വോളി അസോസിയേഷനെതിരെ സ്പോർട്സ് കൗൺസിൽ നടപടിക്ക്
text_fieldsകോഴിക്കോട്: മാറിനിന്ന് ഒരു വർഷത്തിനു ശേഷം കേരള വോളിബാൾ അസോസിയേഷൻ സംസ്ഥാന ഭാരവാഹി സ്ഥാനത്തേക്ക് സ്വയം അവരോധിതരായ നാലകത്ത് ബഷീറിനും ചാർലി ജേക്കബിനുമെതിരെ സർക്കാറും സ്പോർട്സ് കൗൺസിലും രംഗത്ത്. തെരഞ്ഞെടുപ്പിലും മറ്റുമുള്ള ക്രമക്കേടുകളെ തുടർന്നാണ് അസോസിയേഷെൻറ അംഗീകാരം റദ്ദാക്കിയത്. അഫിലിയേഷൻ റദ്ദായിട്ടും കായികതാരങ്ങളുടെ ഭാവി ഒാർത്ത് സ്പോർട്സ് കൗൺസിൽ ചെയ്ത ചില ‘അഡ്ജസ്റ്റ്മെൻറുകൾ’ ആണ് വോളി അസോസിയേഷൻ തട്ടിത്തെറിപ്പിച്ചത്.
എറണാകുളത്ത് ബൈലോ ഭേദഗതി ചെയ്യാൻ വിളിച്ചുചേർത്ത പ്രത്യേക ജനറൽ ബോഡി യോഗത്തിലായിരുന്നു നിലവിലെ സെക്രട്ടറി ഇൻ ചാർജിനെയും പ്രസിഡൻറ് ഇൻ ചാർജിനെയും നീക്കി പഴയ ഭാരവാഹികളെ കുടിയിരുത്തിയത്. ഇത്തരം ധിക്കാരപരമായ നടപടികൾ ഒരിക്കലും അനുവദിക്കാനാവില്ലെന്ന് സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ടി.പി ദാസൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
തീരുമാനത്തിന് നിയമപരമായ ഒരു പിൻബലവുമില്ല. ഇൗ മാസം 28ന് സ്പോർട്സ് കൗൺസിൽ അഡ്മിനിസ്ട്രേറ്റിവ് ബോർഡ് യോഗം ചേർന്ന് ഇക്കാര്യത്തിൽ ആലോചിച്ച് തീരുമാനമെടുക്കും -പ്രസിഡൻറ് വ്യക്തമാക്കി. അഫിലിയേഷൻ സസ്പെൻഡ് ചെയ്തിട്ടും ഒരു വർഷം അവർക്ക് അവസരം കൊടുത്തു. കൗൺസിൽ ആക്ടിന് വിരുദ്ധമായ അസോസിയേഷെൻറ ൈബെലോ അംഗീകരിക്കാനാവില്ല. എല്ലാ അധികാരങ്ങളുമുള്ള സ്റ്റിയറിങ് കമ്മിറ്റിയെയും ചെയർമാനെയുമൊക്കെ നിയമിക്കുന്നതും അംഗീകരിക്കാനാവില്ല.
ഏത് വെള്ളരിക്കപട്ടണത്തിലാണ് ഇതൊക്കെ നടക്കുക. ഇവരെ ശക്തമായി നേരിടും. ദേശീയ വോളിബാൾ ചാമ്പ്യൻഷിപ്പിൽ കണക്കുകൾ ഹാജരാക്കുന്ന കാര്യത്തിലും കൗൺസിൽ ഇടപെടും. കളിക്കാരെ ആലോചിച്ചാണ് ഒരു വർഷം മിണ്ടാതിരുന്നത്. അഫിലിയേഷനില്ലാഞ്ഞിട്ടും കഴിഞ്ഞവർഷം ചാമ്പ്യൻഷിപ്പുകൾക്ക് അംഗീകാരം നൽകുകയായിരുന്നു. ആ വിചാരം ഭാരവാഹികൾക്കില്ലായിരുന്നെന്നും സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കൂട്ടിച്ചേർത്തു. അതേസമയം, ഒരു വർഷത്തെ ലീവ് കഴിഞ്ഞപ്പോൾ ജനറൽബോഡി യോഗത്തിെൻറ ആവശ്യപ്രകാരമാണ് താനും ചാർലി ജേക്കബും ഭാരവാഹികളായി തിരിച്ചുവന്നതെന്ന് നാലകത്ത് ബഷീർ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.