറികടക്കുകയെന്ന ലക്ഷ്യവുമായാണ് ജപ്പാൻ താരം ദ്യോകോവിച്ചിനെതിരെ വിംബ്ൾഡണിൽ റാക്കറ്റേന്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.