മെസ്സിയെയും റൊണാൾഡോയെയും പിന്തള്ളി ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന കായിക താരമായി ഫെഡറർ
text_fieldsലണ്ടന്‍: ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന കായിക താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍. ലോക ഫുട്ബാളിലെ മിന്നും താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ലയണൽ മെസ്സിയെയും പിന്തള്ളിയാണ് ഫെഡറർ ഫോബ്സ് മാസിക പുറത്തിറക്കിയ പട്ടികയിൽ ഒന്നാമതെത്തിയത്. ഇതോടെ ഫോബ്സ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ ടെന്നീസ് താരമെന്ന നേട്ടം ഫെഡറര്‍ സ്വന്തമാക്കി. കോവിഡ് വ്യാപനം മൂലം ക്രിസ്റ്റ്യാനോയുടെയും മെസ്സിയുടെയും പ്രതിഫലം വെട്ടിച്ചുരുക്കിയതാണ് ഫെഡറർക്ക് അനുഗ്രഹമായത്.
കഴിഞ്ഞ വർഷം 106.3 ദശലക്ഷം ഡോളറാണ് (ഏകദേശം 802 കോടി രൂപ) ഫെഡറര്‍ സമ്പാദിച്ചത്. പരസ്യ വരുമാനമാനത്തിലൂടെയുള്ള 100 ദശലക്ഷം ഡോളറിൻെറ (ഏകദേശം 755 കോടി രൂപ) ബലത്തിലാണ് നാല് സ്ഥാനങ്ങൾ കയറി ഫോബസ് പട്ടികയിൽ ഫെഡറർ ആദ്യമായി ഒന്നാമതെത്തിയത്.
റൊണാള്‍ഡോ (105 ദശലക്ഷം), മെസ്സി (104 ദശലക്ഷം), നെയ്മര്‍ (95 ദശലക്ഷം), അമേരിക്കന്‍ ബാസ്‌ക്കറ്റ്‌ബാള്‍ താരം ലിബ്രോണ്‍ ജെയിംസ് (88.2 ദശലക്ഷം) എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലെത്തിയത്.
Introducing: The World's Highest-Paid Athletes 2020 https://t.co/qXM8hjcpSS pic.twitter.com/ODEfIoleRK
— Forbes (@Forbes) May 29, 2020
ജാപ്പനീസ് ടെന്നിസ് താരം നവോമി ഒസാക്കയാണ് (37.4 ദശലക്ഷം ഡോളർ) ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന വനിത കായിക താരം. അമേരിക്കൻ ടെന്നിസ് ഇതിഹാസം സെറീന വില്യംസിനെയാണ് (36 ദശലക്ഷം ഡോളർ) ഒസാക്ക മറികടന്നത്. 29ാം സ്ഥാനത്തുള്ള ഒസാക്കയും 33ാം സ്ഥാനത്തുള്ള സെറീനയും മാത്രമാണ് പട്ടികയിൽ ഇടം പിടിച്ച വനിത താരങ്ങൾ.
66ാം സ്ഥാനത്തുള്ള വിരാട് കോഹ്ലി മാത്രമാണ് പട്ടികയില്‍ ഇടംനേടിയ ഏക ക്രിക്കറ്റ് താരം. 26 ദശലക്ഷം ഡോളറാണ് (ഏകദേശം 196 കോടി രൂപ) ഇന്ത്യൻ നായകൻെറ വരുമാനം. ഇതില്‍ 24 ദശലക്ഷം ഡോളറും പരസ്യത്തിലൂടെ നേടിയതാണ്. കൂടുതല്‍ പ്രതിഫലം പറ്റുന്ന ആദ്യ 100 കായിക താരങ്ങളില്‍ 35 പേരും ബാസ്‌കറ്റ് ബാള്‍ കളിക്കാരാണ്. അമേരിക്കന്‍ ഫുട്‌ബാളില്‍ നിന്ന് 31 പേരും ഫുട്‌ബോളില്‍ നിന്നും 14 താരങ്ങളും ഇടംപിടിച്ചു. ടെന്നീസ് (ആറ്), ബോക്‌സിങ് (അഞ്ച്), ഗോള്‍ഫ് (നാല്), മോട്ടോര്‍ റെയ്‌സിങ് (മൂന്ന്) എന്നിങ്ങനെയാണ് മറ്റ് കായിക ഇനങ്ങളിലെ താരങ്ങൾ പട്ടികയിൽ ഇടം പിടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.