യു.എസ് ഒാപൺ: െഫഡറർക്ക് ദിമിത്രോവ് ഷോക്ക്
text_fieldsന്യൂയോർക്: ദ്യോകോവിചിനു പിന്നാലെ ഫെഡററും യു.എസ് ഒാപൺ ഫൈനൽ കാണാതെ പുറത്ത്. ഞായറാഴ്ച റാഫേൽ നദാലുമായി സ്വപ്ന ഫൈനൽ പ്രവചിക്കപ്പെട്ട താരം ലോക റാങ്കിങ്ങിൽ 78ാമനായ സീഡില്ലാ താരം ഗ്രിഗോർ ദിമിത്രോവിനോടാണ് അഞ്ചു സെറ്റ് പോരാട്ടത്തിൽ കീഴടങ്ങിയത്. സ്കോർ- 3-6, 6-4, 3-6, 6-4, 6-2.
തുടക്കത്തിൽ ഉജ്വലമായി പൊരുതുകയും ഒന്നും മൂന്നും സെറ്റുകൾ പിടിച്ചെടുക്കുകയും ചെയ്തിട്ടും അവസാന രണ്ടും കൈവിട്ടാണ് താരതമ്യേന ദുർബലനായ എതിരാളിക്കു മുന്നിൽ കരിയറിലെ ആദ്യ തോൽവി വഴങ്ങിയത്. നാലാം സെറ്റിൽ പുറംവേദന വന്ന് മെഡിക്കൽ ഇടവേള എടുത്തെങ്കിലും അഞ്ചാം സെറ്റിൽ വേഗവും താളവും നഷ്ടപ്പെട്ട് സെറ്റും കളിയും ദിമിത്രോവിന് തളികയിലെന്ന പോെല നൽകുകയായിരുന്നു. വേദന വന്നിട്ടും കളിക്കാൻ സാധിച്ചിരുന്നുവെന്നും ജയിക്കാനാവാത്തത് നിർഭാഗ്യമായെന്നും പിന്നീട് ഫെഡറർ പറഞ്ഞു.
നന്നായി തുടങ്ങിയ ഫെഡറർ ഉടനീളം വലിയ പിഴവുകൾ വരുത്തിയാണ് തോൽവി ചോദിച്ചുവാങ്ങിയത്. 61 മനഃപൂർവമല്ലാത്ത പിഴവുകളാണ് ക്വാർട്ടർ പോരാട്ടത്തിൽ ലോക മൂന്നാം നമ്പറുകാരെൻറ റാക്കറ്റിൽനിന്ന് പിറന്നത്. തളർച്ച തോന്നിയതോടെ ബേസ്ലൈൻ റാലികളിലൂടെ നിരന്തരം പൂട്ടി ദിമിത്രോവ് ഫെഡററെ കൂടുതൽ ക്ഷീണിപ്പിക്കുകയും ചെയ്തു.
കരിയറിൽ മുമ്പ് ഏഴു തവണ മുഖാമുഖം നിന്നപ്പോഴൊക്കെയും ഫെഡറർക്കായിരുന്നു ജയം. ആ ചരിത്രമാണ് ദിമിത്രോവ് കഴിഞ്ഞ ദിവസം തിരുത്തിയത്. സ്റ്റാൻ വാവ്റിങ്കയെ തോൽപിച്ച് അവസാന നാലിൽ ഇടംപിടിച്ച ഡാനിൽ മെദ്വദേവ് ആണ് സെമിയിൽ ദിമിത്രോവിെൻറ എതിരാളി. ആരു ജയിച്ചാലും ഒരു ഗ്രാൻറ്സ്ലാം ഫൈനൽ ഇരുവർക്കും ആദ്യത്തെയാകും.
അനായാസം സെറീന
വനിതകളുടെ വിഭാഗത്തിൽ യു.എസ് ഒാപണിലെ 100ാം വിജയമെന്ന പുതിയ നേട്ടവുമായി ഇതിഹാസ താരം സെറീന വില്യംസ് സെമിയിൽ. 44 മിനിറ്റ് മാത്രം നീണ്ട ഏകപക്ഷീയ പോരാട്ടത്തിൽ ചൈനയുടെ വാങ് കിയാങ്ങിനെയാണ് യു.എസ് താരം തുരത്തിയത്. സ്കോർ 6-1, 6-0. ഇടവേള കഴിഞ്ഞ് 2018ൽ വീണ്ടും ടെന്നീസ് കോർട്ടിലെത്തിയ സെറീനക്ക് പതിവുപോലെ ബുധനാഴ്ചയും മത്സരം കടുത്തതായിരുന്നില്ല.
ഇതേ വേദിയിൽ 20 വർഷം മുമ്പ് ആദ്യമായി കിരീടം ചൂടിയ സെറീനക്ക് രണ്ട് കടമ്പകൾ കൂടി പിന്നിട്ട് വീണ്ടും വിജയം പിടിക്കാനായാൽ ഏഴാം കിരീട നേട്ടമെന്ന ചരിത്രവും അവർക്കൊപ്പമാകും. 23 ഗ്രാൻറ്സ്ലാം കിരീടങ്ങൾ സ്വന്തമായുള്ള താരത്തിന് മാർഗരറ്റ് കോർട്ടിെൻറ പേരിലുള്ള 24 ഗ്രാൻറ്സ്ലാം റെക്കോഡും അരികെ.
സെമിയിൽ എലിന സ്വിറ്റോലിനയാണ് സെറീനയുടെ എതിരാളി. വീനസ് വില്യംസ്, ജൊഹാന കോണ്ട തുടങ്ങിയ മുൻനിര താരങ്ങളെ ഒരു സെറ്റുപോലും വഴങ്ങാതെയാണ് സ്വിറ്റോലിന അവസാന നാലിൽ ഇടംപിടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.