സർക്കാറിനോടും കായിക മന്ത്രിയോടും ടോം ചോദിക്കുന്നു, നിങ്ങളെന്താണിങ്ങനെ?
text_fieldsകോഴിക്കോട്: ദേശീയ വോളിബാൾ ചാമ്പ്യൻഷിപ് സംഘാടനത്തിലെ അഴിമതി ആരോപണത്തിനു പിന്നാലെ സംസ്ഥാന അസോസിയേഷനെതിരെ നടപടി ആവശ്യപ്പെട്ട് മുൻ രാജ്യാന്തര താരവും അർജുന അവാർഡ് ജേതാവുമായ ടോം ജോസഫ് രംഗത്ത്.
കഴിഞ്ഞ ദിവസം കോഴിക്കോട് ചേർന്ന സംഘാടക സമിതി യോഗം കണക്ക് അവതരണം സംബന്ധിച്ച് ബഹളത്തിൽ പിരിഞ്ഞതിനു പിന്നാലെയാണ് ടോമിെൻറ ഫേസ്ബുക്ക് പോസ്റ്റ്. അഴിമതിയും കെടുകാര്യസ്ഥതയും ശീലമാക്കിയ ഭാരവാഹികൾക്കെതിരെ കായിക വകുപ്പും സ്പോർട്സ് കൗൺസിലും നടപടി സ്വീകരിക്കാത്തതിനെ വിമർശിച്ചുകൊണ്ടാണ് പോസ്റ്റ്.
‘ഏതാനും വർഷങ്ങളായി വോളി അസോസിയേഷനിലുള്ളത് അഴിമതിയും കീശവീർപ്പിക്കലും മാത്രമാണ്. നിങ്ങൾ കണ്ടില്ലേ കോഴിക്കോട്ട് നടന്ന ദേശീയ വോളി ചാമ്പ്യൻഷിപ്പിെൻറ കണക്കവതരണം. അഴിമതി റിപ്പോർട്ടുകൾ. ആർക്കുവേണ്ടിയായിരുന്നു അത്? എന്നിട്ടും എന്തേ നടപടി എടുക്കേണ്ടവർ മുഖംതിരിക്കുന്നത്. അഴിമതിക്കാരെ സംരക്ഷിക്കാനാണെങ്കിൽ, താരങ്ങളെ ചൂഷണം ചെയ്യുന്നവരെ പിന്തുണക്കാനാണെങ്കിൽ, കീശ വീർപ്പിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനാണെങ്കിൽ, എന്തിനാണ് സാർ നമുക്കിങ്ങനെയൊരു വകുപ്പ്? എന്തിനാണ് സാർ നമുക്കിങ്ങനെയൊരു സ്പോർട്സ് കൗൺസിൽ? എന്തിനാണ് സാർ കായികതാരങ്ങളെ, വോളി കളിക്കാരെ, കായിക കേരളത്തെ തന്നെ ഇങ്ങനെ പറ്റിക്കുന്നത്’’ -ടോം ഫേസ്ബുക്ക് പേജിൽ ചോദിക്കുന്നു.
അസോസിയേഷൻ ഭാരവാഹികൾക്ക് അനഭിമതനായ ടോമിനെ കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ചാമ്പ്യൻഷിപ്പിൽനിന്ന് അവഗണിച്ചത് ഏറെ വിവാദമായിരുന്നു. മുൻ താരങ്ങളെ ആദരിച്ചപ്പോഴും കേരളം സമ്മാനിച്ച മികച്ച താരത്തെ സംഘാടകർ അവഗണിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.