ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് കേരള ബ്ലാസ്റ്റേഴ്‌സിലേക്കൊരു ലോങ് പാസ്; അഭിമാനമായി അപ്പു
text_fieldsതൃശൂർ: ചില്‍ഡ്രന്‍സ് ഹോമിന്‍റെ അതിരുകള്‍ ഭേദിച്ച് അപ്പുവിന്‍റെ ലോങ് പാസ് കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ഹോം ഗ്രൗണ്ടിലേക്ക്. കുഞ്ഞുനാളിലേ തുടങ്ങിയ ജീവിത പ്രതിസന്ധികളെയെല്ലാം അനായാസം വെട്ടിയൊഴിഞ്ഞ് വിജയ ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ് ചില്‍ഡ്രന്‍സ് ഹോം അന്തേവാസിയായ പ്ലസ് വണ്‍ വിദ്യാര്‍ഥി അപ്പു.
പത്താം വയസ്സില്‍ രാമവര്‍മപുരത്തെ ചില്‍ഡ്രന്‍സ് ഹോമിലെത്തിയ അപ്പു, കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ റിസര്‍വ് ടീമിന്‍റെ ഭാഗമായത് അഭിമാന നേട്ടമായി. നാടിന്‍റെ ആവേശമായി മാറിയ അപ്പുവിനെ ജില്ല കലക്ടര്‍ ഹരിത വി. കുമാര്‍ അഭിനന്ദിച്ചു.
വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ചില്‍ഡ്രന്‍സ് ഹോമിലെ ജീവിതമാണ് അപ്പുവിലെ കളിക്കാരനെ വളര്‍ത്തിയത്. എഫ്.സി കേരളയുടെ ഭാഗമായായിട്ടായിരുന്നു പ്രഫഷനല്‍ ഫുട്‌ബാളിലെ തുടക്കം. തുടര്‍ന്ന് സെന്‍റ് അലോഷ്യസ് ഹൈസ്‌കൂള്‍ ഫുട്‌ബാള്‍ ടീമിനൊപ്പം ചേര്‍ന്നു.
തിരുവനന്തപുരം ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ നടന്ന ഫുട്‌ബാള്‍ ഫൈനല്‍ സെലക്ഷന്‍ ക്യാമ്പാണ് അപ്പുവിലെ കളിക്കാരനെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കുന്നത്. ഇവിടെവെച്ച് അപ്പുവിന്‍റെ കളിമികവ് കാണാനിടയായ ബ്ലാസ്റ്റേഴ്‌സ് ടീം പരിശീലകന്‍ ഇവാന്‍ വുക്കോ മനോവിക് ആണ് ഈ കുരുന്നു പ്രതിഭയെ തിരിച്ചറിഞ്ഞത്. ഈ കണ്ടെത്തല്‍ അപ്പുവിന് ബ്ലാസ്റ്റേഴ്‌സ് റിസര്‍വ് ടീമിലേക്കുള്ള വാതില്‍ തുറക്കുകയായിരുന്നു.
സന്തോഷ് ട്രോഫി റിസർവ് ഗോളിയായിരുന്ന കിരണ്‍ ജി. കൃഷ്ണന്‍റെ നേതൃത്വത്തിലാണ് അപ്പുവിന്‍റെ പരിശീലനം. നേരത്തെ ആലപ്പുഴ ശിശുഭവനില്‍ നിന്നാണ് അപ്പു രാമവര്‍മപുരം ശിശുഭവന്‍റെ തണലിലെത്തിയത്. നിലവിൽ വില്ലടം ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വണ്‍ ഹ്യുമാനിറ്റീസ് വിദ്യാർഥിയാണ് അപ്പു.
എല്ലാ പരിമിതികളെയും വകഞ്ഞുമാറ്റി ഉയരങ്ങള്‍ കീഴടക്കിയ അപ്പുവിനെ ജില്ല കലക്ടര്‍ ഹരിത വി. കുമാര്‍ അനുമോദിച്ചു. അപ്പുവിന്‍റെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ കലക്ടര്‍, ഫുട്‌ബാളിലെ ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയട്ടെയെന്ന് ആശംസിച്ചു.
ഫുട്‌ബാളും മൊമൊന്‍റെയും കലക്ടര്‍ അപ്പുവിന് സമ്മാനിച്ചു. കലക്ടറേറ്റ് ചേമ്പറില്‍ നടന്ന അനുമോദന ചടങ്ങില്‍ ജില്ല വനിതാ ശിശു വികസന ഓഫിസര്‍ പി. മീര, ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് നിഷ മോള്‍, വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫിസര്‍ എസ്. ലേഖ, ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ് ഓഫിസര്‍ പി.ജി. മഞ്ജു, സി.ഡബ്ല്യു.സി ചെയര്‍മാന്‍ ഡോ. കെ.ജി. വിശ്വനാഥന്‍, പരിശീലകന്‍ കിരണ്‍ കൃഷ്ണന്‍ തുടങ്ങിയിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.