യു.എസ് ഒാപൺ: ഫെഡററെ അട്ടിമറിച്ച് ജോൺ മിൽമാൻ, ഷറപോവയും പുറത്ത്
text_fieldsന്യൂയോർക്: അഞ്ചു യു.എസ് ഒാപൺ ഉൾപ്പെടെ 20 ഗ്രാൻഡ്സ്ലാമുകളുടെ അവകാശിയായ റോജർ ഫെഡറർക്ക് ആർതർ ആഷെയിലെ ഇഷ്ടഗ്രൗണ്ടിൽ ദയനീയ തോൽവി. യു.എസ് ഒാപൺ പുരുഷ സിംഗ്ൾസ് പ്രീക്വാർട്ടറിൽ ആസ്ട്രേലിയയുടെ 53ാം റാങ്കുകാരൻ ജോൺ മിൽമാനാണ് ടെന്നിസ് ലോകത്തെ ഞെട്ടിച്ച അട്ടിമറിയിൽ ഫെഡററുടെ ‘കിൽമാൻ’ ആയത്. പത്തു വർഷത്തിനുശേഷം ആർതർ ആഷെയിലൊരു കിരീടം സ്വപ്നംകണ്ട ഫെഡറർ, ഏറെ പിന്നിലുള്ള എതിരാളിക്കെതിരെ ആദ്യ സെറ്റ് ജയിച്ചാണ് തുടങ്ങിയത്. എന്നാൽ, ലോക രണ്ടാം നമ്പറുകാരനാണ് മുന്നിലെന്ന പേടിയൊന്നുമില്ലാതെ പോരടിച്ച മിൽമാൻ ഒാരോ ഗെയിമിലും ശക്തിയാർജിച്ചു. ഒടുവിൽ തുടർച്ചയായി മൂന്നു സെറ്റുകൾ ടൈബ്രേക്കർ പരീക്ഷണം കടന്ന് സ്വന്തമാക്കിയപ്പോൾ സ്വിസ് എക്സ്പ്രസിന് ഒാർക്കാനിഷ്ടമില്ലാത്ത മുറിവായി മാറി. സ്കോർ 3-6, 7-5, 7-6 (9-7), 7-6 (7-3). ഇതാദ്യമായാണ് 50 റാങ്കിന് പുറത്തുള്ള എതിരാളിക്കു മുന്നിൽ യു.എസിൽ ഫെഡറർ േതാൽവി വഴങ്ങുന്നത്.
കടുത്ത ചൂടിൽ വിയർത്തുപോയ ഫെഡററുടെ അവശത മുതലെടുത്തായിരുന്നു മിൽമാെൻറ അറ്റാക്ക്. ഫോർഹാൻഡ് ഷോട്ടുകളിലെ മഹാനായ ഫെഡററെ, അതേ ആയുധം ഉപയോഗിച്ചുതന്നെ മിൽമാൻ നേരിട്ടു. കളംനിറഞ്ഞുള്ള കളികൂടിയായതോടെ ഇതിഹാസ താരത്തിെൻറ റാക്കറ്റിൽനിന്ന് പിഴവുകൾ ആവർത്തിച്ചു. 10 ഡബ്ൾ ഫാൾട്ടുകളാണ് സംഭവിച്ചത്. ഒന്നാം സെറ്റ് അനായാസം നേടി, രണ്ടാം സെറ്റിൽ എതിരാളിയുടെ സെറ്റ് പോയൻറുകൾ രണ്ടുതവണ പിടിച്ചെങ്കിലും സ്വന്തമാക്കാനായില്ല.
മൂന്നാം സെറ്റിലും ഇതാവർത്തിച്ചു. 5-4 എന്നനിലയിൽ മിൽമാൻ ലീഡ് സെറ്റ്പോയൻറിനരികെ നിൽക്കെ തിരിച്ചെത്തിയ ഫെഡറർ 6-5, 6-6ന് കളി ടൈബ്രേക്കറിലാക്കി. പക്ഷേ, വേഗമേറിയ ഫോർഹാൻഡും കളംനിറഞ്ഞ് ഒാടിക്കളിക്കാനുള്ള ആവേശവുമായി സെറ്റ് ജയിച്ചു. നാലാം സെറ്റിൽ മിൽമാൻ നേരത്തേ ലീഡ് പിടിച്ചു. വിടാതെ പിന്തുടർന്ന ഫെഡറർ വീണ്ടും ടൈബ്രേക്കറിലെത്തിച്ചെങ്കിലും കളി കൈവിട്ടു. ഇതിനിടെ, ഗാലറിയിൽനിന്ന് അലറിവിളിച്ച ഫെഡറർ ആരാധകരെ നിശ്ശബ്ദരാക്കാൻ അമ്പയർക്കും ഇടപെടേണ്ടിവന്നു. മറ്റൊരു ടോപ് സീഡ് താരമായ നൊവാക് ദ്യോകോവിച് അനായാസ ജയത്തോടെ ക്വാർട്ടറിൽ കടന്നു. പോർചുഗലിെൻറ ജൊവോ സൂസക്കെതിരെ 6-3, 6-4, 6-3 സ്കോറിനായിരുന്നു ജയം. ക്വാർട്ടറിൽ മിൽമാനാണ് ദ്യോകോവിചിെൻറ എതിരാളി. കെയ് നിഷികോറി, മരിൻ സിലിച് എന്നിവരും പുരുഷ സിംഗ്ൾസ് ക്വാർട്ടർ ബർത്തുറപ്പിച്ചു.
ഷറപോവക്ക് മടക്കം
വനിതകളിൽ റഷ്യൻ താരം മരിയ ഷറപോവ പ്രീക്വാർട്ടറിൽ മടങ്ങി. 30ാം സീഡ് സ്പെയിനിെൻറ സുവാരസ് നവാറോ 6-4, 6-3 സ്കോറിനാണ് ഷറപോവയുടെ ഗ്രാൻഡ്സ്ലാം മോഹങ്ങൾക്ക് ബ്രേക്കിട്ടത്. മറ്റു മത്സരങ്ങളിൽ നൊസോമി ഒസാക, മാഡിസൺ കീസ്, ലീസ സുരേങ്കാ എന്നിവരും ക്വാർട്ടറിൽ കടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.